Top

ട്വിറ്റർ ഏറ്റെടുക്കൽ നിർത്തി വെച്ചെന്ന് ഇലോൺ മസ്ക്; തമാശയാണോ കാര്യമാണോയെന്ന് അവ്യക്തം

13 May 2022 12:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്വിറ്റർ ഏറ്റെടുക്കൽ  നിർത്തി വെച്ചെന്ന് ഇലോൺ മസ്ക്; തമാശയാണോ കാര്യമാണോയെന്ന് അവ്യക്തം
X

ന്യൂയോർക്ക്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങാനുള്ള കരാർ അന്തിമ ഘട്ടത്തിലെത്തിയിരിക്കെ ഏറ്റെടുക്കൽ കരാർ നിർത്തി വെച്ചിരിക്കുകയാണെന്ന് ഇലോൺ മസ്ക്. 44 ബില്യൺ ഡോളറിന്റെ കരാറിന് ട്വിറ്റർ ബോർഡുമായി ധാരണയിലെത്തി ആഴ്ചകൾ പിന്നിടവെയാണ് മസ്കിന്റെ അപ്രതീക്ഷിത അറിയിപ്പ്. ട്വിറ്ററിലെ, വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ച് വിശദ വിവരം ലഭിക്കുന്നത് വരെ ഡീൽ നിർത്തി വെച്ചിരിക്കുകയാണെന്നാണ് ഇലോൺ മസ്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ തമാശയായി തുടരെ ട്വീറ്റുകൾ ഇടുന്ന മസ്ക് ഇത് കാര്യമായി പറഞ്ഞതാണോയെന്ന് വ്യക്തമല്ല.

വ്യാജ അക്കൗണ്ടുകളുടെ പേരിൽ ഡീൽ നിർത്തി വെച്ചു എന്ന് മസ്ക് പറഞ്ഞത് തമാശയാവാനാണ് സാധ്യതയെന്നാണ് ഒരു വിഭാ​ഗം പറയുന്നത്. കാരണം സാധാരണ കമ്പനികൾ ഏറ്റെടുക്കൽ, ലയന ഡീലുകൾ എന്നിവ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്തരം വിഷയങ്ങളിൽ ചർച്ച ചെയ്ത് ധാരണയിലെത്താറുണ്ട്.

മാത്രമല്ല ട്വിറ്ററിൽ 5 ശതമാനം മാത്രം വ്യാജ അക്കൗണ്ടുകളെന്ന റോയിട്ടേഴ്സ് റിപ്പോർട്ടാണ് മസ്കിന്റെ ട്വീറ്റിന് ആധാരം. യഥാർത്ഥത്തിൽ ഈ കണക്ക് വിദ​ഗ്ധർ‌ പ്രതീക്ഷിച്ചതിനേക്കാൾ കുറവാണ്. ഒരു പോസിറ്റീവ് വാർത്തയുടെ പേരിൽ ഏറ്റെടുക്കൽ നിർത്തിവെച്ചു എന്ന് മസ്ക് പറയുന്നത് തമാശയായി കണ്ടാൽ മതിയെന്നാണ് ഉയരുന്ന അഭിപ്രായം. എന്നാൽ മസ്കിന്റെ കാര്യമായതിനാൽ ഒന്നും പറയാനാവില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ഓഹരി ഒന്നിന് 54.20 ഡോളര്‍ എന്ന നിരക്കില്‍ 44 ബില്ല്യൺ ഡോളറിനാണ് ഏപ്രിലിൽ ട്വിറ്റർ വാങ്ങാൻ മസ്ക് ധാരണയായത്. കൈമാറ്റം പൂര്‍ത്തിയാവുന്നതോടെ പൂര്‍ണ്ണമായും ഒരാളുടെ കയ്യിലുള്ള കമ്പനിയായി ട്വിറ്റര്‍ മാറും. ഏപ്രില്‍ ഒന്നിനുള്ള ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിംഗ് മൂല്യത്തേക്കാള്‍ 38 ശതമാനം കൂടുതലാണ് കരാര്‍ തുക. ഓഹരി ഉടമകളുടെ സമ്മര്‍ദ്ദം മസ്‌കിന്റെ വാഗ്ദാനത്തെക്കുറിച്ച് ഗൗരവമായി പരിഗണിക്കാന്‍ കാരണമായെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മികച്ച ഓഫറാണ് ഇതെന്ന് പല ഓഹരി ഉടമകളും വിലയിരുത്തിയിരുന്നു.

Story Highlight: Elon musk says twitter deal is on hold

Next Story

Popular Stories