
ഓച്ചിറ: സന്തോഷ കണ്ണീരിനെ പാട്ടുകൊണ്ട് യാത്രാമംഗളം നേര്ന്ന് ഒപ്പിയെടുത്ത് അച്ഛന്. തഴവ സ്വദേശി സുരേന്ദ്രനാണ് വിവാഹ ശേഷം നിറകണ്ണുകളുമായി യാത്ര പറയാനെത്തിയ മകളെ പാട്ടുപാടി ആശ്വസിപ്പിച്ച് ഭര്ത്താവിന്റെ വീട്ടിലേക്ക് യാത്രയാക്കിയത്. സുരേന്ദ്രന്റെ പാട്ട് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ്.
തഴവ തെക്കുംമുറി മേക്ക് സൂര്യയില് സുരേന്ദ്രന്റെ മകള് രശ്മിയുടെ വിവാഹദിനത്തിലായിരുന്നു കണ്ണുനീര് സംഗീതത്തിലലിഞ്ഞ ഈ അപൂര്വ്വ നിമിഷം. തെക്കുംമുറി മേക്ക് കുന്നേല് മധുവിന്റെയും സുജാതയുടെയും മകന് മിഥുനാണ് രശ്മിയെ വിവാഹം കഴിച്ചത്. കുതിരപ്പന്തിയിലെ കണ്വെന്ഷന് സെന്ററായിരുന്നു വേദി.
വിവാഹം കഴിഞ്ഞ് ഭര്ത്താവിന്റെ വീട്ടിലേയ്ക്ക് യാത്രപറയാനിറങ്ങിയപ്പോഴാണ് മകള് കരഞ്ഞതും സുരേന്ദ്രന് ചേര്ത്തു നിറത്തി അങ്ങാടി സിനിമയിലെ ഗാനം ആലപിച്ചതും. പാവാട വേണം മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക് എന്ന ഗാനം അച്ഛന് ആലപിച്ചതോടെ രശ്മിയുടെ വിതുമ്പിയ ചുണ്ടുകള് ചിരിക്ക് വഴിതുറന്നു. പിന്നെയത് ചിരിയാണ്. ചിരിക്കൊപ്പം വരന് കൂടി ചേര്ന്നതോടെ പിന്നീടത് കൂട്ടച്ചിരിയായി.
മകളെ പിരിഞ്ഞു നിന്നിട്ടില്ലാത്ത സുരേന്ദ്രന് കരച്ചിലിന്റെ നിമിഷത്തില് രശ്മിയെ ആശ്വസിപ്പിക്കാനാണ് പാട്ടുപാടിയതെന്ന് പിന്നീട് പ്രതികരിച്ചു. ഗായകനും സാമൂഹിക പ്രവര്ത്തകനുമാണ് സുരേന്ദ്രന്.