
ഗാസ സിറ്റി: ഗാസയിൽ കുട്ടികളുടെ ആശുപത്രിക്ക് നേരെ ആക്രമണം. ഗാസയിലെ അൽനസർ ആശുപത്രിക്ക് നേരെ രണ്ടു തവണയാണ് ആക്രമണമുണ്ടായത്. ഇതേ തുടർന്ന് ആശുപത്രി അടച്ചു. വെസ്റ്റ് ബാങ്കിൽ റെഡ്ക്രസൻ്റ് ആംബുലൻസിന് നേരെ ആക്രമണമുണ്ടായി. ഗാസ സിറ്റി ആശുപത്രിയിലും ആക്രമണമുണ്ടായി. നിലവിൽ പല ആശുപത്രികളിലും ആവശ്യത്തിനുള്ള മരുന്നുകളില്ലാത്ത അവസ്ഥയാണുള്ളത്. മുറിവുകളിൽ മരുന്നായി നൽകുന്നത് പഞ്ചസാരയും വിനാഗിരിയുമാണെന്ന് ഡോക്ടർമാർ മാധ്യമങ്ങളെ അറിയിച്ചു.
വെസ്റ്റ് ബാങ്കിലെ ജെനിനിലുണ്ടായ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ലെബനൻ അതിർത്തിയിലും സംഘർഷം രൂക്ഷമായ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം ബന്ദിയാക്കിയ ഇസ്രയേൽ സൈനികൻ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. അതേസമയം ഇതുവരെ 50 ഹമാസുകാരെ വധിച്ചതായി ഐഡിഎഫ് അറിയിച്ചു.
അതിനിടെ വടക്കൻ ഗാസയിൽ പൗരന്മാരുടെ പലായനത്തിനായി ദിവസവും നാല് മണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചതായി അമേരിക്ക അറിയിച്ചു. എന്നാൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ വേണമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ്റ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി.
ഹമാസ് കൊലപ്പെടുത്തിയവരെ കണ്ടെത്താൻ പരുന്തിനെയും കഴുകനെയും ഉപകരണമാക്കി ഇസ്രയേൽഗാസയിലെ സംഘർഷാവസ്ഥയെക്കുറിച്ച് ഖത്തറും യുഎഇയും ചർച്ച നടത്തി. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദും തമ്മിൽ അബുദബിയിൽ വെച്ച് നടന്ന ചർച്ചയിൽ ഗാസയിൽ അടിയന്തര വെടിനിർത്തലിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും കൂടുതൽ സഹായം ആവശ്യമുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.