
കൊച്ചി: സിനിമ-സീരിയൽ നടൻ കൈലാസ് നാഥ് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും കൈലാസ് അഭിനയിച്ചിട്ടുണ്ട്. നടി സീമ ജി നായർ ഉൾപ്പെടെയുള്ളവർ നടന്റെ വിയോഗവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച നടക്കും.
ഇന്ന് വൈകിട്ട് 3.30ഓടെയാണ് മരണം. തിരുവനന്തപുരം സ്വദേശിയായ കൈലാസ് മകൾ ധന്യയ്ക്കൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു താമസം. കരൾ രോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
മലയാളത്തിൽ ‘ഇതു നല്ല തമാശ’ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 1977ൽ പുറത്തിറങ്ങിയ ‘സംഗമം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് എത്തിയത്. തമിഴ് സിനിമയിലും കൈലാസ് സജീവമായിരുന്നു.