സോളാർ ​ഗൂഢാലോചന; ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ക്ഷമിക്കില്ലെന്ന് ഹൈക്കോടതി, ​ഗണേഷ് കുമാറിന് തിരിച്ചടി

കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
സോളാർ ​ഗൂഢാലോചന;  ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ക്ഷമിക്കില്ലെന്ന് ഹൈക്കോടതി, ​ഗണേഷ് കുമാറിന് തിരിച്ചടി

തിരുവനന്തപുരം: സോളാര്‍ പീഡനകേസിലെ പരാതിക്കാരിയുടെ മൊഴി തിരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ നടപടിക്രമങ്ങളുമായി മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി പറഞ്ഞു. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയില്‍ പേര് കൂട്ടിച്ചേര്‍ക്കാന്‍ ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പരാതി.

'ആക്ഷേപം തുടര്‍ന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ക്ഷമിക്കില്ല. കേസ് തുടരേണ്ടത് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി മാത്രമല്ല നഷ്ടപ്പെട്ട കുടുംബത്തിന് കൂടി വേണ്ടിയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ആക്ഷേപം തെറ്റെങ്കില്‍ ഗണേഷിന് നിയമനടപടി സ്വീകരിക്കാം. ഗണേഷിന് സത്യസന്ധത തെളിയിക്കാൻ കേസ് തുടരണം' ഹൈക്കോടതി വിധിയിൽ പറയുന്നു.

ഗണേഷ് കുമാറിനെതിരെ കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ കാരണമുണ്ടെന്നാണ് മജിസ്‌ട്രേറ്റിന്റെ കണ്ടെത്തല്‍. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിക്രമങ്ങള്‍ റദ്ദാക്കാന്‍ മതിയായ കാരണമില്ല. പ്രതിയാക്കണോ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണോ എന്ന് മജിസ്‌ട്രേറ്റ് കോടതിയാണ് തീരുമാനിക്കേണ്ടത്. കേസെടുത്ത മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്നും സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.

പരാതിക്കാരിയുടെ കത്ത് വ്യാജരേഖയെന്നതില്‍ സോളാര്‍ കമ്മിഷന്‍ തന്നെ പരാതി നല്‍കണമെന്നില്ല. കമ്മീഷനില്‍ നല്‍കും മുന്‍പാണ് കത്ത് തിരുത്തിയത്. അതിനാല്‍ത്തന്നെ ആര് പരാതി നല്‍കിയാലും നിലനില്‍ക്കുമെന്നുമാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com