

കോട്ടയം: പാല മുനിസിപ്പാലിറ്റിയിൽ ആദ്യം ചർച്ച യുഡിഎഫിനൊപ്പം നടത്താമെന്ന് ബിനു പുളിക്കക്കണ്ടം. പരസ്യ പ്രതികരണങ്ങളിൽ യുഡിഎഫിന് പിന്തുണലഭിച്ചതോടെയാണ് തീരുമാനം.
രാഷ്ട്രീയ സാഹചര്യം കൂടി മനസ്സിലാക്കണമെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു.
രണ്ട് വർഷത്തെ ചെയർപേഴ്‌സൺ സ്ഥാനം ആവശ്യപ്പെടാനാണ് ബിനുവിൻ്റെ തീരുമാനം. യുഡിഎഫുമായുള്ള ആദ്യ ചർച്ചയിൽ ഈ കാര്യങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മായയുടെ പിന്തുണ കൂടിയുണ്ടെങ്കിലേ യുഡിഎഫിന് ഭരിക്കാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മുന്നണികളുമായും ചർച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത പാല മുനിസിപ്പാലിറ്റിയിൽ സ്വതന്ത്രരുടെ തീരുമാനം നിർണായകമാകും. ബിനു പുളിക്കക്കണ്ടത്തിന് പുറമെ മകൾ ദിയയും സഹോദരൻ ബിജുവും സ്വതന്ത്രരായി വിജയിച്ചിരുന്നു. ഈ മുന്ന് വാർഡിലും യുഡിഎഫിന് സ്ഥാനാർത്ഥികളുണ്ടായിരുന്നില്ല. ഇവിടങ്ങളില്‍ ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. സ്വതന്ത്രരുടെ 'ചെയർപേഴ്സൺ' ആവശ്യത്തിൽ വെട്ടിലായിരിക്കുകയാണ് യുഡിഎഫ്.പാല മുനിസിപ്പാലിറ്റിയിൽ 10 സീറ്റാണ് യുഡിഎഫിനുള്ളത്. ഒരു സ്വതന്ത്രനുൾപ്പെടെ എൽഡിഎഫിന് 12 ഉം. സ്വതന്ത്രരെ കൂടെക്കൂട്ടി കേവല ഭൂരിപക്ഷം പിടിച്ച് ഭരണത്തിലേറാനാണ് മുന്നണികളുടെ നീക്കം. എന്നാൽ ചെയർപേഴ്‌സൺ സ്ഥാനം ഉന്നയിച്ചതോടെ യുഡിഎഫ് വെട്ടിലായി.
കേരള കോൺഗ്രസ് മാണി വിഭാഗം നേതാവായിരുന്ന ബിനു പുളിക്കക്കണ്ടം പാർട്ടിയുടെ ചെയർമാനായ ജോസ് കെ മാണിക്കെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെ പുറത്താക്കപ്പെട്ട ആളാണ്. കഴിഞ്ഞ തവണ സിപിഐഎം പ്രതിനിധിയായി വിജയിച്ചപ്പോൾ മുതൽ ബിനു ജോസ് കെ മാണിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. അതിനാൽതന്നെ കേരള കോൺഗ്രസ് എമ്മിന് നേരിട്ട് ബിനുവുമായി ചർച്ച നടത്താൻ വൈമനസ്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അനുനയ നീക്കങ്ങൾ നടത്തണമെങ്കിൽ അതിന് സിപിഐഎം സംസ്ഥാന നേതൃത്വം മുന്നിട്ടിറങ്ങേണ്ടി വരും. കഴിഞ്ഞതവണ എൽഡിഎഫ് 17 വാർഡുകളിൽ വിജയിച്ചാണ് ഭരണം പിടിച്ചത്.
Content Highlight : Discussions with UDF first; Binu Pulikakandam to demand two-year chairpersonship