കേന്ദ്രസംഘത്തിന്റെ വലയിൽ വവ്വാലുകൾ കുടുങ്ങി; വൈറസുണ്ടോ എന്ന് പരിശോധിക്കും,ജാനകിക്കാടും വലവിരിക്കും

ഇന്ന് വൈകിട്ടോടെയാണ് രണ്ടു വവ്വാലുകളെ വലയിൽ കുടുങ്ങി കിട്ടിയത്. ഇവയിൽ വൈറസുണ്ടോ എന്ന് പരിശോധിക്കും. ശനിയാഴ്ച ജാനകിക്കാട് മേഖലയിലും വല വിരിക്കാൻ തീരുമാനമായിട്ടുണ്ട്.
കേന്ദ്രസംഘത്തിന്റെ വലയിൽ വവ്വാലുകൾ കുടുങ്ങി; വൈറസുണ്ടോ എന്ന് പരിശോധിക്കും,ജാനകിക്കാടും   വലവിരിക്കും

കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായി കേന്ദ്രസംഘം മരുതോങ്കരയിൽ വച്ച വലയിൽ രണ്ടു വവ്വാലുകൾ കുടുങ്ങി. ഇന്ന് വൈകിട്ടോടെയാണ് രണ്ടു വവ്വാലുകളെ വലയിൽ കുടുങ്ങി കിട്ടിയത്. ഇവയിൽ വൈറസുണ്ടോ എന്ന് പരിശോധിക്കും. ശനിയാഴ്ച ജാനകിക്കാട് മേഖലയിലും വല വിരിക്കാൻ തീരുമാനമായിട്ടുണ്ട്.

കുറ്റ്യാടി മരുതോങ്കരയിൽ നിപ ബാധിച്ച് മരിച്ച മുഹമ്മദാലിയുടെ വാഴത്തോട്ടത്തിലാണ് വലവിരിച്ചത്. മുഹമ്മദലിയുടെ തറവാട് വീട് സന്ദർശിച്ച സംഘം, രോഗ ബാധയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഏർപ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു. തറവാട് വീടിന് സമീപത്തെ വാഴ തോട്ടത്തിൽ നിന്ന് മുഹമ്മദി വാഴക്കുല വെട്ടിയതായി വീട്ടുകാർ പറഞ്ഞിരുന്നു. തുടർന്നാണ് ഇവിടെ വലവിരിച്ചത്. വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുൽ തുക്രൽ, എം. സന്തോഷ്‌ കുമാർ, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത് . ജില്ലാ മെഡിക്കൽ ടെക്നിക്കൽ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.

അതേസമയം, കോഴിക്കോട് നിപ രോഗം പടർന്നത് കഴിഞ്ഞമാസം മുപ്പതിന് മരിച്ച മരുതോങ്കര സ്വദേശിയിൽ നിന്നെന്ന് ആരോഗ്യ വകുപ്പ് ഉറപ്പിച്ചു. മരിച്ച മുഹമ്മദലിക്കും ലാബ് പരിശോധനയിലൂടെ നിപ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മുഹമ്മദലി പനി ചികിത്സയ്ക്കായി എത്തിയ ആശുപത്രിയിലെ ലാബിൽ സൂക്ഷിച്ചിരുന്ന സ്രവ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്.

നിലവിൽ നാലു പേരാണ് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ആരുടെയും നില ഗുരുതരമല്ല. 83 പരിശോധനാ ഫലങ്ങൾ നെഗറ്റീവായി. എങ്കിലും 21 ദിവസം ക്വാറൻ്റീൻ തുടരും. സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 1080 ആയി. ഇതിൽ 327 പേർ ആരോഗ്യ പ്രവർത്തകരാണ്. 29 പേർ മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചെറുവണ്ണൂർ പ്രദേശം കണ്ടെയ്ൻ്റ്മെൻറ് സോണായി പ്രഖ്യാപിച്ചു. ചെറുവണ്ണൂർ സ്വദേശിയായ 39 കാരന് രോഗം സ്ഥിരീകരിച്ചതിനാൽ ഈ മേഖല കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. ഇയാളുടെ റൂട്ട് മാപ്പും പുറത്ത് വിട്ടു.

പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഒരാഴ്ചത്തേക്ക് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്, അടുത്ത ശനിയാഴ്ചവരെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ തീരുമാനിച്ചത്. പകരം ഓൺലൈൻ ക്ലാസ് നടത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com