ആലപ്പുഴയിൽ പൊളിറ്റിക്കൽ 'ഗ്യാങ്സ്റ്ററിസം', പിന്നിൽ അമ്പലപ്പുഴയിലെ നേതാവ്; സൈബർ ആക്രമണത്തിനെതിരെ ജി സുധാകരൻ

ജില്ലാ കമ്മിറ്റിയംഗം കെ കെ ഷാജു അധിക്ഷേപിച്ചെന്നും ജി സുധാകരൻ പറയുന്നു

ആലപ്പുഴയിൽ പൊളിറ്റിക്കൽ 'ഗ്യാങ്സ്റ്ററിസം', പിന്നിൽ അമ്പലപ്പുഴയിലെ നേതാവ്; സൈബർ ആക്രമണത്തിനെതിരെ ജി സുധാകരൻ
dot image

ആലപ്പുഴ: തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. ആലപ്പുഴയിൽ പൊളിറ്റിക്കൽ 'ഗ്യാങ്സ്റ്ററിസ'മാണെന്ന് സുധാകരൻ പ്രതികരിച്ചു. അമ്പലപ്പുഴയിലെ നേതാവാണ് പിന്നിൽ. ഇതിനായി 25 പേരുടെ ഒരു കൂട്ടം ഉണ്ട്. സുഹൃത്തുക്കൾ വഴിയും വ്യാജ ഐഡി നിർമ്മിച്ചുമാണ് അധിക്ഷേപം.ഇത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കെ കെ ഷാജു അധിക്ഷേപിച്ചെന്നും ജി സുധാകരൻ പറയുന്നു.

ജില്ലാ നേതൃത്വം ഇതിന് സമാധാനം പറയണം. പരിശോധിച്ച് നടപടിയെടുക്കണം. കൊള്ളക്കാരിൽ നിന്ന് മാത്രമേ ഇത്തരം പെരുമാറ്റം കണ്ടിട്ടുള്ളൂ. പാർട്ടിയുടെ ജനസ്വാധീനം ഇല്ലാതാക്കാനുള്ള പൊളിറ്റിക്കൽ ക്രിമിനലിസമാണിത്. പാർട്ടിയെ സ്നേഹിക്കുന്ന നേതാക്കന്മാർ ഇത് അന്വേഷിച്ച് പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആലപ്പുഴയിൽ നടന്ന കെപിസിസിയുടെ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ജി സുധാകരനെതിരെ വീണ്ടും സൈബർ ആക്രമണമുണ്ടായത്. സുധാകരന്റെ കുടുംബത്തെയടക്കം അധിക്ഷേപിച്ചാണ് ഫേസ്ബുക്ക് പോസ്റ്റുകൾ വന്നത്. രക്തസാക്ഷിയുടെ സഹോദരനല്ലായിരുന്നെങ്കിൽ മറ്റൊരു പേര് വിളിച്ചേനെ എന്നായിരുന്നു അധിക്ഷേപം. സുധാകരനെതിരെ ഫേസ്ബുക്കിൽ തെറി വിളിയുമുണ്ടായി. അനിഷ് പിഎസ് എന്ന പ്രൊഫൈലിൽ നിന്ന് സുധാകരനെതിരെ കുറിപ്പ് പങ്കുവെച്ചിരുന്നു.

കോൺഗ്രസുകാരെ കാണുമ്പോൾ കമ്മ്യൂണിസ്റ്റുകാർ കണ്ണടച്ച് നടക്കേണ്ടതുണ്ടോ എന്ന് ജി സുധാകരൻ കെപിസിസി വേദിയിൽ ചോദിച്ചിരുന്നു. കോൺഗ്രസ് വേദിയിലായാലും തനിക്ക് അഭിപ്രായം പറയുന്നതിന് തടസമൊന്നുമില്ലെന്നും പ്രസംഗിക്കാൻ വരുന്നവരെയൊക്കെ പാർട്ടിയിൽ ചേർക്കാൻ ആരെങ്കിലും നോക്കുമോ എന്നും സുധാകരൻ ചോദിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാർ കമ്മ്യൂണിസ്റ്റുകാരെ മാത്രമേ കാണൂ, കോൺഗ്രസുകാരെ കാണുമ്പോൾ കണ്ണടയ്ക്കണം, വഴിയിൽ വീണാലും കുഴപ്പമില്ല.

കണ്ണടയ്ക്കണം എന്ന രീതിയിൽ പ്രവർത്തിച്ചാൽ വ്യത്യസ്ത ആശയങ്ങൾ തമ്മിലുളള അനുരഞ്ജനം എവിടെയാണെന്നും ജി സുധാകരൻ ചോദിച്ചിരുന്നു. ഒരു വീട്ടിൽ തന്നെ പല പാർട്ടിക്കാർ കാണും. അവർ പരസ്പരം മിണ്ടാതിരിക്കുന്നത് നടക്കുന്ന കാര്യമല്ല. അങ്ങനെ നടക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: g sudhakaran against cyber attack

dot image
To advertise here,contact us
dot image