
കോഴിക്കോട്: ജില്ലയില്‍ കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ഫറോക്ക് മുന്‍സിപ്പാലിറ്റി മുഴുവന്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി. കോഴിക്കോട് കോര്‍പ്പറേഷനിലെ 43-കൊളത്തറ, 44-കുണ്ടായിത്തോട്, 45-ചെറുവണ്ണൂര്‍ ഈസ്റ്റ്, 46-ചെറുവണ്ണൂര്‍ വെസ്റ്റ്, 47-ബേപ്പൂര്‍ പോര്‍ട്ട്,48-ബേപ്പൂര്‍, 51-പുഞ്ചപ്പാടം എന്നീ വാര്‍ഡുകളും ഇന്ന് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
നിലവില്‍ നാലു പേരാണ് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആരുടെയും നില ഗുരുതരമല്ല. 83 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി. എങ്കിലും 21 ദിവസം ക്വാറന്റീന്‍ തുടരും. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 1080 ആയി. ഇതില്‍ 327 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 29 പേര്‍ മറ്റ് ജില്ലകളില്‍ നിന്നുള്ളവരാണ്.
കോഴിക്കോട് നിപ രോഗം പടര്‍ന്നത് കഴിഞ്ഞമാസം മുപ്പതിന് മരിച്ച മരുതോങ്കര സ്വദേശിയില്‍ നിന്നാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. മരിച്ച മുഹമ്മദലിക്കും ലാബ് പരിശോധനയിലൂടെ നിപ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മുഹമ്മദലി പനി ചികിത്സയ്ക്കായി എത്തിയ ആശുപത്രിയിലെ ലാബില്‍ സൂക്ഷിച്ചിരുന്ന സ്രവ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്.
പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്, അടുത്ത ശനിയാഴ്ചവരെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാന്‍ തീരുമാനിച്ചത്. പകരം ഓണ്‍ലൈന്‍ ക്ലാസ് നടത്തും.