സംസ്ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴ കനക്കാൻ കാരണം

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിർദേശം നൽകി. മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ ഖനന പ്രവർത്തനങ്ങൾക്കും മലയോര തീരദേശ യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴ കനക്കാൻ കാരണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

കനത്ത മഴയില് തെക്കന് കേരളത്തില് വ്യാപക നാശനഷ്ടമാണുണ്ടായത്. പത്തനംതിട്ടയില് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ചെറുതോടുകളും ഓടകളും കവിഞ്ഞ് പലയിടത്തും റോഡിലേക്ക് വെള്ളം കയറുകയും ചെയ്തു. പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. തിരുവനന്തപുരത്ത് പെയ്ത ശക്തമായ മഴയിൽ മുറിഞ്ഞപാലം കോസ്മോ ആശുപത്രിക്ക് സമീപം തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളില് വെള്ളം കയറി. പൊന്മുടി, കല്ലാര്, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള് അടച്ചു. ഗൗരീശപട്ടം പാലം പൂര്ണമായും മുങ്ങി.

പത്തനംതിട്ട ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. ദേവസ്വം സെക്രട്ടറി, പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരോട് കാര്യങ്ങൾ വിലയിരുത്താൻ മന്ത്രി നിർദേശിച്ചു.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  • അതിതീവ്രമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കണം.

  • അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

  • സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ അരങ്ങി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

  • ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ https://sdma.kerala.gov.in/.../2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി/ഫോട്ടോയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

  • അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടുകൊണ്ടുള്ള തയാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.

  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

  • റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2023 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf?fbclid=IwAR1LvB3rdwWODSEMMi6a39PLeGqsJWzlbJmaGfBUDMH6kQNzjZtN4LJUbw ഈ ലിങ്കിൽ ലഭ്യമാണ്.

  • കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.

dot image
To advertise here,contact us
dot image