പാകിസ്താൻ വിട്ട് പ്രൊഫഷണൽസ്; 5000ഡോക്ടർമാരും 11,000 എൻജിനീയർമാരും രാജ്യം വിട്ടു: പരിഹാസം അസീം മുനീറിനെതിരെ

5000ഡോക്ടർമാർ, 11,000 എൻജിനീയർമാർ, 13,000 അക്കൗണ്ടന്റുകൾ എന്നിവർ രാജ്യംവിട്ടിട്ടുണ്ട്

പാകിസ്താൻ വിട്ട് പ്രൊഫഷണൽസ്; 5000ഡോക്ടർമാരും 11,000 എൻജിനീയർമാരും രാജ്യം വിട്ടു: പരിഹാസം അസീം മുനീറിനെതിരെ
dot image

പാകിസ്താന്റെ സാമ്പത്തിക സ്ഥിതി മോശമായതോടെ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ആയിരക്കണക്കിന് വിദഗ്ധരായ പ്രൊഫഷണലുകൾ രാജ്യം വിട്ടതായി റിപ്പോർട്ട്. ഗുരുതരാവസ്ഥയിലായ സാമ്പത്തിക സ്ഥിതിക്ക് പുറമേ രാഷ്ട്രീയ അസ്ഥിരതയും ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. സർക്കാർ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് അനുസരിച്ച് 5000ഡോക്ടർമാർ, 11,000 എൻജിനീയർമാർ, 13,000 അക്കൗണ്ടന്റുകൾ എന്നിവർ രാജ്യംവിട്ടിട്ടുണ്ട്.

ബ്യൂറോ ഒഫ് ഇമ്മിഗ്രേഷൻ ആൻഡ് ഓവർസീസ് എംപ്ലോയിമെന്‍റ് പുറത്ത് വന്നതിന് പിന്നാലെ പാക് സർക്കാരിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം 2024ൽ 727381 പാകിസ്താനികളാണ് വിദേശത്തുള്ള ജോലിക്കായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ വർഷം നവംബർ വരെ 687246 ആളുകളും സൈറ്റില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നു.

മുമ്പ് സാധാരണ തൊഴിലാളികളായിരുന്നു ഗൾഫിലേക്ക് അടക്കം ജോലി തേടി പോയിരുന്നത് എന്ന സ്ഥിതി മാറി പ്രൊഫഷണലായ ആളുകളും രാജ്യം വിടുന്നു എന്നതാണ് പാകിസ്താനിൽ ആശങ്ക ഉയർത്തുന്നത്. 2011നും 2024നും ഇടയിൽ പാകിസ്താനിൽ നിന്നുള്ള നഴ്‌സ്മാരുടെ കുടിയേറ്റം 2144%ആണ്. ഈ വർഷവും ഇതേ ട്രൻഡ് തന്നെയാണ് കാണപ്പെടുന്നത്. നിലവിലുള്ള റിപ്പോർട്ട് പ്രകാരം ഇതിൽ ഡോക്ടർമാരുടെയും എൻജിനീയർമാരുടെയും എണ്ണം കൂടിയത് സമൂഹമാധ്യമങ്ങളിൽ അടക്കം പരിഹാസത്തിനും വിമർശനത്തിനും കാരണമാകുന്നുണ്ട്.

പാക് സൈനിക മേധാവി ജനറൽ അസിം മുനീർ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അമേരിക്കയിൽ വച്ച് നടത്തിയ പ്രസ്താവനയെയും വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം കുടിയേറ്റം 'ബ്രെയിൻ ഗെയിൻ'(പാക് ബുദ്ധി മറ്റിടങ്ങളിൽ ഉപയോഗിക്കപ്പെടുന്നെന്ന തരത്തിൽ) ആണെന്നും അല്ലാതെ 'ബ്രെയിൻ ഡ്രയിൻ' അല്ലാ എന്നുമായിരുന്നു അസിം മുനീറിന്റെ വിശദീകരണം. മുൻ പാക് സെനേറ്ററായ മുസ്തഫ നവാസ് ഖോഖാറും സമൂഹമാധ്യമങ്ങളിൽ ഈ വിഷയം ഏറ്റുപിടിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മാസത്തിനുള്ളിൽ പാകിസ്താന് നഷ്ടമായത് നിരവധി പ്രൊഫഷണലുകളെയാണെന്ന് ചൂണ്ടിക്കാട്ടിയ മുസ്തഫ, ഏറ്റവും വലിയ നാലാമത്തെ ഫ്രീലാൻസിങ് ഹബ്ബായ പാകിസ്താനിൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ ചെയ്തതോടെ 1.62 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതിന് പുറമേ 2.37 മില്യൻ ഫ്രീലാൻസ് ജോലികളെയും ബാധിച്ചെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

Content Highlights: Exodus of pakistan professionals like doctors, engineers, accountants to abroad

dot image
To advertise here,contact us
dot image