
കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ(സിയാല്‍) ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നിയമിതനായി സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ്. മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ശ്രദ്ധേയമാണ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നെടുമ്പാശേരിയില്‍ എയര്‍പോര്‍ട്ട് സാക്ഷാത്കരിക്കാനുള്ള പ്രാരംഭ ഘട്ടത്തില്‍ തന്നെ മുന്‍നിരയിലുണ്ടായിരുന്ന സിന്തൈറ്റ് ഇന്‍ഡ്ട്രീസ് സ്ഥാപകന്‍ സി വി ജേക്കബ്ബിന്റെ മകനാണ് വിജു ജേക്കബ്. ആദ്യ ഘട്ടത്തില്‍ 25 ലക്ഷം രൂപയുടെ ഷെയര്‍ സി വി ജേക്കബ് വാങ്ങിയിരുന്നു. വിജു ജേക്കബിന്റെ അനുഭവ സമ്പത്തും നൂതനമായ കാഴ്ചപ്പാടുകളും സിയാലിന് മുതല്‍ക്കൂട്ടാവും.
നിലവില്‍ ഒരു ദിവസം ഏകദേശം 50000ത്തിലധികം യാത്രക്കാരാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്നത്. 200 കോടി രൂപ മുതല്‍ മുടക്കില്‍ നടപ്പാക്കുന്ന സിയാല്‍ 2.0 എന്ന ബൃഹത് പദ്ധതിയിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സമ്പൂര്‍ണ ഡിജിറ്റല്‍വത്ക്കരണമെന്ന ലക്ഷ്യം കൈവരിക്കുകയാണ്. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 45 ശതമാനം ലാഭവിഹിതമാണ് സിയാല്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്.
Content Highlights: Dr Viju Jacob appointed director board member at CIAL