
സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ മീൻ കച്ചവടം നടത്തി അഭിമാനമായി മാറിയ ഹനാൻ നമുക്ക് സുപരിചിതയാണ്. അന്നും ഇന്നും ഹനാൻ വാര്ത്തകളിലെ താരമാണ്. നടിയായും മോഡലായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ഹനാൻ സൈബർ ആക്രമണങ്ങൾക്കെതിരെ ഒട്ടേറെത്തവണ സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ പ്രവർത്തനങ്ങൾ ഇഷ്ടപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു അവാർഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിതച്ചെലവും സർക്കാരിൽനിന്ന് സ്വീകരിച്ചിട്ടില്ലെന്ന് ഹനാൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
തന്റെ ജീവിതത്തിലെ പ്രതിസന്ധികളോട് ഒറ്റക്ക് പോരാടി മുന്നേറുന്ന ഹനാൻ പുതിയ പോസ്റ്റ് പങ്കുവയ്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് റിപ്പോർട്ടർ ഓൺലൈനോട് പറയുന്നു...
'സർക്കാരിന്റെ ദത്തുപുത്രിയാണെന്ന' പരിഹാസം കേട്ട് മടുത്തു
പല വാർത്തകളും കേട്ട് എന്നെപ്പറ്റി പോസിറ്റീവായി ചിന്തിച്ചിരുന്ന പലരും എനിക്കെതിരെ സംസാരിക്കാൻ തുടങ്ങി. ഞാൻ എന്റേതായ വരുമാനം കണ്ടെത്തിയാണ് മുന്നോട്ടു പോകുന്നത്. വ്ളോഗ്, കൊളാബ്സ് ഉൾപ്പടെ എനിക്ക് വരുമാനം നേടിത്തരുന്നുണ്ട്. അതിന്റെയൊക്കെ താഴെ വന്നിട്ടാണ് കമന്റുകൾ ഇടുന്നത്. ഞാൻ ആർക്കും ഒരു ഉപദ്രവവും ചെയ്യാതെ ലൈഫ് മുന്നോട്ട് നീക്കുകയാണ്. ഇപ്പോൾ പറയുന്നത് ഞാൻ സർക്കാരിന്റെ ദത്തുപുത്രിയാണെന്നാണ്.
സർക്കാർ എന്നെ ചേർത്തുപിടിച്ചുകൊണ്ട് അംഗീകാരമായിട്ട് ഒരു അവാർഡ് തന്നു. അല്ലാതെ എന്റെ ജീവിത ചെലവിനായി സർക്കാരൊന്നും തന്നിട്ടില്ല. പക്ഷെ ആളുകൾ പറയുന്നത് സർക്കാർ ചെലവിലാണ് ഞാൻ ജീവിക്കുന്നത് എന്നാണ്. ഞാൻ ട്രാവൽ ചെയ്യുന്ന ആളാണ്. അപ്പോൾ നല്ല നല്ല ഹോട്ടലുകളിൽ താമസിക്കാറുണ്ട്. അതുകണ്ട് ആളുകൾ പറയുന്നത് എനിക്ക് ലക്ഷ്വറി ലൈഫാണ് ഇതെല്ലാം സർക്കാർ ചെലവിലാണ് ജനങ്ങളുടെ കാശ് കൊണ്ട് ഞാൻ അടിച്ചുപൊളിക്കുന്നു എന്നൊക്കെയാണ്. അതെന്റെ വ്യക്തിത്വത്തെ തന്നെ ബാധിക്കുന്ന കാര്യമാണ്. ഞാൻ ജോലി ചെയ്ത് ഉണ്ടാക്കുന്ന കാശാണത്. ഞാൻ ചെയ്യുന്ന എഫർട്ട് കാണാതെ സർക്കാർ ചെലവിലാണ് എന്റെ ജീവിതമെന്നൊക്കെ കേൾക്കുമ്പോൾ വളരെ ബുദ്ധിമുട്ടാണ്.
'നിങ്ങൾ വിവരാവകാശം എഴുതി കൊടുക്കൂ...'
വരുന്ന കമന്റുകൾക്കെല്ലാം ഞാൻ മറുപടി കൊടുക്കാറുണ്ട്. വിവരാവകാശം എഴുതി ചോദിക്കൂ, സർക്കാരിന്റെ പുത്രിയെന്നു പറഞ്ഞ് എന്തെങ്കിലും ഫണ്ട് എനിക്ക് വരുന്നുണ്ടോയെന്ന് അന്വേഷിക്കൂ എന്നെല്ലാം ഞാൻ മറുപടി കൊടുക്കാറുണ്ട്. ദത്തുപുത്രി സുഖിക്കുന്നുവെന്നും ജനങ്ങളെ പറ്റിച്ച് ജനങ്ങളുടെ കാശ് മുടിപ്പിക്കുന്നു എന്നെല്ലാമാണ് പറയുന്നത്. എനിക്കത് കാണുമ്പോൾ വളരെ വിഷമമുണ്ടാകുന്നുണ്ട്. കാര്യമറിയാതെ എനിക്കെതിരെ സംസാരിക്കുകയാണ്. എന്ത് ചെയ്താലും കമന്റ് വരും. സഹിക്കുന്നതിനൊക്കെ പരിധിയുണ്ട്. എന്റെ ശബ്ദത്തെ പോലും കുറ്റം പറയുകയാണ്. എന്റെ സംസാരം, എന്റെ ചിരി ഒക്കെ മറ്റുള്ളവർക്ക് അലോസരമാണ്. ബോഡി ഷെയ്മിങ്ങുൾപ്പടെ എനിക്കെതിരെ നടക്കുന്നുണ്ട്. എന്നും ഇത് കാണുമ്പോൾ സഹിക്കാനാവുന്നില്ല. എന്നെ നന്നായി ഇത് ബാധിക്കുന്നുണ്ട്.
'എനിക്ക് ആരുടെയും പൈസ വേണ്ട'
'എന്തെങ്കിലും ഫങ്ഷനൊക്കെ പോയി ആരോടെങ്കിലും സംസാരിച്ചാൽ അപ്പോൾ ചോദിക്കും, സർക്കാർ ചെലവിൽ നന്നായി ജീവിക്കുന്നില്ലേയെന്ന്. വീടുവെച്ചുതരാമെന്ന് പലരും പറഞ്ഞിട്ടുപോലും ഞാൻ അത് നിരസിച്ചിട്ടുണ്ട്. സ്വന്തമായി കാശുണ്ടാക്കി ജീവിക്കണമെന്ന ആഗ്രഹമാണെനിക്ക്. എനിക്ക് ആരുടെയും പൈസ വേണ്ട. ഇത് ക്ലിയറായി പലതവണ പറഞ്ഞതാണ്. സത്യാവസ്ഥ സ്നേഹത്തോടെ പറഞ്ഞു മനസിലാക്കാമെന്നു കരുതിയാണ് പോസ്റ്റിട്ടത്', ഹനാൻ റിപ്പോർട്ടർ ഓൺലൈനോട് പറഞ്ഞു.