
തിരുവനന്തപുരം: സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുന്നതിനുള്ള കേന്ദ്ര തീരുമാനം തിരുത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫ്. ഇന്ത്യൻ റെയിൽവേ കേരളത്തോട് അവഗണന കാണിക്കുന്നു. സാധാരണക്കാരന്റെ യാത്രാ സംവിധാനത്തെ ഇന്ത്യൻ റെയിൽവേ മുതലാളിമാർക്ക് സഞ്ചരിക്കേണ്ട മാർഗമാക്കി മാറ്റുകയാണെന്നും വസീഫ് കുറ്റപ്പെടുത്തി. അദാനിക്ക് എളുപ്പത്തിൽ ലാഭമുണ്ടാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും റെയിൽവേയെ സ്വകാര്യവൽക്കരിക്കാനാണ് ശ്രമമെന്നും വസീഫ് ആരോപിച്ചു.
'സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുന്ന കേന്ദ്രനയം തിരുത്തണം. നിരന്തരമായി കേരളത്തോട് ഇന്ത്യൻ റെയിൽവേ അവഗണന കാണികയാണ്. സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് എന്താണ് ഇന്ത്യൻ റെയിൽവേ ഉദ്ദേശിക്കുന്നത്. പടിപടിയായി റെയിൽവേയെ സ്വകാര്യവൽക്കരിക്കുകയാണ് ചെയ്യുന്നത്. അദാനിക്ക് എളുപ്പത്തിൽ ലാഭമുണ്ടാക്കാൻ പ്രധാനമന്ത്രി ശ്രമിക്കുകയാണ്. ഭാവിയിൽ ഇന്ത്യൻ റെയിൽവേ എന്നുള്ളത് അദാനി റെയിൽവേ ആകുന്നത് കാണേണ്ടി വരും. റെയിൽവേ നഷ്ടത്തിൽ അല്ല, ലാഭത്തിലുള്ള ഇന്ത്യൻ റെയിൽവേ എന്തിനാണ് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത്, ലാഭമുണ്ടാക്കാൻ തന്ത്രം ഉണ്ടാക്കുന്നത്,' വി വസീഫ് ചോദിച്ചു.
കേരളത്തിലോടുന്ന ജനപ്രിയ ട്രെയിനുകൾക്കാണ് ഈ മാസം മുതൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനമായത്. ഒഴിവാക്കുന്ന സ്ലീപ്പർ കോച്ചുകൾക്ക് പകരം തേർഡ് എ സി ആണ് വരുന്നത്. ഒരു സ്ലീപ്പർ കോച്ചിനു പകരം തേർഡ് എസി വരുമ്പോൾ ഇരട്ടിത്തുകയാണ് റെയിൽവേക്ക് ലഭിക്കുന്നത്.
മാവേലി എക്സ്പ്രസിൽ തിങ്കളാഴ്ച മുതൽ ഒമ്പത് സ്ലീപ്പർ കോച്ച് മാത്രമായിരിക്കും ഉണ്ടാകുക. എസി കോച്ചുകളുടെ എണ്ണം ആറാകും. തിരുവനന്തപുരം-മംഗളൂരു മലബാറിന്(16629) ഒരു സ്ലീപ്പർ കുറയും. ഒപ്പം ഒരു ഡി-റിസർവ്ഡ് കോച്ചും നഷ്ടപ്പെടും. മാവേലി, മലബാർ ഉൾപ്പെടെയുള്ള ട്രെയിനുകള് പരമ്പരാഗത റേക്ക് മാറി എൽഎച്ച്ബിയിലേക്ക് ഉടൻ മാറും. ഇതോടെ എസി കോച്ചുകളുടെ എണ്ണം വീണ്ടും വർധിക്കും. എൽഎച്ച്ബിയിൽ 72 ബർത്തുകളാണുള്ളത്. സ്ലീപ്പറിനൊപ്പം ജനറൽ കോച്ചുകളുടെ എണ്ണവും റെയിൽവേ കുറച്ചുതുടങ്ങിയിട്ടുണ്ട്.