
ന്യൂഡല്ഹി: മന്ത്രിസഭാ പുനഃസംഘടന ഇപ്പോള് ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. നേരത്തെ തീരുമാനിച്ചത് പ്രകാരം മുന്നോട്ട് പോകും. ഗണേഷ് കുമാറിന്റെ കാര്യത്തില് അനാവശ്യ ചര്ച്ച വേണ്ടതില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഡല്ഹിയില് പോളിറ്റ് ബ്യൂറോ യോഗത്തിനെത്തിയതായിരുന്നു എം വി ഗോവിന്ദന്
സോളാര് കേസില് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ വേട്ടയാടിയത് കോണ്ഗ്രസ് നേതാക്കള് തന്നെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഉമ്മന്ചാണ്ടിയെ അപമാനിക്കാനുള്ള ബോധപൂര്വ്വമായ ശ്രമമാണ് നടക്കുന്നത്. അന്നും ഇന്നും ഉമ്മന്ചാണ്ടിയെ വേട്ടയാടിയത് കോണ്ഗ്രസ് തന്നെയാണെന്നും എം വി ഗോവിന്ദന് ആവര്ത്തിച്ചു.
കേരളത്തിലെ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച അഭ്യൂഹങ്ങള് തുടരുന്നതിനിടെയാണ് പൊളിറ്റ്ബ്യൂറോ യോഗം ചേരുന്നത്. കേരളത്തിലെ മന്ത്രിസഭാ പുനസംഘടനയില് പരിഗണിക്കേണ്ടത് മുന്നണിധാരണയാണെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. സിപിഐഎം മന്ത്രിമാരുടെ വകുപ്പിലോ മന്ത്രിസഭാ പ്രാതിനിധ്യത്തിലോ മാറ്റം വേണമെങ്കില് അത് പിബിയില് റിപ്പോര്ട്ട് ചെയ്യപ്പെട്ടേക്കാം എന്നാണ് വിവരം. രാജ്യത്തെ പൊതുരാഷ്ടീയ സാഹചര്യവും യോഗം ചര്ച്ച ചെയ്യും.