
കൊച്ചി: കടമക്കുടിയിൽ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ ബാങ്ക് ഇടപാട് വിവരങ്ങൾ പൊലീസിന് ലഭിച്ചു. മരിച്ച ശിൽപ്പ വലിയ തോതിൽ പണമിടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ഇവരുടെ ഭർത്താവ് നിജോയുടെ ഇടപാടുകളിലും സംശയമുണ്ട്. അക്കൗണ്ടിലേക്ക് പണമയച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം. (യുപിഐ) ഐ ഡി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി എൻപിസിഐ യെ സമീപിക്കുമെന്ന് പൊലീസ് പറഞ്ഞു. എൻപിസിഐ വിവരങ്ങൾ നൽകിയാലുടൻ നടപടി സ്വീകരിക്കും. ഓൺലൈൻ വായ്പാ തട്ടിപ്പുകാരിലെക്ക് എത്താനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. ബാങ്കിടപാട് നടത്തിയ മുഴുവൻ പേരും അന്വേഷണ പരിധിയിൽ വരും.
ഓൺലൈൻ വായ്പക്ക് പുറമെ കുടുംബം മുളന്തുരുത്തിയിലെ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പപയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഇവർക്ക് ബാങ്ക് നോട്ടീസ് നൽകിയിരുന്നു. മുളന്തുരുത്തിയിലെ സർവ്വീസ് സഹകരണ ബാങ്കിൽ മാതാവിൻ്റെ പേരിലെടുത്ത ലോണിൽ മാത്രം 3,09,578 രൂപ കൂടിശികയുണ്ട്. ശിൽപ്പ മറ്റ് ബാങ്കുകളിൽ നിന്ന് വലിയ തുക ലോൺ സ്വീകരിച്ചതായുള്ള വിവരവും പൊലീസിന് നേരത്തെ ലഭിച്ചിരുന്നു.
ഓൺലൈൻ വായ്പ കമ്പനിയുടെ ഭീഷണിക്ക് പുറമേ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലുമായിരുന്നു കുടുംബം. ഇതിനു പുറമേയാണ് സഹകരണ ബാങ്കിൽ നിന്നുള്ള നോട്ടീസും ലഭിച്ചത്. ജീവനൊടുക്കാൻ ഇതും കുടുംബത്തെ സമ്മർദത്തിലാക്കിയിട്ടുണ്ടാകാം എന്നാണ് പൊലീസിൻറെ നിഗമനം.
കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ, മക്കളായ ഏബൽ (7), ആരോൺ(5) എന്നിവരാണ് മരിച്ചത്. നിജോയും ശിൽപയും തുങ്ങി മരിച്ച നിലയിലും കുട്ടികളെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിച്ചു എന്നാണ് പൊലീസ് നിഗമനം. വീടിൻ്റെ മുകൾ നിലയിലാണ് ഇവർ താമസിക്കുന്നത്. താഴത്തെ നിലയിൽ നിജോയുടെ അമ്മയും സഹോദരനും കുടുംബവും താമസിക്കുന്നുണ്ട്. രാവിലെ കുട്ടികളെ കാണാത്തതിനാൽ നിജോയുടെ മാതാവ് ആനി നോക്കുമ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടത്.