

തിരുവനന്തപുരം: കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ ഒരു കൈ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും മറുകൈ ബിജെപിയുടെയും തോളിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിക്ക് അനുകൂലമായി എല്ലാ ആഴ്ചയും ശശി തരൂരിന്റെ പ്രസ്താവന ഉണ്ടാകും. ഗാന്ധിയുടെ പാര്‍ട്ടിക്ക് ഇത് ശരിയായ കാര്യമാണോയെന്നും ശശി തരൂരിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് തയ്യാറാകുന്നില്ലന്നും ബിനോയ് വിശ്വം ചോദിച്ചു.
തരൂര്‍ മാത്രമല്ല സമാന മനസുള്ള നിരവധി പേര്‍ കോണ്‍ഗ്രസിലുണ്ടെന്നും ബിനോയ് വിശ്വം ആരോപിച്ചു. ലേബര്‍ കോഡ് കരട് ചട്ടം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ അര്‍ഥം അറിയാത്ത ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്. എന്തുകൊണ്ട് ഇടതുപക്ഷം വലതു പക്ഷത്തേക്കാള്‍ വ്യത്യസ്തമാണെന്ന് മനസ്സിലാകാത്ത ഉദ്യോഗസ്ഥരാണ്.
അവരാണ് ഇത്തരം കളികള്‍ കളിക്കുന്നത്. അവര്‍ക്ക് അതിനെക്കുറിച്ചൊന്നും അറിയില്ല. നാളെ തൊഴിലാളി സംഘടനകളുടെ യോഗം മന്ത്രി വിളിച്ചിട്ടുണ്ട്. അമ്മാതിരി ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ കെല്‍പുള്ള മന്ത്രിയാണ് ശിവന്‍കുട്ടി. വരയ്ക്കപ്പുറം ചാടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ വരയ്ക്ക് അകത്ത് നിര്‍ത്താന്‍ ശേഷി ഉണ്ടെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
പത്മകുമാറിൻ്റെ കസ്റ്റഡി സര്‍ക്കാരിനെയും മുന്നണിയെയും ബാധിക്കില്ല. ഈ സര്‍ക്കാര്‍ കള്ളത്തരം കാണിച്ച ആരെയും രക്ഷിക്കില്ല. അശേഷം കളങ്കമില്ലാത്ത ആദരവ് ഞങ്ങള്‍ക്ക് വിശ്വാസങ്ങളോടുണ്ട്. കുറ്റം ചെയ്തവര്‍ ആരായാലും അവരെ ശിക്ഷിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയതാണ്. തുടര്‍ച്ചയായി ഇടതുനയവ്യതിയാനം ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
എസ്എസ്‌കെയും പി എം ശ്രീയും രണ്ടാണ്. എസ്എസ്‌കെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കുട്ടിയാണ്. അതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിയര്‍പ്പുണ്ട്. പിഎം ശ്രീ അങ്ങനെ അല്ല. പിഎം ശ്രീയും എസ്എസ്‌കെയും തമ്മില്‍ കൂട്ടിക്കെട്ടരുത്. പിഎം ശ്രീയുടെ പേരില്‍ ഒരു ചില്ലിക്കാശ് തടഞ്ഞു വയ്ക്കാന്‍ മോദി സര്‍ക്കാരിന് അധികാരമില്ല. കിട്ടേണ്ട തുക കിട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: binoy viswam againts sashi tharoor and udf