
തൃശ്ശൂർ: തൃശ്ശൂർ വിവേകോദയം സ്കൂളിൽ വെടിവെപ്പ് നടത്തിയ ജഗൻ എയർഗൺ വാങ്ങിയത് നഗരത്തിലുള്ള തൃശൂർ ഗൺ ഹൗസിൽ നിന്നാണ്. സെപ്തംബറിലാണ് ഇയാൾ എയർഗൺ സ്വന്തമാക്കുന്നത്.
തൃശൂർ അരിയങ്ങാടിയിലുള്ള തൃശൂർ ഗൺ ഹൗസിൽ നിന്ന് സെപ്റ്റംബർ 28 നാണ് 1500 രൂപ നൽകി ജഗൻ എയർഗൺ വാങ്ങുന്നത്. പിതാവിൽ നിന്ന് പല തവണകളായി വാങ്ങിയ തുക ഉപയോഗിച്ചാണ് തോക്ക് സംഘടിപ്പിക്കുന്നത്. ആധാർ കാര്ഡും അനുബന്ധ രേഖകളും വാങ്ങിയ ശേഷമാണ് എയർഗൺ നൽകിയതെന്ന് കട ഉടമ രഞ്ജിത് പറഞ്ഞു.
ഏറ്റവും കുറഞ്ഞ വിലയിലുള്ള എയർ ഗണാണ് ജഗൻ വാങ്ങിയതെന്ന് ഉടമ പറയുന്നു. ഇയാൾ വാങ്ങിയ ഗൺ ഉപയോഗിച്ച് വെടിവെച്ചാൽ ആളപായം ഉണ്ടാവില്ലെന്നും കടയുടമ വ്യക്തമാക്കുന്നു. എയർ ഗണിന് ലൈസൻസ് ആവശ്യമില്ല. പൊലീസ് എത്തി എയർഗൺ വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയതായും കടയുടമ രഞ്ജിത്ത് പറഞ്ഞു. എയർഗൺ വാങ്ങാൻ എത്തിയ ജഗനിൽ അസ്വാഭാവികത തോന്നിയിരുന്നില്ലെന്നും രഞ്ജിത്ത് പറയുന്നു