
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്. എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രണ്ട് ചക്രവാതചുഴി രൂപപ്പെട്ടതും അറബിക്കടലിലെ ന്യൂനമർദ്ദവുമാണ് സംസ്ഥാനത്ത് മഴ ശക്തമാക്കിയത്. തമിഴ്നാട് തീരത്തിന് മുകളിലും ലക്ഷദ്വീപിന് മുകളിലുമാണ് ചക്രവാതചുഴി നിലനിൽക്കുന്നത്.
കേരളാ തീരത്തോട് ചേർന്ന അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്തിൽ ബുധനാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാം. ഇത് വടക്കു പടിഞ്ഞാറേക്ക് നീങ്ങി 21 ഓടെ തീവ്ര ന്യൂനമർദ്ദമാകുമെന്നാണ് നിഗമനം. ന്യൂനമർദ്ദം കേരളാതീരത്തോട് ചേർന്ന് കൂടുതൽ സമയം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നതിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.