'പോസിറ്റീവായവരുടെ സമ്പര്ക്കപ്പട്ടിക കണ്ടെത്താന് പൊലീസ് സഹായം തേടും'; മന്ത്രി

ഹൈ റിസ്ക് സമ്പര്ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള് ഇന്ന് പരിശോധനക്കയച്ചു

dot image

തിരുവനന്തപുരം: നിപ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ സമ്പര്ക്കപ്പട്ടിക മൊബൈല് ലൊക്കേഷനിലൂടെ കണ്ടെത്താന് പൊലീസ് സഹായം തേടുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. ഹൈ റിസ്ക് സമ്പര്ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള് ഇന്ന് പരിശോധനയ്ക്കായി അയച്ചു. കോഴിക്കോട് ജില്ലയില് മാസ്ക് നിര്ബന്ധമായും ധരിക്കണം. കേസുകള് വര്ധിക്കുന്ന സാഹചര്യമുണ്ടായാല് പ്ലാന് ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില് ഐസൊലേഷന് വാര്ഡുകള് സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വീണാ ജോര്ജ്, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന നിപ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

എന്ഐവി പൂനെയുടെ മൊബൈല് ടീം സജ്ജമായിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റര് ഫോര് ബയോടെക്നോളജിയുടെ മൊബൈല് ടീമും എത്തുന്നുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താന് കെഎംഎസ്സിഎല്ലിന് നിര്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാളെ വിപുലമായ യോഗം ചേരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

നിപ സര്വയലന്സിന്റെ ഭാഗമായി ഇന്ന് പുതുതായി 234 പേരെ ട്രെയിസ് ചെയ്തു. ആകെ 950 പേരാണ് നിപ സമ്പര്ക്ക പട്ടികയിലുള്ളത്. അതില് 213 പേരാണ് ഹൈ റിസ്സ്ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവര്ത്തകര് സമ്പര്ക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള നാല് പേരാണ് ഹൈ റിസ്ക് സമ്പര്ക്ക പട്ടികയിലുള്ളത്. 17 പേര് കോഴിക്കോട് മെഡിക്കല് കോളേജിലും നിരീക്ഷണത്തിലുണ്ട്. ഇന്നലെ പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങള് ശേഖരിച്ചു.

എക്സ്പേര്ട്ട് ടീം, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെ കീഴില് ആരോഗ്യ പ്രവര്ത്തകര് തുടങ്ങിയവര് ഫീല്ഡില് സന്ദര്ശനം നടത്തി വിവരങ്ങള് ശേഖരിച്ചു. ടെലി മനസിന്റെ ഭാഗമായി ആരോഗ്യ പ്രവര്ത്തകര് ഹൈ റിസ്കിലുള്ളവരെ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കി. കേന്ദ്ര സംഘം സന്ദര്ശനം നടത്തി വരുന്നു. കേന്ദ്രസംഘം പ്രവര്ത്തനങ്ങള് വിലയിരുത്തുകയും പ്രവര്ത്തനങ്ങളില് തൃപ്തി രേഖപ്പെടുത്തുകയും ചെയ്തുവെന്നും മന്ത്രിമാർ അറിയിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി, എന്.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്, കോഴിക്കോട് ജില്ലാ കളക്ടര്, ആരോഗ്യ വകുപ്പ് ഡയറക്ടര്, മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്, അഡീഷണല് ഡയറക്ടര്മാര്, ജില്ലാ മെഡിക്കല് ഓഫീസര്, ജില്ലാ പ്രോഗ്രാം മാനേജര് തുടങ്ങിയവര് യോഗത്തില് പങ്കെടുത്തു.

dot image
To advertise here,contact us
dot image