കാണ്ടാമൃഗങ്ങളെ കൊന്നാൽ പിടിവീഴും; പുതിയ പദ്ധതിയുമായി ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ

ചെറിയ രണ്ട് റേഡിയോ ആക്ടീവ് ചിപ്പുകള്‍ കാണ്ടാമൃഗത്തിന്റെ കൊമ്പിനുള്ളില്‍ ഘടിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്
കാണ്ടാമൃഗങ്ങളെ കൊന്നാൽ പിടിവീഴും; പുതിയ പദ്ധതിയുമായി  ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ

കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയാനായി പുതിയ പദ്ധതിയുമായി ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ. കാണ്ടാമൃഗങ്ങളെ പിടിച്ച് അവയുടെ കൊമ്പുകളില്‍ റേഡിയോ ആക്ടീവ് മെറ്റീരിയല്‍ ഘടിപ്പിക്കുകയാണ് ശാസ്ത്രജ്ഞർ. റൈസോടോപ് പ്രോജക്ട് എന്ന് പേര് നല്‍കിയിട്ടുള്ള പദ്ധതിയിലൂടെ 20 കാണ്ടാമൃഗങ്ങളുടെ കൊമ്പുകളിലാണ് ഇപ്പോള്‍ റേഡിയോ ആക്ടീവ് മെറ്റീരിയല്‍ ഘടിപ്പിച്ചിട്ടുള്ളത്. മനുഷ്യനെക്കൊണ്ട് കാണ്ടാമൃഗങ്ങൾക്ക് രക്ഷയില്ലാതായപ്പോഴാണ് അവയെ രക്ഷിക്കാനായി പുത്തന്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ അത്രയേറെ മൂല്യമുള്ള വസ്തുവാണ് കാണ്ടാമൃഗത്തിന്റെ കൊമ്പ്. ഇത് ലഭിക്കുന്നതിനായി വലിയ തോതിലാണ് കള്ളക്കടത്തുകാര്‍ ഇവയെ കൊന്നൊടുക്കുന്നത്. ലോകത്ത് ഓരോ 20 മണിക്കൂറിലും ഓരോ കാണ്ടാമൃഗം കൊമ്പിനായി കൊല്ലപ്പെടുന്നു എന്നാണ് കണക്കുകള്‍. 2023-ൽ 499 കാണ്ടാമൃഗങ്ങൾ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. വിറ്റ്‌വാട്ടര്‍സ്രാന്‍ഡ് സര്‍വകലാശാലയിലെ റേഡിയേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഫിസിക്‌സ് യൂണിറ്റ് ഡയറക്ടര്‍ ജെയിംസ് ലാര്‍കിന്റെ നേതൃത്വത്തിലാണ് റൈസോടോപ് പ്രോജക്ട് നടപ്പിലാക്കുന്നത്.

ചെറിയ രണ്ട് റേഡിയോ ആക്ടീവ് ചിപ്പുകള്‍ കണ്ടാമൃഗത്തിന്റെ കൊമ്പിനുള്ളില്‍ ഘടിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കാണ്ടാമൃഗങ്ങള്‍ക്കോ അവയുടെ ആവാസവ്യവസ്ഥയ്‌ക്കോ ഈ റേഡിയോ ആക്ടീവ് ചിപ്പ് മൂലം ഒരു വിധത്തിലുള്ള ദോഷവും ഉണ്ടാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ദേശീയ അതിർത്തികളിൽ ഇതിനകം സ്ഥാപിച്ചിട്ടുള്ള റേഡിയേഷൻ ഡിറ്റക്ടറുകൾ വേട്ടക്കാരെ അറസ്റ്റ് ചെയ്യാൻ അധികാരികളെ സഹായിക്കുമെന്നും ഇവർ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com