
കൊച്ചി: അഖിലേന്ത്യാ ടൂറിസ്റ്റ് പെര്മിറ്റ് ചട്ടം ചോദ്യം ചെയ്ത് കെഎസ്ആര്ടിസി നല്കിയ ഹര്ജിയില് കേന്ദ്ര സര്ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. കേന്ദ്ര ഗതാഗത മന്ത്രാലയം രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ദേശസാത്കൃത റൂട്ടുകളില് കോണ്ട്രാക്ട് വാഹനങ്ങള്ക്ക് അനുമതി നല്കിയ 2023 മെയ് മാസത്തിലെ ചട്ടം ചോദ്യം ചെയ്ത് നല്കിയ ഹര്ജിയിലാണ് നടപടി.
2023ലെ അഖിലേന്ത്യാ ടൂറിസ്റ്റ് വാഹന നിയമം അധികാര പരിധിയിന്മേലുള്ള കടന്നുകയറ്റമാണ് എന്നും ചട്ടങ്ങള് റദ്ദാക്കണമെന്നുമാണ് കെഎസ്ആര്ടിസിയുടെ ആവശ്യം.1988ലെ കേന്ദ്ര മോട്ടോര് വാഹന നിയമത്തിന് അനുസൃതമല്ല കേന്ദ്ര സര്ക്കാര് രൂപീകരിച്ച ചട്ടങ്ങള്. കോണ്ട്രാക്ട് വാഹനങ്ങള്ക്ക് ബസ് സ്റ്റോപ്പുകളില് നിന്ന് യാത്രക്കാരെ കയറ്റാന് അനുമതി നല്കിയത് നിയമ വിരുദ്ധമാണ്. സ്റ്റേജ് കാരേജ് വാഹനങ്ങളുടെ സ്ഥിതി കോണ്ട്രാക്ട് കാരേജുകള്ക്ക് അവകാശപ്പെടാനാവില്ല. അതിനാല് ദേശസാത്കൃത റൂട്ടുകളില് നിന്ന് യാത്രികരെ എടുക്കാന് അനുമതി നല്കിയ പെര്മിറ്റ് ചട്ടം റദ്ദാക്കണമെന്നുമാണ് കെഎസ്ആര്ടിസിയുടെ ആവശ്യം.
റോബിൻ എന്ന സ്വകാര്യ ബസ് ഓള് ഇന്ത്യ പെര്മിറ്റിന്റെ പേരില് സ്റ്റേറ്റ് കാര്യേജായി സര്വീസ് നടത്തിയത് എംവിഡി തടഞ്ഞിരുന്നു. പത്തനംതിട്ടയില് നിന്ന് വാളയാര് കടക്കുന്നതിനിടയില് നാലിടങ്ങളിലായി നടന്ന പരിശോധനയില് 37,500 രൂപ മോട്ടോര് വാഹന വകുപ്പ് പിഴ ചുമത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കെഎസ്ആർടിസി ഹർജി നല്കിയത്. കഴിഞ്ഞ മാസം കോയമ്പത്തൂരിലേക്ക് പുറപ്പെട്ട റോബിൻ ബസ് റാന്നിയിൽ വെച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ്സ് എ ആർ ക്യാമ്പിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള റോബിൻ ബസ് സ്റ്റേജ് കാരേജായി സർവീസ് നടത്തുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെയും റോബിൻ ബസിനെ മോട്ടോർ വാഹനവകുപ്പ് പിടികൂടിയിരുന്നു. സർവീസ് നടത്താനുള്ള ഹൈക്കോടതി ഉത്തരവ് വാങ്ങിയാണ് ബസ് സർവീസ് നടത്തുന്നത്.