തെരഞ്ഞെടുപ്പിൽ വിസ്മയമുണ്ടാകും, 100ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തും: വി ഡി സതീശൻ

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തര്‍ക്കമില്ല, അത് ഇടതുപക്ഷം പറഞ്ഞു പരത്തുന്ന കാര്യം

തെരഞ്ഞെടുപ്പിൽ വിസ്മയമുണ്ടാകും, 100ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തും: വി ഡി സതീശൻ
dot image

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിസ്മയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം ഉണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് 100ലധികം സീറ്റുകള്‍ നേടി വിജയിക്കാന്‍ കഴിയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്ലാറ്റ്‌ഫോമിന്റെ അടിത്തറ ഇനിയും കെട്ടുറപ്പുള്ളതാക്കാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് കേരളത്തില്‍ 100ലധികം സീറ്റുകള്‍ നേടാനാകും എന്ന് താൻ പറഞ്ഞതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തര്‍ക്കമില്ല. അത് ഇടതുപക്ഷം പറഞ്ഞു പരത്തുന്ന കാര്യം. കോണ്‍ഗ്രസിന് ഒരു ഗ്യാലക്‌സിയോളം നേതാക്കന്മാരുണ്ട്. അത് അഭിമാനത്തോടെ പറയുന്നു. കോണ്‍ഗ്രസ് ഒരു ദേശീയ പാര്‍ട്ടിയാണ്. ദേശീയ നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശത്തിന് അനുസരിച്ച് തീരുമാനമെടുക്കും. അതില്‍ ആരും പിണങ്ങുകയോ പരിഭവം കാണിക്കുകയോ ചെയ്യില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ നമുക്കൊപ്പം ഇല്ലാതിരുന്ന പലരും ഇന്ന് നമുടെ പാര്‍ട്ടിക്കൊപ്പം ഉണ്ട്. പതിറ്റാണ്ടുകളായി 'ഇടതുപക്ഷത്തിന്റെ ഭരണമാണ് നല്ലത്, ഇടതുപക്ഷം വന്നാല്‍ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും' എന്ന് കരുതിയിരുന്നവര്‍ ഉണ്ടായിരുന്നു. അത്തരത്തിലുള്ള നൂറുകണക്കിന് ആളുകള്‍ ഇന്ന് യുഡിഎഫിനൊപ്പമുണ്ട്. നമ്മളെക്കാള്‍ വലുതായി എല്‍ഡിഎഫിനെ ഭരണത്തില്‍ നിന്ന് താഴെയിറക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. കാരണം ഇടതുപക്ഷം ഇപ്പോള്‍ തീവ്ര വലതുപക്ഷമാണ്. അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്ന പാര്‍ട്ടി യുഡിഎഫും കോണ്‍ഗ്രസുമാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight; VD Satheesan said a surprise is expected in the elections and claimed the UDF will win over 100 seats

dot image
To advertise here,contact us
dot image