

തിരുവനന്തപുരം: രാത്രി യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരുന്ന സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ കണ്ടക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് നടത്തുകയായിരുന്ന RPE 546 സൂപ്പര്‍ ഫാസ്റ്റ് ബസിലായിരുന്നു സംഭവം നടന്നത്.
പൊങ്ങം നൈപുണ്യ കോളേജിലെ വിദ്യാര്‍ത്ഥികളായ ഇടുക്കി സ്വദേശിനിക്കും പത്തനംതിട്ട സ്വദേശിനിക്കുമായിരുന്നു ദുരനുഭവമുണ്ടായത്. അങ്കമാലിക്കും മുരിങ്ങൂരിനും ഇടയിലുള്ള പൊങ്ങം എന്ന സ്ഥലത്തായിരുന്നു വിദ്യാര്‍ത്ഥിനികള്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. ബസ് നിര്‍ത്തി നല്‍കണമെന്ന് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ അതിന് തയ്യാറായില്ല. ഇതോടെ വിദ്യാര്‍ത്ഥിനികള്‍ കരയുകയും മറ്റ് യാത്രക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. യാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും കണ്ടക്ടര്‍ ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ബസ് ചാലക്കുടി ബസ് സ്റ്റാന്‍ഡിലാണ് നിര്‍ത്തിയത്. ഇതോടെ യാത്രക്കാര്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.
കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ രാത്രികാലങ്ങളില്‍ വനിതാ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ബസ് നിര്‍ത്തണം എന്ന ഉത്തരവ് നിലനില്‍ക്കെ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉള്ളതായി കണ്ടെത്തി. തുടര്‍ന്നാണ് കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇനിയും ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പക്ഷം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
Content Highlights- ksrtc conductor terminated after he reject request of girl students to stop bus