ആലുവബലാത്സംഗക്കൊല; സർക്കാരിന്റെ ശക്തമായ ഇടപെടലിന് കൂടിയുള്ള അംഗീകാരമാണ് വിധിയെന്ന് എം ബി രാജേഷ്

മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധിയെന്ന് മന്ത്രി പറഞ്ഞു
ആലുവബലാത്സംഗക്കൊല; സർക്കാരിന്റെ ശക്തമായ ഇടപെടലിന് കൂടിയുള്ള അംഗീകാരമാണ് വിധിയെന്ന് എം ബി രാജേഷ്

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയായ കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചതിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും അഭിനന്ദനങ്ങള്‍ മന്ത്രി അറിയിച്ചു. ഈ സംഭവം ഉണ്ടായത് മുതൽ കേസിൽ സർക്കാർ പുലർത്തിയ ജാഗ്രതയുടെ കൂടി വിജയമാണിത്. ഇന്ന് മാതൃകാപരമായ വിധി വരുമ്പോള്‍ സർക്കാരിന്റെ ശക്തമായ ഇടപെടലിന് കൂടിയുള്ള അംഗീകാരമായി ഇത് മാറുന്നുവെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.

കുട്ടിയെ കാണാതായതുമുതൽ അന്വേഷണത്തിലും വിചാരണയിലുമെല്ലാം കേരളാ പൊലീസ് നടത്തിയ ഊർജിതമായ ഇടപെടലുകളാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കുറ്റകൃത്യം നടന്ന് 110 ദിവസം കൊണ്ടാണ് റെക്കോർഡ് വേഗത്തിലുള്ള അന്വേഷണവും വിചാരണയും പൂർത്തിയാക്കി ഇന്ന് ശിശുദിനത്തിൽ ശിക്ഷാവിധി വന്നിരിക്കുന്നത്. സർക്കാരും കേരളീയ സമൂഹവും ഒപ്പം നിന്നെന്ന് കുട്ടിയുടെ മാതാപിതാക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേസിൽ പരമാവധി ശിക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തിന് സർക്കാരിന്റെ ധനസഹായം കൈമാറാൻ വീട്ടിലെത്തിയപ്പോള്‍ താനും മന്ത്രിമാരായ കെ രാധാകൃഷ്ണനും പി രാജീവും ഇക്കാര്യം നേരിട്ട് അവരെ അറിയിച്ചിരുന്നുവെന്ന് മന്ത്രി കുറിച്ചു.

കുഞ്ഞുങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ കർശനമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധി. ശക്തമായ നിയമപരിപാലനം ഉറപ്പാക്കുമ്പോഴും, കുഞ്ഞുങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ സമൂഹം കൂടി ശക്തമായി രംഗത്തിറങ്ങേണ്ടതുണ്ട്. ഇത്തരം കുറ്റവാളികളെ നമുക്ക് ഒറ്റപ്പെടുത്താം. ആലുവയിലേതുപോലെയുള്ള സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള നിരന്തര ജാഗ്രത നമുക്ക് പുലർത്താമെന്നും മന്ത്രി പറഞ്ഞു.

ആലുവബലാത്സംഗക്കൊല; സർക്കാരിന്റെ ശക്തമായ ഇടപെടലിന് കൂടിയുള്ള അംഗീകാരമാണ് വിധിയെന്ന് എം ബി രാജേഷ്
ആലുവ ബലാത്സംഗക്കൊല; പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ

എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കേസില്‍ വധ ശിക്ഷ പ്രഖ്യാപിച്ചത്. . ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളിൽ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്‌സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തിൽ പുറപ്പെടുവിച്ച ശിക്ഷാവിധി കേള്‍ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

മന്ത്രിയുടെ പോസ്റ്റിൻ്റെ പൂർണ്ണരൂപം:

ആലുവയിൽ അഞ്ച് വയസുകാരിയായ കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചിരിക്കുകയാണ്. കുറ്റകൃത്യം നടന്ന് 110 ദിവസം കൊണ്ടാണ് റെക്കോർഡ് വേഗത്തിലുള്ള അന്വേഷണവും വിചാരണയും പൂർത്തിയാക്കി ഇന്ന് ശിശുദിനത്തിൽ ശിക്ഷാവിധി വന്നിരിക്കുന്നത്.

കുട്ടിയെ കാണാതായതുമുതൽ അന്വഷണത്തിലും വിചാരണയിലുമെല്ലാം കേരളാ പൊലീസ് നടത്തിയ ഊർജിതമായ ഇടപെടലുകളാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും അഭിനന്ദനങ്ങള്‍. ഈ സംഭവം ഉണ്ടായതുമുതൽ കേസിൽ സർക്കാർ പുലർത്തിയ ജാഗ്രതയുടെ കൂടി വിജയമാണിത്. സർക്കാരും കേരളീയ സമൂഹവും ഒപ്പം നിന്നെന്ന് കുട്ടിയുടെ മാതാപിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. കേസിൽ പരമാവധി ശിക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബഹു. മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിരുന്നു.

കുട്ടിയുടെ കുടുംബത്തിന് സർക്കാരിന്റെ ധനസഹായം കൈമാറാൻ വീട്ടിലെത്തിയപ്പോള്‍ ഞാനും മന്ത്രിമാരായ കെ രാധാകൃഷ്ണനും പി രാജീവും ഇക്കാര്യം നേരിട്ട് അവരെ അറിയിച്ചിരുന്നു. ഇന്ന് മാതൃകാപരമായ വിധി വരുമ്പോള്‍ സർക്കാരിന്റെ ശക്തമായ ഇടപെടലിന് കൂടിയുള്ള അംഗീകാരമായി ഇത് മാറുന്നു.

ജൂൺ 28ന് കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിറ്റേദിവസം രാവിലെയാണ് കുട്ടിയെ കൊന്ന് ഉപേക്ഷിച്ചതായി കണ്ടെത്തിയത്. സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടറായി ജി മോഹൻ രാജിനെ നിയമിച്ച് റെക്കോഡ്‌ വേഗത്തിലായിരുന്നു തുടർനടപടികൾ. മുപ്പത്തിയഞ്ചാം ദിവസം കുറ്റപത്രം സമർപ്പിച്ചു. ഒക്ടോബർ നാലിന് വിചാരണ തുടങ്ങിയ വിചാരണ 26 ദിവസംകൊണ്ട് പൂർത്തിയാക്കി. പഴുതടച്ച അന്വേഷണവും ശക്തമായ നിയമപോരാട്ടവും ഉറപ്പാക്കാൻ ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ സജീവമായി നിലയുറപ്പിച്ചു. പരിഹരിക്കാനാകാത്ത നഷ്ടമാണ് ആ കുടുംബത്തിനുണ്ടായതെങ്കിലും, സർക്കാർ എല്ലാ സഹായങ്ങളും സംരക്ഷണവും നൽകി.

കോടതി വിധിയിലൂടെ ആ കുടുംബത്തിന് നീതിയും ഉറപ്പാക്കാന്‍ കഴിഞ്ഞിരിക്കുകയാണ്. കുഞ്ഞുങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ കർശനമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധി. ശക്തമായ നിയമപരിപാലനം ഉറപ്പാക്കുമ്പോഴും, കുഞ്ഞുങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ സമൂഹം കൂടി ശക്തമായി രംഗത്തിറങ്ങേണ്ടതുണ്ട്. ഇത്തരം കുറ്റവാളികളെ നമുക്ക് ഒറ്റപ്പെടുത്താം. ആലുവയിലേതുപോലെയുള്ള സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള നിരന്തര ജാഗ്രത നമുക്ക് പുലർത്താം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com