പുല്ലാട് സഹകരണ ബാങ്കില്‍ സാമ്പത്തിക ക്രമക്കേട്; മരിച്ചുപോയവരുടെ ഒപ്പിട്ട് നിക്ഷേപത്തുക പിന്‍വലിച്ചു

2020 ജൂലൈ 6 ന് വര്‍ഗീസിന്റെ പേരില്‍ പുല്ലാട് സര്‍വീസ് സഹകരണ ബാങ്കില്‍ ഉണ്ടായിരുന്ന 79,600 രൂപയാണ് വ്യാജ ഒപ്പിട്ട് പിന്‍വലിച്ചത്. 2017 ല്‍ മരിച്ച വര്‍ഗീസിന്റെ ഒപ്പാണ് 2020ല്‍ തുക പിന്‍വലിക്കാനുള്ള ഫോമില്‍ ഇട്ടിരിക്കുന്നത്
പുല്ലാട് സഹകരണ ബാങ്കില്‍ സാമ്പത്തിക ക്രമക്കേട്; മരിച്ചുപോയവരുടെ ഒപ്പിട്ട് നിക്ഷേപത്തുക പിന്‍വലിച്ചു

പത്തനംതിട്ട: പുല്ലാട് സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്. മരിച്ചുപോയവരുടെ ഒപ്പിട്ട് നിക്ഷേപത്തുക പിന്‍വലിച്ചതിന്റെ തെളിവുകള്‍ പുറത്ത്. വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ചതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് മുമ്പാകെ ബാങ്ക് സെക്രട്ടറി സമ്മതിക്കുകയും ചെയ്തു.

പത്തനംതിട്ട പുല്ലാട് സ്വദേശി സക്കറിയ വര്‍ഗീസ് ആണ് പരാതിക്കാരന്‍. സക്കറിയയുടെ പിതാവ് കെ എസ് വര്‍ഗീസ് 2017 ഫെബ്രുവരി അഞ്ചിന് മരിച്ചു. 2020 ജൂലൈ 6 ന് വര്‍ഗീസിന്റെ പേരില്‍ പുല്ലാട് സര്‍വീസ് സഹകരണ ബാങ്കില്‍ ഉണ്ടായിരുന്ന 79,600 രൂപയാണ് വ്യാജ ഒപ്പിട്ട് പിന്‍വലിച്ചത്.2017 ല്‍ മരിച്ച വര്‍ഗീസിന്റെ ഒപ്പാണ് 2020ല്‍ തുക പിന്‍വലിക്കാനുള്ള ഫോമില്‍ ഇട്ടിരിക്കുന്നത്. ബാങ്ക് അധികൃതര്‍ അറിയാതെ ഈ തട്ടിപ്പ് നടക്കില്ല എന്നാണ് സക്കറിയ വര്‍ഗീസിന്റെ നിലപാട്.

സക്കറിയ വര്‍ഗീസിന്റെ ഭാര്യ സെറാ ഫിലിപ്പിന്റെ പേരിലുള്ള ചിട്ടിത്തുകയും സെറയുടെ വ്യാജ ഒപ്പിട്ട് പിന്‍വലിച്ചിട്ടുണ്ട്. 1,90,000 രൂപയാണ് 2020 ജൂലൈ 6ന് പിന്‍വലിച്ചത്. സക്കറിയാ വര്‍ഗീസിന്റെ അമ്മ സാറാമ്മ വര്‍ഗീസ് 3 ലക്ഷം രൂപ സ്ഥിരനിക്ഷേപം ബാങ്കില്‍ ചെയ്തിരുന്നു. സാറാമ്മയുടെ അനുമതിയില്ലാതെ ബാങ്ക് അധികൃതര്‍ നിക്ഷേപം പുതുക്കി വെച്ചു. ഈ തുകയും തിരികെ ലഭിച്ചിട്ടില്ല.

മരിച്ചുപോയവരുടെ നിക്ഷേപത്തില്‍ നിന്നും ബാങ്ക് മുന്‍ സെക്രട്ടറി ആന്‍സി കുരുവിള പണം പിന്‍വലിച്ചതായി ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ആന്‍സി കുരുവിളയെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. അഡ്മിനിസ്റ്റ്‌റി കമ്മിറ്റിക്ക് മുമ്പാകെ സെക്രട്ടറി ആന്‍സി കുരുവിള കുറ്റസമ്മതം നടത്തിയിരുന്നു.ശമ്പളം ലഭിക്കാത്തതിനാല്‍ സാമ്പത്തികമായി ബുദ്ധിമുട്ട് വന്നതിനാലാണ് മരണപ്പെട്ടവരുടെ അക്കൗണ്ടുകള്‍ നിന്നും പണം എടുത്തതെന്നാണ് സെക്രട്ടറിയുടെ കുറ്റസമ്മതം. കുറ്റസമ്മതം കൊണ്ടായില്ല തട്ടിയെടുത്ത പണം തിരികെ ഈടാക്കാന്‍ ഭരണസമിതിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് സക്കറിയ വര്‍ഗീസിന്റെ ആവശ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com