
കണ്ണൂർ: എല്ഡിഎഫ് സര്ക്കാരിന്റെ നവകേരള സദസിന് യുഡിഎഫ് നഗരസഭ ഫണ്ട് അനുവദിച്ച സംഭവത്തിൽ അടിയന്തിര കൗൺസിൽ ചേരാൻ തീരുമാനം. ശ്രീകണ്ഠപുരം നഗരസഭയാണ് നവകേരള സദസിന് ഫണ്ട് അനുവദിച്ചത്.
എന്നാൽ അടിയന്തിര കൗൺസിൽ ചേരുന്നതിന് തങ്ങളുടെ കൗൺസിലർമാർക്ക് നോട്ടീസ് ലഭിച്ചില്ലെന്ന് പ്രതിപക്ഷമായ എൽഡിഎഫ് ആരോപിച്ചു. അറിയിപ്പ് നൽകാതെ അടിയന്തിര കൗൺസിൽ വിളിച്ചത് പ്രതിഷേധാർഹമാണെന്നും എൽഡിഎഫ് പറഞ്ഞു. അതേസമയം നോട്ടീസ് കൈപ്പറ്റാൻ എൽഡിഎഫ് കൗൺസിലർമാർ തയ്യാറായില്ലെന്നാണ് നഗരസഭാ വിശദീകരണം.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ ഇന്ന് നഗരസഭയിലേക്ക് മാർച്ച് നടത്തുന്നുണ്ട്. നഗരസഭയ്ക്ക് മുന്നിൽ യുഡിഎഫ് പ്രവർത്തകർ തമ്പടിച്ച് നിൽക്കുകയാണ്. 50,000 രൂപയാണ് ശ്രീകണ്ഠപുരം നഗരസഭ നവകേരള സദസ്സിനായി അനുവദിച്ച ഫണ്ട്. നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള യുഡിഎഫ് തീരുമാനത്തെ മറികടന്നാണ് നഗരസഭയുടെ തീരുമാനം. കൗണ്സിലിലെ ഒരു യുഡിഎഫ് കൗണ്സിലര് ഒഴികെ ബാക്കി എല്ലാ കൗണ്സിലര്മാരും തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു.
അഡീഷണല് ചീഫ് സെക്രട്ടറിയുടെ നിര്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് നഗരസഭ പ്രതികരിച്ചത്. പഞ്ചായത്തുകള്ക്ക് 50,000 രൂപ വരെയും നഗരസഭകള്ക്ക് ഒരു ലക്ഷം രൂപ വരെയുമാണ് അനുവദിക്കാന് കഴിയുക.
നവകേരള സദസ്സിന്റെ സംഘാടക സമിതികള്ക്ക് ഫണ്ട് നല്കാനുള്ള സര്ക്കാര് ഉത്തരവ് തള്ളിക്കളയാനും ബന്ധപ്പെട്ട തദ്ദേശ സമിതികള് വിളിച്ച് ചേര്ത്ത് സംഭാവനകള് നല്കേണ്ടതില്ലായെന്ന് തീരുമാനിക്കാനും കഴിഞ്ഞ ദിവസം യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്ക്കും നഗരസഭകള്ക്കും നിര്ദേശം നല്കിയിരുന്നു. ഇതിനിടെയാണ് ശ്രീകണ്ഠാപുരം നഗരസഭയുടെ തീരുമാനം വന്നത്.