ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയിൽ പരിശോധന; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയിൽ പരിശോധന; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും

ജൂലൈ 22നാണ് ഇടുക്കി ഡാമിൽ സുരക്ഷാ വീഴ്ച ഉണ്ടായത്

ചെറുതോണി: ഇടുക്കി ഡാമിലുണ്ടായ സുരക്ഷാ വീഴ്ചയിൽ അധികൃതർ പരിശോധന നടത്തുന്നു. ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ജൂലൈ 22ന് ഇടുക്കി ഡാം സന്ദർശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടുകയും ഷട്ടർ റോപിൽ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു. ഒറ്റപ്പാലം സ്വദേശിയായിരുന്നു സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാൾക്കായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.

പ്രതി ഹൈമാസ്സ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമാണ് താഴുകൾ സ്ഥാപിച്ചത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തിൽ താഴുകൾ കണ്ടെത്തിയത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ ദ്രാവകം ഒഴിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ താഴുകൾ കാണുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സുരക്ഷാ വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. യുവാവ് കടന്നുപോവുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.

കെഎസ്ഇബിയുടെ പരാതിയില്‍ ഇടുക്കി പൊലീസ് കേസെടുത്തു. പ്രതി വിദേശത്തേക്ക് കടന്നതായാണ് പൊലീസിന്റെ കണ്ടെത്തിൽ. അതിനിടെ സുരക്ഷാ വീഴ്ചയിൽ പൊലീസിനെതിരെയും വിമർശനം ഉയരുന്നുണ്ട്. ഡാമിൽ സുരക്ഷാ വീഴ്ചയുണ്ടായി ഒന്നരമാസം പിന്നിട്ടശേഷമാണ് വിവരം പുറത്തറിയുന്നത്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പൊലീസ് അറിയിക്കുന്നില്ലെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com