'പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആണ്‍രൂപ ശില്‍പം ലഭിക്കുമ്പോൾ അഭിനയം മതിയാക്കും'; അലന്‍സിയര്‍

പ്രത്യേക ജൂറി പരാമർശം നൽകി അപമാനിക്കരുതെന്നും പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപം നൽകണമെന്നുമാണ് നടന്റെ ആവശ്യം.
'പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആണ്‍രൂപ ശില്‍പം ലഭിക്കുമ്പോൾ അഭിനയം മതിയാക്കും'; അലന്‍സിയര്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിൽ വിമർശനവുമായി നടൻ അലൻസിയർ. 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം അലൻസിയറിന് ലഭിച്ചിരുന്നു. പ്രത്യേക ജൂറി പരാമർശം നൽകി അപമാനിക്കരുതെന്നും പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപം നൽകണമെന്നുമാണ് നടന്റെ ആവശ്യം. അവാർഡ് ഏറ്റുവാങ്ങിയ ശേഷം വേദിയിൽ സംസാരിക്കുകയായിരുന്നു അലൻസിയർ.

ചലച്ചിത്ര അവാർഡിലെ സ്ത്രീ ശിൽപം മാറ്റി ആൺകരുത്തുള്ള ശിൽപമാക്കണമെന്നാണ് മറ്റൊരു ആവശ്യം. ആൺ രൂപമുള്ള ശിൽപം ഏറ്റുവാങ്ങുന്ന അന്ന് അഭിനയം മതിയാക്കുമെന്നും അലെൻസിയർ പറഞ്ഞു.

'നല്ല ഭാരമുണ്ടായിരുന്നു അവാ‍ർഡിന്. സ്പെഷ്യൽ ജ്യൂറി അവാ‍ർഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും,' അലൻസിയർ പറഞ്ഞു.

2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‍കാര വിതരണം നിര്‍വഹിച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ 2022ലെ ചലച്ചിത്ര അവാര്‍ഡിന്റെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കിയായിരുന്നു പുസ്തക പ്രകാശനം.

അർഹിക്കുന്ന കൈകളിലാണ് അവാർഡുകൾ എത്തിച്ചേരുന്നത് എന്ന് ഉറപ്പുവരുത്താൻ ഇന്ത്യയിലെ പ്രഗൽഭരെ തന്നെയാണ് മൂല്യനിർണയത്തിൻ ഏർപ്പാടാക്കിയതെന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞു. കേരളത്തിന്റെ കഥ എന്ന പേരിട്ട് കേരളത്തിന്റെതല്ലാത്ത കഥ ചിലർ പ്രചരിപ്പിച്ചുവെന്നും അതിനെ സിനിമ എന്ന് വിളിക്കുന്നതുപോലും ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കാശ്മീരിന്റെ ഫയലുകൾ എന്നുപറഞ്ഞ് വർഗീയ വിഷം പരത്തുന്ന മറ്റൊരു സിനിമയും പുറത്തിറങ്ങിയിരുന്നവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com