'അച്ഛൻ മോഹൻലാലിനൊപ്പം തുടർച്ചയായി സിനിമകൾ ചെയ്തതിന്റെ കാരണം നിവിനൊപ്പം സർവ്വം മായ ചെയ്തപ്പോൾ എനിക്ക് മനസിലായി'

എന്റെ മോഹൻലാലിന് പിറന്നാളാശംസകൾ എന്നാണ് അഖിൽ നിവിനെക്കുറിച്ച് നേരത്തെ പറഞ്ഞത്

'അച്ഛൻ മോഹൻലാലിനൊപ്പം തുടർച്ചയായി സിനിമകൾ ചെയ്തതിന്റെ കാരണം നിവിനൊപ്പം സർവ്വം മായ ചെയ്തപ്പോൾ എനിക്ക് മനസിലായി'
dot image

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ ഒരുക്കുന്ന സിനിമയാണ് സർവ്വം മായ. ഒരു ഹൊറർ കോമഡി ഴോണറിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25 ന് പുറത്തിറങ്ങും. ഇപ്പോഴിതാ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിനെക്കുറിച്ച് അഖിൽ സത്യൻ പറഞ്ഞ വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ് നടൻ അജു വർഗീസ്.

'അച്ഛന്റെ ആദ്യകാല മോഹൻലാൽ സിനിമകൾ ഒന്നിനു പുറകെ ഒന്നായി സംഭവിച്ചതിന്റെ കാരണം നിവിനൊപ്പം സർവ്വം മായ പൂർത്തിയാക്കിയപ്പോഴാണ് എനിക്ക് വ്യക്തമായി മനസിലായത്. സന്മനസ്സുള്ളവർക്ക് സമാധാനവും, ഗാന്ധിനഗറും,നാടോടിക്കാറ്റും, വരവേൽപ്പും എല്ലാം ഒരു സംവിധായകനും നടനും ചേർന്നുണ്ടാക്കിയത് മാത്രമായിരുന്നില്ല. രണ്ട് സുഹൃത്തുക്കൾ അവർക്കേറ്റവും നന്നായി അറിയുന്ന ജോലി അതൊരു ജോലിയെന്ന തോന്നല്ലേ ഇല്ലാതെ ആസ്വദിച്ചു ചെയ്തത് കൊണ്ട് ആണ് അവയെല്ലാം ഇന്നും നമ്മളെ രസിപ്പിക്കുന്നത്- അഖിൽ സത്യൻ', എന്നാണ് അജു വർഗീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

നേരത്തെ നിവിന്റെ പിറന്നാൾ ദിനത്തിൽ അഖിൽ സത്യൻ പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. എന്റെ മോഹൻലാലിന് പിറന്നാളാശംസകൾ എന്നാണ് അഖിൽ നിവിനെക്കുറിച്ച് പറഞ്ഞത്. സത്യൻ അന്തിക്കാട് എന്ന സംവിധായകന് എങ്ങനെയാണോ മോഹൻലാൽ അതുപോലെയാണ് അഖിൽ സത്യന് നിവിൻ പോളി എന്ന തരത്തിലാണ് ഈ പിറന്നാളാശംസയെ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. നിവിന്റെ പിറന്നാളിനോട് അനുബന്ധിച്ച് സർവ്വം മായയുടെ ടീസർ ടീം പുറത്തുവിട്ടിരുന്നു. തുടക്കം തന്നെ എന്തോ പന്തികേട് തോന്നിപ്പിക്കുന്ന ടീസർ അവസാനിക്കുന്നത് നല്ല നാടൻ വൈബിലാണ്. വളരെ സുന്ദരനായിട്ടാണ് നിവി പോളിയെ ടീസറിൽ കാണുന്നത്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കാൻ ഒരുങ്ങുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്. ഒരിടവേളയ്ക്ക് ശേഷം അജു വർഗീസ്-നിവിൻ പോളി കോമ്പോ ഒരുമിക്കുന്ന സിനിമയാണ് സർവ്വം മായ. സിനിമയിൽ ഇവരുടെ കോമ്പിനേഷൻ വളരെ രസകരമായിട്ടാണ് വന്നിട്ടുള്ളതെന്ന് അഖിൽ സത്യൻ റിപ്പോർട്ടറിനോട് നേരത്തെ മനസുതുറന്നിരുന്നു.

Content Highlights: Akhil Sathyan about Mohanlal- Sathyan Anthikad combo

dot image
To advertise here,contact us
dot image