
കോഴിക്കോട്: വ്യാജ തിരിച്ചറിയൽ രേഖ ഹാജരാക്കിയിട്ടും യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പൊലീസിന് ഒന്നും ചെയ്യാനായിട്ടില്ലെന്ന് കുറ്റപ്പെടുത്തി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കുറ്റം നടന്നതായി കോൺഗ്രസ് നേതാക്കൾ സമ്മതിക്കുന്നുണ്ട്. പൊലീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. കേസിൽ ഒത്തുതീർപ്പ് ഉണ്ടായെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേസിൽ ശക്തമായ അന്വേഷണവും നടപടിയും വേണം. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പ്രതിഭാഗവുമായി പൊലീസ് ഒത്തുകളിക്കുകയാണ്. കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്നും കേസ് കൃത്യമായി അന്വേഷിക്കാൻ കഴിയില്ലെങ്കിൽ സർക്കാർ കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാൻ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
എന്നാൽ അന്വേഷണത്തോട് സഹകരിക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. ഒന്നും ഒളിക്കാനും മറയ്ക്കാനും ഇല്ലെന്നും ശനിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു. രാഹുലിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് പൊലീസ് നോട്ടീസ് അയച്ചിരുന്നു. ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മ്യൂസിയം പൊലീസാണ് നോട്ടീസ് അയച്ചത്. നോട്ടീസ് കിട്ടിയെന്ന് രാഹുൽ മാങ്കൂട്ടത്തിലും സ്ഥിരീകരിച്ചിട്ടുണ്ട്.
ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അന്വേഷണത്തിന് ഒരു തടസവും സൃഷ്ടിക്കില്ലെന്നും എന്നാൽ തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. യൂത്ത് കോൺഗ്രസിന് പുതിയ ടീം വരുന്നതിനെ ചിലർ ഭയപ്പെടുന്നു. അന്വേഷണസംഘം രൂപീകരിക്കുന്നതിന് മുൻപ് ഫ്രെയിം ചെയ്യേണ്ടവരെ ലിസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
'ഒന്നും ഒളിക്കാനും മറയ്ക്കാനും ഇല്ല, അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും': രാഹുൽ മാങ്കൂട്ടത്തിൽഅതേസമയം രാജ്യദ്രോഹ ക്രിമിനൽ കുറ്റമാണ് നടത്തിയതെന്ന് സംഭവത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പ്രതികരിച്ചു. വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയതിൽ താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല. കേന്ദ്ര ഏജൻസികൾ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയും കോൺഗ്രസും തമ്മിൽ കേരളത്തിൽ നിലനിൽക്കുന്ന ഐക്യത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ മൗനം പാലിക്കുന്നത്. സംസ്ഥാനത്ത് ഗൗരവത്തോടെ അന്വേഷണം നടക്കുന്നത് സ്വാഗതം ചെയ്യുന്നു. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും വരുന്നില്ല. കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം പ്രതികരിക്കുന്നില്ലെന്നും എ എ റഹീം കുറ്റപ്പെടുത്തി.