

കോഴിക്കോട്: തന്റെ കൂടെ എപ്പോഴും പാര്‍ട്ടിയുണ്ടെന്നാണ് വിശ്വാസമെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടി ലൈന്‍ വിട്ടിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും നമ്മള്‍ ജയിക്കുമെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയും താനും ഭൂരിഭാഗം വിഷയങ്ങളിലും ഒരേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതൃ യോഗത്തിന് ശേഷമായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
'ചില കാര്യങ്ങള്‍ എഴുതിയത് വെച്ച് മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുന്നു. ആ തലക്കട്ട് മാത്രം നോക്കി ചിലര്‍ അഭിപ്രായം പറയും. എന്നാല്‍ ഞാന്‍ എഴുതിയത് ചൂണ്ടിക്കാട്ടുമ്പോള്‍, വായിച്ചതിന് ശേഷം അവര്‍ക്ക് മനസിലാകും. എല്ലാവരും തമ്മില്‍ നല്ല ബന്ധമാണുള്ളത്. കുറേ വര്‍ഷമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. 17 വര്‍ഷം ഈ പാര്‍ട്ടിയില്‍ സേവനം ചെയ്ത് പെട്ടെന്ന് ഒരു തെറ്റിദ്ധാരണക്ക് സാധ്യതയില്ല. ദേശീയ നേതൃത്വത്തില്‍ ഞാന്‍ മത്സരിച്ചു. തോറ്റു. അതില്‍ വലിയ പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ മാത്രമല്ല, പലരും വിജയിച്ചിട്ടും തോറ്റിട്ടുമുണ്ട്', ശശി തരൂര്‍ പറഞ്ഞു.
എല്‍ കെ അദ്വാനിക്ക് ആശംസ അറിയിച്ചതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പ്രായമുള്ള ഒരു വ്യക്തിയോട് സ്‌നേഹവും ബഹുമാനവും കാണിക്കണമെന്നും അതാണ് നമ്മുടെ സംസ്‌കാരമെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ പ്രശംസിച്ചിട്ടില്ലെന്നും ശശി തരൂർ വിശദീകരിച്ചു. മോദി പരിപാടിയില്‍ പറഞ്ഞ കാര്യമാണ് താന്‍ ലേഖനത്തില്‍ എഴുതിയതെന്നും അതില്‍ എവിടെയാണ് മോദിയെ താന്‍ പുകഴത്തിയതെന്നും ശശി തരൂര്‍ ചോദിച്ചു. തലക്കെട്ട് മാത്രം കണ്ടാണ് ആളുകള്‍ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആയിരം വാക്കുകളുള്ള ഒരു ആര്‍ട്ടിക്കിള്‍ എടുത്ത് ഒരു വാക്കില്‍ ചുരുക്കുമ്പോള്‍ പല വാക്കുകളുടെയും അര്‍ത്ഥം മാറുന്നുണ്ടെന്നും തനിക്കെതിരായ വിവാദങ്ങള്‍ അനാവശ്യമാണെന്നും എം പി കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങുമെന്നും ശശി തരൂര്‍ പറഞ്ഞു. 'അടുത്ത മൂന്ന് മാസം എല്ലാവരുടെയും കടമ തെരഞ്ഞെടുപ്പാണ്. കേരളത്തെ കുറിച്ച് നല്ല സങ്കല്‍പ്പമുണ്ട്. യുവാക്കള്‍ക്ക് ഇവിടെ ജീവിക്കാന്‍ വേണ്ടുന്ന സാഹചര്യത്തെ കുറിച്ചാണ് താന്‍ എഴുതുന്നത്. പാര്‍ട്ടിയില്‍ പലതരം കഴിവുള്ളവരുണ്ട്, എല്ലാവരെയും നല്ല ഇഷ്ടമാണ്. അവരെ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാകാന്‍ അര്‍ഹരായ പലരുമുണ്ടാകും. അവസാന അഭിപ്രായം പാര്‍ട്ടി തീരുമാനിക്കും', ശശി തരൂര്‍ പറഞ്ഞു.
Content Highlights: Shashi Tharoor expressed confidence that the Congress Party will always stand by him in his political journey