Top

'ആരെ പിന്തുണച്ചാലും ഋഷി സുനക്കിനെ അരുത്'; പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരോട് ബോറിസ് ജോണ്‍സണ്‍

16 July 2022 2:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരെ പിന്തുണച്ചാലും ഋഷി സുനക്കിനെ അരുത്; പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരോട് ബോറിസ് ജോണ്‍സണ്‍
X

ലണ്ടന്‍: ബ്രിട്ടനില്‍ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തുടരവേ, ഋഷി സുനക്കിനെതിരെ ബോറിസ് ജോണ്‍സണ്‍. ആരെ പിന്തുണച്ചാലും ഋഷി സുനക്കിനെ പിന്തുണയ്ക്കരുതെന്ന് ബോറിസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിശ്വസ്തരോട് ആഹ്വാനം ചെയ്തു. നിലവില്‍ കാവല്‍ പ്രധാനമന്ത്രിയാണ് ബോറിസ്.

ജൂലൈ ഏഴിന് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ജോണ്‍സണ്‍ രാജിവച്ചിരുന്നു. സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ പിന്തുണ നഷ്ടപ്പെട്ടതിനേത്തുടര്‍ന്നായിരുന്നു ഇത്. ഋഷി സുനക്കാണ് പിന്തുണ ഇടിയാനുള്ള കാരണമെന്ന് ബോറിസ് ജോണ്‍സണും അനുകൂലികളും കുറ്റപ്പെടുത്തുന്നതായി ആരോപണമുണ്ട്. ഇതിനിടെയാണ് സുനക്കിനെതിരെ ബോറിസ് നീക്കം നടത്തുകയാണെന്ന വാര്‍ത്തകള്‍.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കുകയോ മത്സരത്തില്‍ പരസ്യമായി ഇടപെടുകയോ ചെയ്യില്ലെന്ന് ജോണ്‍സണ്‍ മുമ്പ് പറഞ്ഞിരുന്നു. ജോണ്‍സന് ഏറ്റവും താല്‍പര്യം വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിനോടാണെന്ന് സൂചനകളുണ്ട്. സഹപ്രവര്‍ത്തകരായ ജേക്കബ് റീസ്‌മോഗും നദീന്‍ ഡോറിയും ഇതംഗീകരിച്ചതായും വിവരമുണ്ട്. സുനക്കിന് പകരം ജൂനിയര്‍ ട്രേഡ് മന്ത്രിയായ പെന്നി മോര്‍ഡൗന്റിനെ പിന്‍ഗാമിയാക്കാന്‍ ജോണ്‍സണ്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാര്‍ലമെന്റിലെ ടോറി അംഗങ്ങളുടെ ആദ്യ രണ്ട് റൗണ്ട് വോട്ടിംഗില്‍ സുനക് ഒന്നാമതെത്തിയിരുന്നു. ശേഷിക്കുന്ന എതിരാളികളുമായുള്ള ടെലിവിഷന്‍ സംവാദങ്ങളുടെ പരമ്പരയില്‍ സുനക്ക് പങ്കെടുക്കും. വ്യാപാര മന്ത്രി പെന്നി മോര്‍ഡൗണ്ട്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുന്‍ മന്ത്രി കെമി ബാഡെനോക്ക്, ടോറി ബാക്ക്‌ബെഞ്ചര്‍ ടോം തുഗെന്ധത് എന്നിവരാണ് പ്രധാനമന്ത്രി പദത്തിന് വേണ്ടി നടത്തുന്ന ഉള്‍പാര്‍ട്ടി മത്സരത്തിലുള്ളത്.

ഋഷി സുനക് ഒഴികെ മറ്റാരെങ്കിലും വിജയിക്കണമെന്ന് ജോണ്‍സണ്‍ ആവശ്യപ്പെട്ടതായുള്ള ആരോപണം അടുത്ത അനുയായികള്‍ നിരസിച്ചു. എങ്കിലും ബോറിസിനോടുള്ള സുനക്കിന്റെ 'വഞ്ചന'യില്‍ നീരസമുണ്ടെന്ന് സമ്മതിച്ചു. ടോറി എംപിമാര്‍ക്ക് അപ്പുറത്തേക്ക് സുനക്കിന് ശക്തമായ സ്വാധീനമില്ലെന്ന വാദങ്ങള്‍ സുനക് ക്യാംപ് തള്ളി.

Story highlight: 'Don't support Rishi Sunak' Boris Johnson to his party colleagues

Next Story