200 കടന്ന് ലേബര്‍ പാര്‍ട്ടി; മാറ്റം ഇവിടെ തുടങ്ങുന്നുവെന്ന് കെയ്ര്‍ സ്റ്റാര്‍മര്‍

എക്‌സിറ്റ് പോള്‍ ഫലങ്ങളും നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പ്രവചിച്ചിരുന്നത്.
200 കടന്ന് ലേബര്‍ പാര്‍ട്ടി; മാറ്റം ഇവിടെ തുടങ്ങുന്നുവെന്ന് കെയ്ര്‍ സ്റ്റാര്‍മര്‍

ലണ്ടന്‍:പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബ്രിട്ടനില്‍ അധികാരമാറ്റത്തിന്റെ സൂചനകള്‍. 14 വര്‍ഷത്തിന് ശേഷം ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന ഫല സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളും നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പ്രവചിച്ചിരുന്നത്.

650 സീറ്റുകളില്‍ ലേബര്‍പാര്‍ട്ടി ഇതിനോടകം 205 സീറ്റുകളില്‍ വിജയിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 32 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി 24 സീറ്റുകളില്‍ വിജയിച്ചു. ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡാവി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു.യുകെയിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാമർ പറഞ്ഞു.

650 സീറ്റുകളില്‍ 400ലധികം സീറ്റുകള്‍ നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. കെയ്ര്‍ സ്റ്റാര്‍മര്‍ അടുത്ത പ്രധാനമന്ത്രിയാവും. മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് സ്റ്റാര്‍മര്‍. ടോറികളെ അഞ്ച് വര്‍ഷം കൂടി താങ്ങാനാവില്ലെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ബ്രിട്ടന്‍ പുതിയ അധ്യായം കുറിക്കുമെന്നും കാംഡെനില്‍ വോട്ടുചെയ്ത ശേഷം സ്റ്റാര്‍മര്‍ പറഞ്ഞിരുന്നു.

2022 ഒക്ടോബറില്‍ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതിന് പിന്നാലെയാണ് ഋഷി സുനക് പ്രധാനമന്ത്രിയായത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോടുള്ള എതിര്‍വികാരം ഋഷി സുനക് ഭരണത്തിന് അന്ത്യം കുറിക്കുമെന്നാണ് കരുതുന്നത്.2019ലെ തിരഞ്ഞെടുപ്പില്‍ 365 സീറ്റുകളാണ് കണ്‍സര്‍വേറ്റീവുകള്‍ നേടിയത്.

1997 ൽ ടോണി ബ്ലയർ ആണ് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയിട്ടുള്ളത്. 418 സീറ്റാണ് അന്ന് ടോണി ബ്ലെയറിന്റെ ലേബ‍ർ പാർട്ടി സ്വന്തമാക്കിയത്. ഇതിലും വലിയ വിജയമാണ് സ്റ്റാമറിനെ കാത്തിരിക്കുന്നതെന്നാണ് അവസാന നിമിഷവും പുറത്തുവരുന്നത്. എന്നാൽ കൺസർവേറ്റീവ് പാ‍ർട്ടിയെ കാത്തിരിക്കുന്നത് 1834 ൽ പാർട്ടി നിലവിൽ വന്നതിന് ശേഷം നേരിടാൻ പോകുന്ന കനത്ത പരാജയമായിരിക്കുമെന്നാണ് വിലയിരുത്തൽ. 64 സീറ്റിന്റെ മാത്രം വിജയമാണ് കൺസർ‌വേറ്റുകൾക്ക് ലഭിക്കുകയെന്നാണ് നിരീക്ഷണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com