കോട്ടയത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മകന്‍ മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം

ഗുരുതരമായി പൊളളലേറ്റ സെബിന്‍ മരണപ്പെട്ടു. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ക്ലര്‍ക്കായിരുന്നു മുപ്പതുവയസുകാരനായ സെബിന്‍.

dot image

കോട്ടയം: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മകനെ നഷ്ടമായ അമ്മയ്ക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം. കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ചത്. പാലാ രാമപുരം സ്വദേശി കുസുമം എബി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. നടപടിക്രമങ്ങളുടെ ചെലവായി പതിനായിരം രൂപയും നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഒന്നാം എതിര്‍കക്ഷിയായും ഭാരത് പെട്രോളിയം കമ്പനിയുടെ തിരുവനന്തപുരത്തെ ടെറിട്ടറി മാനേജര്‍ രണ്ടാം എതിര്‍കക്ഷിയുമായാണ് കേസ്. തലയോലപ്പറമ്പിലുളള മരിയ ബോട്ടിലിംഗ് പ്ലാന്റാണ് മൂന്നാം എതിര്‍കക്ഷി.

2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാചക വാതക സിലിണ്ടര്‍ റെഗുലേറ്ററില്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കവെ ഗ്യാസ് ചോരുകയായിരുന്നു. ഉടന്‍ തന്നെ കുസുമം മകനായ സെബിന്‍ എബ്രഹാമിനെ വിളിച്ച് ഗ്യാസ് ചോര്‍ച്ച നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. ഇരുവര്‍ക്കും ദേഹമാസകലം പൊളളലേല്‍ക്കുകയും ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പൊളളലേറ്റ സെബിന്‍ മരണപ്പെട്ടു. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ക്ലര്‍ക്കായിരുന്നു മുപ്പതുവയസുകാരനായ സെബിന്‍. കുസുമത്തിന് 50 ശതമാനം പൊളളലേറ്റിരുന്നു.

തങ്ങള്‍ക്ക് എതിര്‍കക്ഷികളില്‍ നിന്നുണ്ടായ ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ഫോറന്‍സിക് വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ ഗ്യാസ് സിലിണ്ടറിന്റെ തകരാര്‍ മൂലമാണ് ഗ്യാസ് ചോര്‍ന്നതെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. തീപ്പിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. സെല്‍ഫ് ക്ലോസിംഗ് വാല്‍വിലെ റിങ് നഷ്ടമായതായും വലിയ തോതില്‍ വാല്‍വ് ചോര്‍ച്ച സംഭവിച്ചതായും രാമപുരം പൊലീസ് കണ്ടെത്തിയിരുന്നു.

എല്‍പിജി സിലിണ്ടര്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാലും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലുമാണ് അപകടമുണ്ടായത് എന്ന എതിര്‍കക്ഷികളുടെ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. എതിര്‍കക്ഷികളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് തീപ്പിടുത്തത്തിന് കാരണമായതെന്നും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് എതിര്‍കക്ഷികളുടെ ഉത്തരവാദിത്തമാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. പരാതിക്കാരിക്ക് 53 ശതമാനം സ്ഥിരമായ വൈകല്യമുണ്ടായെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടുണ്ട്. പരാതിക്കാരിയുടെ മുഖത്തും പൊളളലേറ്റു.

16 ശതമാനം പ്ലാസ്റ്റിക് സര്‍ജറി വൈകല്യം മുഖത്തെ രൂപഭേദത്തിന്റെ വ്യാപ്തി തെളിയിക്കുന്നതാണെന്നും അത് മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എതിര്‍കക്ഷികളുടെ അശ്രദ്ധയും ജാഗ്രതക്കുറവും മൂലമാണ് പരാതിക്കാരിക്ക് ഗുരുതരമായി പൊളളലേറ്റതെന്നും കുടുംബത്തിന്റെ ഏക ആശ്രയമായ മകന്‍ മരണപ്പെട്ടതെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ വിധി.

Content Highlights: Mother gets 12 lakh compensation for son death in gas cylinder explosion accident kottayam

dot image
To advertise here,contact us
dot image