മുൻ അനുഭവങ്ങൾ നിപയെ അതിജീവിക്കാൻ കരുത്താവും; 2018ൽ നിപയെ തോല്‍പ്പിച്ചത് മികച്ചൊരു പാഠപുസ്തകം

കോഴിക്കോട് പടര്‍ന്ന് പിടിച്ച് കേരളത്തെ ഭീതിയിലാഴ്ത്തിയ നിപയെ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം പൊരുതി തോല്‍പ്പിച്ചതിന്റെ നാള്‍വഴികള്‍ ഒരു ഫിക്ഷനെക്കാള്‍ ആകാംക്ഷയുണര്‍ത്തുന്ന സംഭവപരമ്പരകളിലൂടെ പരന്നുകിടക്കുകയാണ്
മുൻ അനുഭവങ്ങൾ നിപയെ അതിജീവിക്കാൻ കരുത്താവും; 2018ൽ നിപയെ തോല്‍പ്പിച്ചത് മികച്ചൊരു പാഠപുസ്തകം

കോഴിക്കോട് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതോടെ കേരളം ജാഗ്രതയിലാണ്. കോഴിക്കോട് കടുത്ത നിയന്ത്രണങ്ങള്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2018ല്‍ നിപ സ്ഥിരീകരിക്കുമ്പോള്‍ ഉണ്ടായ സാഹചര്യമല്ല ഇന്നുള്ളത്. നിപ പോലെ ഗുരുതര സ്വഭാവമുള്ളൊരു രോഗത്തെ നേരിട്ട മുന്‍പരിചയം ഇല്ലാതിരുന്നിട്ടും വളരെ ജാഗ്രയോടെ ഗുരുതരസാഹചര്യത്തെ അഭിമുഖീകരിക്കാനും മറികടക്കാനും നമുക്ക് സാധിച്ചിരുന്നു. ആ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കോഴിക്കോട് സ്ഥിരീകരിച്ചിരിക്കുന്ന നിപബാധയെയും മറികടക്കാന്‍ നമുക്ക് സാധിക്കും. ആരോഗ്യവകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് നിലവിലെ പ്രതിസന്ധിയെ മറികടക്കാന്‍ എല്ലാവരും ചേര്‍ന്ന് നില്‍ക്കേണ്ട സമയമാണിത്. 2018ല്‍ കോഴിക്കോട് സ്ഥിരീകരിക്കപ്പെട്ട നിപ ബാധയെ നമ്മള്‍ മറികടന്നത് ഈ ഘട്ടത്തില്‍ ഓര്‍മ്മിച്ച് പോകേണ്ടത്, ആത്മവിശ്വാസത്തോടെ ഈ സാഹചര്യത്തെ നേരിടുന്നതിന് അനിവാര്യമാണ്.

നിപയെ കണ്ടെത്തുന്നു

കേരളത്തിന്റെ സുശക്തമായ പൊതുജനാരോഗ്യ മേഖല കഴിഞ്ഞ കാലങ്ങളില്‍ നേരിട്ട ഏറ്റവും കടുത്ത വെല്ലുവിളിയാണ് കോഴിക്കോട് പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ബാധ. ഭാവിയില്‍ നമ്മളെ പിടികൂടാന്‍ സാധ്യതയുള്ള ഏതൊരു വൈറല്‍ രോഗബാധയെ പ്രതിരോധിക്കുമ്പോഴും ഒരു മാതൃകാപാഠപുസ്തകം പോലെ പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ഹൃദ്യസ്ഥമാക്കേണ്ടതാണ് കോഴിക്കോട് നടന്ന നിപ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് പടര്‍ന്ന് പിടിച്ച് കേരളത്തെ ഭീതിയിലാഴ്ത്തിയ നിപയെ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം പൊരുതി തോല്‍പ്പിച്ചതിന്റെ നാള്‍വഴികള്‍ ഒരു ഫിക്ഷനെക്കാള്‍ ആകാംക്ഷയുണര്‍ത്തുന്ന സംഭവപരമ്പരകളിലൂടെ പരന്നുകിടക്കുകയാണ്. പേരറിയുന്നതും പേരറിയത്താതുമായ മനുഷ്യസ്നേഹികളായ ഒരുവലിയ വിഭാഗം ജനങ്ങളുടെ ത്യാഗോജ്ജ്വലമായ ആത്മസമര്‍പ്പണത്തിന്റെ കൂടി ഏടുകള്‍ അതിന്റെ ഭാഗമാണ്.

2018 മെയ് പതിനഞ്ചോടെയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഇരുപത്തിയഞ്ച് വയസ്സിനടുത്ത് പ്രായമുള്ളൊരു ചെറുപ്പക്കാരന്‍ അഡ്മിറ്റാകുന്നത്. വളരെ ശക്തമായ ന്യുമോണിയയുടെയും ചെറിയ മസ്തിഷ്‌ക ജ്വരത്തിന്റെയും ലക്ഷണങ്ങളെല്ലാം ആ ചെറുപ്പക്കാരന്‍ പ്രകടിപ്പിച്ചിരുന്നു. അതിനടുത്ത ദിവസങ്ങളില്‍ തന്നെ ആ ചെറുപ്പക്കാരന്റെ ബാപ്പയും അടുത്ത ബന്ധുവായ ഒരു സ്ത്രീയും അഡ്മിറ്റായി.

ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടര്‍ അനൂപ്, നൂറോളജിസ്റ്റ് ഡോക്ടര്‍ ജയകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് ഒരേ കുടുംബത്തില്‍ത്തന്നെ സമാന ലക്ഷണങ്ങളോടെ ഏതാണ്ട് ഒരേ സമയത്ത് മൂന്ന് കേസുകള്‍ ഉണ്ടാകുന്നതില്‍ തോന്നിയ അസ്വഭാവികതയാണ് ഈ മാരകമായ പകര്‍ച്ചവ്യാധിയുടെ കണ്ടെത്തലിന് വഴിതെളിച്ചത്. ഇപ്പറഞ്ഞ സംഭവം നടക്കുന്നതിനും കുറച്ച് നാള്‍മുമ്പ് കുഞ്ഞുങ്ങളെ അമ്മ തന്നെ വിഷം കൊടുത്തുകൊന്ന പ്രമാദമായ സംഭവത്തില്‍ മരണപ്പെട്ട കുട്ടികള്‍ ഇവിടെ അഡ്മിറ്റായിരുന്നു. അന്ന് കുട്ടികള്‍ക്ക് വിഷം കൊടുത്തതാണെന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് മനസ്സിലായിരുന്നില്ല. സാധാരണ രോഗികളെ ചികിത്സിക്കുന്നതു പോലെ തന്നെ ഡോക്ടര്‍മാര്‍ ആ കുഞ്ഞുങ്ങളെയും ചികിത്സിച്ചു. ഒരേ കുടുംബത്തില്‍ത്തന്നെ ഇങ്ങനെ ഉണ്ടാവുന്നതിലുള്ള അസ്വാഭാവികത അവര്‍ ശ്രദ്ധിച്ചില്ല. പിന്നീടാണ് കുഞ്ഞുങ്ങള്‍ക്ക് അമ്മ വിഷം കൊടുക്കുകയായിരുന്നു എന്ന് മനസ്സിലാകുന്നത്.

ഈയൊരു പശ്ചാത്തലം മുന്നിലുള്ളതിനാല്‍ തന്നെ ഒരേ കുടുംബത്തില്‍ നിന്നും ഒരേ രോഗലക്ഷണത്തോടെ മൂന്നുപേര്‍ അഡ്മിറ്റായപ്പോള്‍ ഇവിടുത്തെ ഡോക്ടര്‍മാര്‍ പതിവിലധികം ജാഗരൂകരായി. ഒരേ കുടുംബത്തില്‍പ്പെട്ട ഒന്നിലധികം പേര്‍ ഒരേ രോഗലക്ഷണത്തോടെ അഡ്മിറ്റായാല്‍ രണ്ട് സാധ്യതകളാണ് സംശയിക്കേണ്ടത്. ഒന്നുകില്‍ ഏതെങ്കിലും വലിയൊരു പകര്‍ച്ചവ്യാധി ആ കുടുംബത്തെ ബാധിച്ചിരിക്കുന്നു. അല്ലെങ്കില്‍ വിഷപ്രയോഗം പോലെ എന്തെങ്കിലും. ഈ രണ്ട് സാധ്യതകള്‍ മുന്നില്‍ വച്ച് ബേബി മെമ്മോറിയലിലെ ഡോക്ടര്‍മാര്‍ ജാഗ്രതയോടെ ഈ രോഗികളെ പഠിച്ചു. രോഗബാധിതനായി ആദ്യം അഡ്മിറ്റായ ചെറുപ്പക്കാരന്റെ സഹോദരന്‍ ഏതാണ്ട് പത്ത് ദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമാനലക്ഷണങ്ങളോടെ മരണമടഞ്ഞ വിവരം ഈ ഡോക്ടര്‍മാര്‍ മനസ്സിലാക്കി. ന്യുമോണിയയുടെയും മസ്തിഷ്‌ക ജ്വരത്തിന്റെയും ലക്ഷണത്തോടെ ഒരു കുടുംബത്തിലെ നാലോളം പേര്‍ക്ക് ഏതെല്ലാം സാഹചര്യങ്ങളില്‍ രോഗം ബാധിക്കാമെന്ന് ഡോക്ടര്‍മാര്‍ തലപുകച്ചു. ഒട്ടനവധി രോഗങ്ങള്‍ ഇവരുടെ മനസ്സിലൂടെ കടന്നുപോയി. ഇതില്‍ ഒരുരോഗം മാത്രമായിരുന്നു നിപ.

മണിപ്പാല്‍ വൈറോളജി ഇന്‍സിസ്റ്റ്യൂട്ടിന്റെ തലവന്‍ ഡോക്ടര്‍ അരുണ്‍ കുമായിയുമായി ഈ ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്ന പരിചയം ഇത്തരുണത്തില്‍ നിര്‍ണ്ണായകമായി. ബേബി മെമ്മോറിയയിലെ ഡോക്ടര്‍മാര്‍ ഡോ. അരുണിനെ ഫോണില്‍ ബന്ധപ്പെടുകയും ഇതിനെ തുടര്‍ന്ന് രോഗികളുടെ സാമ്പിള്‍സ് രോഗികളുടെ ബന്ധു മുഖാന്തിരം മണിപ്പാലിലേയ്ക്ക് കൊടുത്തുവിടുകയും ചെയ്തു. നിപ എന്ന ഗുരുതരമായ വൈറല്‍ രോഗം മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ നിപ വൈറസിന്റെ സാന്നിധ്യം കൂടി നിര്‍ബന്ധമായും പരിശോധിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സംഭവങ്ങള്‍ നടക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ഡോ ജയകൃഷ്ണന്‍ നിപ രോഗത്തെപ്പറ്റിയുള്ള ചില പ്രബന്ധങ്ങള്‍ വായിക്കാനിടയായി എന്ന ആകസ്മികതയാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശത്തിനു പിന്നില്‍ ഉണ്ടായിരുന്നത്. ഇത്തരത്തില്‍ അനവധി യാദൃശ്ചികതകള്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ കോര്‍ത്തിണക്കപ്പെടുന്നതിന് കാരണമായി.

ബയോസെഫ്റ്റി 4 ല്‍ വരുന്ന ലാബുകള്‍ക്ക് മാത്രമേ നിപ ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളു. ഏറ്റവും ഉയര്‍ന്ന അളവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ലാബറട്ടറികളാണ് B SL 4. അത്യന്തം തീവ്രസ്വഭാവം പ്രകടിപ്പിക്കാന്‍ സാധ്യതയുള്ളൊരു വൈറസ്, ലാബില്‍ നിന്ന് ഏതെങ്കിലും വിധേന പുറത്തേയ്ക്ക് കടന്നാല്‍ പരിസരത്തുള്ളവരെയെല്ലാം അപായപ്പെടുത്താന്‍ കഴിയുന്നൊരു വൈറസ്, ഇത്തരം വൈറസുകളെ ബയോസെഫ്റ്റി ലെവല്‍ 4ല്‍ പെട്ട ലാബുകള്‍ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നാണ് വ്യവസ്ഥ. ഇത്തരത്തില്‍ ബയോസെഫ്റ്റി 4 പ്രകാരമുള്ള ലാബില്‍ മാത്രം സ്ഥിരീകരിക്കേണ്ട ഒന്നാണ് നിപ. സാധാരണ ലാബുകളിലൊന്നും അതിനാല്‍ നിപ പരിശോധിക്കാന്‍ സാധിക്കില്ല. ബയോസെഫ്റ്റി 3 ലെവലിലുള്ള ലാബുകളില്‍ നിപ കണ്ടെത്തിയാലും ബയോസെഫ്റ്റി 4ല്‍ വരുന്ന ലാബുകള്‍ക്ക് മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ സാധിക്കൂ. രാജ്യത്ത് രണ്ട് ലബോര്‍ട്ടറികള്‍ മാത്രമേ ബയോസെഫ്റ്റി 4ല്‍ വരുന്നുള്ളു. മനുഷ്യനെ ബാധിക്കുന്ന വൈറസുകള്‍ പരിശോധിക്കുന്ന നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് വൈറോളജി പൂനെയിലും, മൃഗങ്ങളിലുള്ള വൈറസുകള്‍ പരിശോധിക്കുന്നത് ഭോപ്പാലിലുമാണുള്ളത്.

കോഴിക്കോടു നിന്നും അയച്ചുകൊടുത്ത സാമ്പിളുകളില്‍ നിപയുടെ സാന്നിധ്യം വളരെവേഗം മണിപ്പാലിലെ ലാബോര്‍ട്ടറി കണ്ടെത്തി. ബയോസെഫ്റ്റി 3 ആയതിനാല്‍ ഇവര്‍ക്ക് നിപ സ്ഥിരീകരിക്കാനുള്ള അവകാശമില്ലാത്തതിനാല്‍ സാമ്പിള്‍ നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് വൈറോളജി പൂനെയ്ക്ക് അയച്ചു കൊടുത്തു മാത്രമേ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു. മണിപ്പാലിലെ ഡോക്ടര്‍ അരുണ്‍ കുമാര്‍ അടിയന്തിരമായി ഈ സാമ്പിള്‍ ഉടനടി പൂനെയ്ക്ക് അയച്ചു. നിപ കണ്ടെത്തിയ വിവരം സൂചിപ്പിച്ചാണ് സാമ്പിള്‍ പൂനെയിലേയ്ക്ക് അയച്ചത്. അതോടൊപ്പം ആരോഗ്യവകുപ്പ് മന്ത്രിയെ മാരകമായൊരു വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ വിവരം അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. രോഗം നിപയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള അവകാശം ഇല്ലായെന്ന പരിമിതികള്‍ക്കകത്ത് നിന്നാണ് അദ്ദേഹം ഇതെല്ലാം ചെയ്തത്. അത്യന്തം മാരകമായ വൈറസിന്റെ സാന്നിധ്യം മനസ്സിലായിട്ടുണ്ട്, അടിയന്തരമായി പ്രതിരോധപ്രവര്‍ത്തനം തുടങ്ങണം. വൈറസ് ഏതാണെന്ന് സ്ഥിരീകരിച്ച് ഈ വിവരം നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് വൈറോളജി അറിയിക്കും എന്ന വിവരമാണ് അദ്ദേഹം അടിയന്തിരമായി ആരോഗ്യവകുപ്പ് മന്ത്രിക്ക് കൈമാറിയത്.

ഏത് വൈറസാണെന്ന് കൃത്യമായി അറിയാതെയാണ് കേരളത്തിലെ ആരോഗ്യവകുപ്പ് വൈറസിനെതിരായ പ്രതിരോധപ്രവര്‍ത്തനം ആരംഭിക്കുന്നത്. പിറ്റേന്നാണ് വൈറസ് നിപയാണെന്ന ഔദ്യോഗിക സ്ഥിരീകരണം വരുന്നത്. പിന്നീട് വളരെ ഗൗരവും കാര്യക്ഷമവും പഴുതടച്ചുമുള്ള പ്രതിരോധപ്രവര്‍ത്തനമാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയത്. ആരോഗ്യമേഖലയിലെ ജീവനക്കാര്‍ കൈ-മെയ് മറന്ന് നടത്തിയ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടലാണ് കോഴിക്കോട് നിപ വ്യാപനം തടഞ്ഞതും മരണ സംഖ്യ ഇരുപതില്‍ ഒതുക്കിയതും. ഇരുപത് പേര്‍ മരിച്ചുവെന്നത് ഖേദകരമാണ്. എന്നാല്‍ മരണസംഖ്യ ഇരുപതില്‍ ഒതുക്കിയത് എങ്ങനെയാണെന്ന് മനസ്സിലാക്കുമ്പോഴാണ് നിപയെ പ്രതിരോധിക്കാന്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലെ കാര്യക്ഷമതയും ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും ബോധ്യമാകുകയുള്ളു.

ഉറവിടം തേടി ഇന്‍ഡക്‌സ് രോഗിയിലേയ്ക്ക്

നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ രണ്ട് വെല്ലുവിളികളാണ് ഉണ്ടായിരുന്നത്. ഒന്ന് : വൈറസിന്റെ ഉറവിടം എന്താണ്. രണ്ട്, വൈറസ് വ്യാപനത്തെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം. വളരെ ചുരുങ്ങിയ സമയം കൊണ്ട്, വളരെ ആലോചിച്ച്, ശാസ്ത്രീയവും, യുക്തിപരവുമായി പരിപാടികള്‍ ആസൂത്രണം ചെയ്താണ് കേരളത്തിലെ പൊതുജനാരോഗ്യ മേഖല അതിന്റെ വിശ്വാസ്യതയെ അരക്കിട്ടുറപ്പിച്ചത്.

ബേബി മെമ്മോറിയലില്‍ നിപ സ്ഥിരീകരിച്ച കുടുംബത്തിന് രോഗം പകര്‍ത്തിയ രോഗി മെയ് അഞ്ചിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടതെന്ന് മനസ്സിലാക്കി. മെയ് 4ന് ഈ രോഗി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മെയ്4ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുന്നത്. ഏതാണ്ട് മെയ് 2നാണ് അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. പലപല ആശുപത്രികളില്‍ പോയതിന് ശേഷമാണ് അദ്ദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്.

പേരാമ്പ്ര ആശുപത്രിയില്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്ന നെഴ്സ്, മെഡിക്കല്‍ കോളേജില്‍ ഇദ്ദേഹത്തെ സ്‌കാന്‍ ചെയ്ത സമയത്ത് ആ മുറിയില്‍ ഉണ്ടായിരുന്ന റേഡിയോഗ്രാഫര്‍ തുടങ്ങിയവര്‍ സമാന ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ഉണ്ടെന്ന് മനസ്സിലാക്കി. ഇവര്‍ക്കെല്ലാം നിപയാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇവരെയെല്ലാം ഐസലേഷന്‍ വാര്‍ഡുകളിലേയ്ക്ക് മാറ്റുകയുമായിരുന്നു. മാത്രമല്ല ഇവരുടെ സ്രവങ്ങളെല്ലാം വിദഗ്ധപരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഇത്തരത്തില്‍ ഒന്നിന് പുറകെ ഒന്നെന്ന രീതിയില്‍ സമാനരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഇരുപതിലേറെ പേരെ കണ്ടെത്താന്‍ സാധിച്ചു.

മെയ് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട രോഗിയില്‍ നിന്നുമാണോ ഈ ഇരുപത് പേര്‍ക്കും രോഗം പകര്‍ന്നത് എന്നതായിരുന്നു അടിയന്തരമായി തിരിച്ചറിയേണ്ടിയിരുന്നത്. സമാന്തരമായി മറ്റു പല നിപ കേസുകളിലൂടെയും നിലവില്‍ രോഗം ബാധിച്ചവരിലേയ്ക്ക് വൈറസ് എത്താനുള്ള സാധ്യതയുമുണ്ട്. ഒന്നില്‍ നിന്നും ഇരുപത് ആയതാണോ, അതോ ഒന്നില്‍ നിന്നും അഞ്ച്, മറ്റൊന്നില്‍ നിന്നും അഞ്ച്, വേറൊന്നില്‍ നിന്ന് അഞ്ച് അങ്ങനെ പടര്‍ന്നതാണോ എന്നതായിരുന്നു കണ്ടെത്തേണ്ടിയിരുന്നത്. പല നിപബാധയാണോ ഒരു നിപബാധയാണോ എന്ന് കണ്ടെത്തേണ്ടത് നിപ പ്രതിരോധപ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നത് സംബന്ധിച്ച് നിര്‍ണ്ണായകമായിരുന്നു. വല്ലാത്തൊരു ആശയക്കുഴപ്പത്തിന്റെ ഘട്ടമായിരുന്നു അത്.

ആ സമയം നിപയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇരുപത് പേര്‍ക്കും മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട ഇന്‍ഡക്സ് രോഗിയുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നത് പരിശോധിക്കുകയായിരുന്നു ശ്രമകരമായ ആദ്യത്തെ ഉദ്യമം. ഇത്തരത്തില്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് ഈ ഇരുപത് പേര്‍ക്കും ഏതെങ്കിലും രീതിയില്‍ ഇന്‍ഡെക്സ് രോഗിയുമായി ബന്ധമുണ്ടെന്ന് മനസ്സിലാകുന്നത്.

നിപയുടെ ഏറ്റവും വേദനിപ്പിക്കുന്ന ഓര്‍മ്മയാണ് മരണപ്പെട്ട നെഴ്സ് ലിനി. പേരാമ്പ്ര ആശുപത്രിയില്‍ ഇന്‍ഡെക്‌സ് രോഗിയെ ശിശ്രൂഷിച്ചത് ലിനിയായിരുന്നു. ഇന്‍ഡെക്സ് രോഗിയെ മെഡിക്കല്‍ കോളേജില്‍ സ്‌കാന്‍ചെയ്യാന്‍ എത്തിച്ചപ്പോള്‍ ജോലിയുടെ ഭാഗമായല്ലെങ്കില്‍ പോലും ആ നിമിഷം ഇവിടെയുണ്ടായിരുന്ന റോഡിയോഗ്രാഫറാണ് രോഗം ബാധിച്ച മറ്റൊരാള്‍. നിപ ബാധയേറ്റ നെഴ്സിങ്ങ് സ്റ്റുഡന്റും ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. അവര്‍ നിപയില്‍ നിന്നും രക്ഷപ്പെട്ടു. പ്രധാനമായും രോഗം മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നിരിക്കുന്ന ഇടം ഇന്‍ഡക്‌സ് രോഗിയെ സ്‌കാന്‍ ചെയ്യാനായി കൊണ്ടുവന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റേഡിയോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ ഇടനാഴിയാണ്. ഏറ്റവും കൂടുതല്‍പ്പേര്‍ക്ക് രോഗം പകര്‍ന്നിരിക്കുന്നത് ഇവിടെ നിന്നാണ്. മെയ് 5ന് രാത്രിയിലാണ് ഈ രോഗിയെ സ്‌കാന്‍ ചെയ്യാനായി ഇവിടേയ്ക്ക് കൊണ്ടുവരുന്നത്. രോഗബാധിതരായവരെല്ലാം പലവിധത്തില്‍ ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്നു എന്ന വിവരം കൃത്യമായി ശേഖരിക്കാന്‍ ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് സാധിച്ചു.

ഇന്‍ഡക്‌സ് രോഗിയില്‍ നിന്നും നിപ പകര്‍ന്ന ഒരു രോഗി ആ സമയം അദ്ദേഹത്തിന്റെ അച്ഛന്റെ എല്ലൊടിഞ്ഞതിനെ തുടര്‍ന്ന് എക്സ്റേ എടുക്കാന്‍ അവിടെ വന്നതായിരുന്നു. നിപ വന്ന് രക്ഷപ്പെട്ട മറ്റൊരു രോഗി അവിടെ ഭാര്യയ്ക്കൊപ്പം എക്സ്റേ എടുക്കാന്‍ എത്തിയതായിരുന്നു. ഭാര്യയ്ക്കും നിപ ബാധിച്ചിരുന്നു, പക്ഷെ അവര്‍ മരിച്ചുപോയി. വേറൊരാള്‍ക്ക് സുഹൃത്തിന് ആക്സിഡന്റ് ഉണ്ടായതിനെ തുടര്‍ന്ന് എക്സറേ എടുക്കാന്‍ കൂട്ടു വന്നപ്പോഴാണ് നിപ പകര്‍ന്നത്. ഒന്നോ രണ്ടോ ആളുകള്‍ക്കൊഴികെ നിപ ബാധിതരായവര്‍ക്കെല്ലാം പ്രധാനമായും വൈറസ് പകര്‍ന്നത് രണ്ടു സ്ഥലങ്ങളില്‍ നിന്നാണ്. പേരാമ്പ്ര ആശുപത്രിയില്‍ ഇന്‍ഡെക്സ് രോഗി കിടന്നിരുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന രോഗികളോ അവരുടെ കൂട്ടിരിപ്പുകാരോ, ഈ രോഗിയെ സ്‌കാന്‍ചെയ്യാനായി എത്തിച്ച റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ഇടനാഴിയില്‍ ആ സമയത്ത് ഉണ്ടായിരുന്ന രോഗികളോ അവരുടെ കൂട്ടിരുപ്പുകാരോ ആണ് നിപ ബാധിച്ചവരില്‍ ഭൂരിപക്ഷവും. എന്തായാലും നിപ ബാധിച്ചവരെല്ലാം തന്നെ ഏതെങ്കിലും രീതിയില്‍ ഇന്‍ഡെക്സ് രോഗിയുമായി ബന്ധമുള്ളവരാണെന്ന നിര്‍ണ്ണായക കണ്ടെത്തല്‍ നിപ പ്രതിരോധത്തിലെ നാഴികകല്ലായിരുന്നു.

ഇന്‍ഡെക്സ് രോഗിയുമായി നേരിട്ട് ബന്ധമില്ലാത്ത രണ്ടുപേര്‍ മാത്രമാണ് നിപ ബാധിതരില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് ഇന്‍ഡെക്സ് രോഗിയുമായി ബന്ധമില്ലെങ്കിലും ഇദ്ദേഹത്തില്‍ നിന്നും വൈറസ് പകര്‍ന്ന് കിട്ടിയവരുമായി നേരിട്ട് ബന്ധപ്പെട്ടവരാണ് എന്ന് കണ്ടെത്താന്‍ സാധിച്ചതും നിര്‍ണ്ണായകമായി. പൂര്‍ണ്ണമായും ഈ രോഗം ഒരാളില്‍ നിന്ന് വന്നതാണെന്ന് വ്യക്തമായ ചിത്രം ലഭിച്ചു. ഇന്‍ഡെക്സ് രോഗിക്ക് എവിടെ നിന്നും വൈറസ് ബാധയുണ്ടായി എന്നതാണ് ഇപ്പോഴും വ്യക്തമാകാതെ ബാക്കി നില്‍ക്കുന്നത്.

(മഞ്ചേരി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അഡീഷണല്‍ പ്രൊഫസറായ ഡോ. അനീഷ് റ്റി എസുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും ദിപിന്‍ മാനന്തവാടി തയ്യാറാക്കിയത്)

Related Stories

No stories found.
logo
Reporter Live
www.reporterlive.com