
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോണ്ഗ്രസ് എംഎൽഎമാരെക്കൂടി പ്രതിചേർക്കും. എം എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർക്കാനാണ് നീക്കം. ഇവരെ പ്രതി ചേർത്ത ശേഷമാകും ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകുക. വനിതാ എംഎൽഎയെ തടഞ്ഞുവെന്ന കുറ്റം ചുമത്തിയാണ് പ്രതി ചേർക്കുക. ജമീല പ്രകാശത്തെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് മുൻ എംഎൽഎമാരെ കേസിൽ പ്രതിചേർക്കുന്നത്. ഐ.പി.സി 341, 323 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തുക.
കഴിഞ്ഞ മാസം കേസില് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്ട്ട് കോടതിയില് സമര്പ്പിച്ചിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് അന്വേഷണ പുരോഗതി റിപ്പോര്ട്ട് സമര്പ്പിച്ചത്. നൂറ് പേരുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് ഇതുവരെ രേഖപ്പെടുത്തിയത്. അന്വേഷണത്തില് മുന് സ്പീക്കര് എന് ശക്തന് വിമുഖതയെന്നും തുടരന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നും ക്രൈം ബ്രാഞ്ചിന് ആക്ഷേപമുന്നയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് കോടതിയില് ഇടക്കാല അന്വേഷണ റിപ്പോര്ട്ട് സമര്പ്പിച്ചത്. സംഭവ ദിവസം സഭയില് ഉണ്ടായിരുന്ന 27 എംഎല്എമാര്ക്ക് നോട്ടീസ് നല്കിയിട്ടുണ്ട്.
വീഡിയോ ദൃശ്യങ്ങള് സാക്ഷികളെ കാണിച്ച് മൊഴി എടുത്തുവെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. തുടരന്വേഷണത്തിനു അനുമതി നല്കിയപ്പോള് അന്വേഷണ പുരോഗതി റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് കോടതി നിര്ദ്ദേശിച്ചിരുന്നു. അതുപ്രകാരമാണ് ക്രൈം ബ്രാഞ്ചിന്റെ മുന്നോട്ടുപോക്ക്. രണ്ടുമാസത്തിനുള്ളില് അന്വേഷണം പൂര്ത്തിയാക്കണമെന്നും ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിചാരണ തീയതി നിശ്ചയിച്ച് തുടര് നടപടികളിലേക്ക് കടക്കാനിരിക്കെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്.
മന്ത്രി ശിവന്കുട്ടിയടക്കമുള്ള എല്ഡിഎഫ് നേതാക്കളാണ് കേസിലെ പ്രതികള്. 2015 മാര്ച്ച് 13ന് കെ എം മാണിയുടെ ബഡ്ജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘര്ഷമുണ്ടായത്.