
പത്തനംതിട്ട: ബിജെപി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഹമാസ് വിരുദ്ധ സമ്മേളനങ്ങളില്‍ ക്രൈസ്തവ സമുദായത്തെ പരമാവധി പങ്കെടുപ്പിക്കാന്‍ ശ്രമം. കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശനവും ഇക്കാര്യത്തിലുണ്ട്. സഭകളുടെ മേലദ്ധ്യക്ഷന്‍മാരെയുള്‍പ്പെടെ ബിജെപി ക്ഷണിക്കുന്നുണ്ട്.
പത്തനംതിട്ടയിലെ സമ്മേളനം തിരുവല്ലയിലാണ് നടക്കുന്നത്. 24ന് നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖര്‍ ഉള്‍പ്പെടെ ക്രൈസ്തവ സമുദായാംഗങ്ങളെ പങ്കെടുപ്പിക്കാന്‍ താഴെതട്ടില്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ക്രൈസ്തവ സമുദായാംഗങ്ങള്‍ ഏറെയുള്ള പന്തളം നഗരസഭയില്‍ അധികാരത്തില്‍ എത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. നഗരസഭയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ബന്ധം ജില്ല മുഴുവന്‍ വ്യാപിപ്പിക്കണമെന്നാണ് നിര്‍ദേശം.
കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന ഈ റാലികളിലേക്ക് ക്രൈസ്തവ സഭാ പ്രതിനിധികളെയും പങ്കെടുപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. റാലി നടത്തുന്നത് വഴി മണിപ്പൂര്‍ കലാപത്തില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ അവമതിപ്പ് മറികടക്കാമെന്നാണ് ബിജെപി കരുതുന്നത്. സംസ്ഥാനത്ത് മറ്റ് രണ്ട് മുന്നണികളും തീവ്രവാദികള്‍ക്കൊപ്പമാണെന്ന് സ്ഥാപിക്കാനും റാലി നടത്തുന്നത് വഴി കഴിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.