
May 18, 2025
05:36 PM
കോഴിക്കോട്: അസി. പ്രൊഫസര് റാങ്ക് ലിസ്റ്റില് സംവരണക്രമം അട്ടിമറിച്ചത് മൂലം നിയമനം ലഭിക്കാതെ പുറത്തായവര്ക്ക് ഉടന് നിയമനം നല്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്ത്തകര്. ആവശ്യം ഉന്നയിച്ച് സംയുക്ത പ്രസ്താവനയില് സാമൂഹിക പ്രവര്ത്തകര് ഒപ്പുവെച്ചു. സുപ്രീംകോടതി വിധിയുടെയും എസ്.സി, എസ്.ടി കമ്മീഷന് ഉത്തരവിന്റെയും അടിസ്ഥാനത്തില് ഡോ. ടി എസ് ശ്യാംകുമാര്, ഡോ. താര, ഡോ. സുരേഷ് പുത്തന് പറമ്പില് എന്നിവര്ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉടന് നിയമനം നല്കണമെന്നാണ് ആവശ്യം.
യൂണിവേഴ്സിറ്റി സംവരണക്രമം സമ്പൂര്ണമായി അട്ടിമറിച്ചതിനാല് മലയാളം വിഭാഗത്തില് നാലാമതായി വരേണ്ട ഡോ. താരക്കും 24മതായി വരേണ്ട ഡോ. സുരേഷിനും സംസ്കൃത വിഭാഗത്തില് 32ാമതായി വരേണ്ട ഡോ. ശ്യാംകുമാറിനും നിയമനം ലഭിച്ചില്ല. തുടര്ന്ന് ഇവര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്ഗ്ഗ കമ്മീഷന് ഈ വിഷയം പരിശോധിക്കുകയും വിശദമായി പഠനം നടത്തുകയും യൂണിവേഴ്സിറ്റി സംവരണം അട്ടിമറിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില് ഒരു മാസത്തിനകം അസി. പ്രൊഫസര് തസ്തികയില് ഇവരെ നിയമിക്കാന് സെപ്റ്റംബര് 9 നു കമ്മീഷന് ഉത്തരവിട്ടിരുന്നു. യൂണിവേഴ്സിറ്റി സംവരണം നടപ്പിലാക്കുന്നതിനായി ഹൊറിസോണ്ടല് റിസര്വേഷന് പകരം വെര്ട്ടിക്കല് റിസര്വേഷന് നടപ്പിലാക്കിയത് മൂലമാണ് നിയമന റൊട്ടേഷനില് വ്യത്യാസം വന്നത്.
ഇത്തരത്തില് യൂണിവേഴ്സിറ്റി നടപ്പിലാക്കിയ സംവരണം നിയമപ്രകാരമല്ലെന്ന് സുപ്രീം കോടതി ഉത്തരവിലൂടെ വ്യക്തമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റി അവലംബിച്ച വെര്ട്ടിക്കല് റിസര്വേഷന് സുപ്രീം കോടതി അസാധുവാക്കിയതിനാല് പഴയ സംവരണ മാനദണ്ഡപ്രകാരം ഡോ. അനുപമയ്ക്ക് നിയമനം ലഭിച്ചിരുന്നു. എന്നാല് സമാനമായ കേസില് ഉള്പ്പെട്ട ഡോ. ടി എസ് ശ്യാംകുമാര്, ഡോ. താര, ഡോ. സുരേഷ് പുത്തന്പറമ്പില് എന്നീ ഉദ്യോഗാര്ത്ഥികള്ക്ക് നിയമനം നല്കാന് യൂണിവേഴ്സിറ്റി ഇനിയും തയ്യാറാകുന്നില്ലെന്ന് പ്രസ്താവനയില് പറയുന്നു. ജിഗ്നേഷ് മേവാനി, സണ്ണി എം കപിക്കാട്, എം കുഞ്ഞാമന്, പി കെ പോക്കര് തുടങ്ങി നിരവധി പേര് പ്രസ്താവനയില് ഒപ്പ് വെച്ചിട്ടുണ്ട്.