
തൃശൂർ: കൊടുങ്ങല്ലൂർ കലുങ്ക് സൗഹൃദ സദസിൽ വീണ്ടും വിവാദം. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായം തേടിയ വയോധികയെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പരിഹസിച്ചു. 'ചേച്ചി അധികം വർത്തമാനം പറയണ്ട, ഇഡി പിടിച്ചെടുത്ത പണം കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കൂ' എന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റില്ലെന്ന് വയോധിക പറഞ്ഞപ്പോൾ 'എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. നിങ്ങളുടെ മന്ത്രി തൊട്ടടുത്തല്ലേ താമസിക്കുന്നത് എന്ന് സുരേഷ് ഗോപി ചോദിച്ചു. ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ എന്ന് വയോധികയുടെ മറു ചോദ്യം. അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്ന് സുരേഷ് ഗോപിയുടെ മറുപടി. താൻ മറുപടി നൽകി കഴിഞ്ഞുവെന്നും ഇതേ പറ്റൂ എന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇരിങ്ങാലക്കുടയിലെ പരിപാടിക്കിടെ ആനന്ദവല്ലി എന്ന വയോധികയെ ആണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ചത്.
അതേസമയം, കൊച്ചുവേലായുധന്റെ നിവേദനം മടക്കിയ സംഭവത്തെത്തുടർന്നുണ്ടായ ആരോപണങ്ങളിൽ കൈപ്പിഴ പറ്റിയെന്ന വിശദീകരണമാണ് ഇന്ന് സുരേഷ് ഗോപി നടത്തിയത്. പുള്ളിലെ കലുങ്ക് സദസിൽ നിവേദനം നിരസിക്കപ്പെട്ടത് കൈപ്പിഴയെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കൈപ്പിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമം. കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാം. വീടില്ലാത്തവരുടെ പട്ടിക പുറത്തു വിടും. ഭരത് ചന്ദ്രന് ചങ്കൂറ്റമുണ്ടെങ്കിൽ സുരേഷ് ഗോപിക്കും അതുണ്ട്. 14 ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തും. നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അധികാരപരിധിയിൽ വെച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തെല്ലാമെന്ന് നല്ല ധാരണയുണ്ടെന്നും എംപി സ്ഥാനത്തിരുന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കൊടുങ്ങല്ലൂർ തന്റെ മണ്ഡലത്തിൽ പെട്ടതല്ലെന്നും തന്റെ അധികാര പരിധിയല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 'ആ ചേട്ടന് ഒരു വീട് കിട്ടിയല്ലോ, സന്തോഷം. ഇനിയും വേലായുധൻ ചേട്ടന്മാരെ അങ്ങോട്ട് അയയ്ക്കും. ആ പാർട്ടിയെക്കൊണ്ട് നടപടി എടുപ്പിക്കും', കൊച്ചുവേലായുധന് വീട് വെച്ച് നൽകാമെന്ന സിപിഐഎം വാഗ്ദാനത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞു.
അവിടെയും ഇവിടെയും തെന്നി തെറിച്ച് നിൽക്കുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി തടയാൻ ശ്രമിക്കേണ്ട എന്നും 14 ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 'സിനിമയിൽ നിന്ന് ഇറങ്ങിയിട്ടില്ല എന്നതാണ് മറ്റൊരു ആരോപണം. എന്തിന് സിനിമയിൽ നിന്ന് ഇറങ്ങണം, സിനിമയിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ല. ചില സിനിമകൾ നൂറു ദിവസം ഓടിയിട്ടുണ്ടെങ്കിൽ അതാണ് ജനങ്ങൾക്ക് താൽപര്യം.' സുരേഷ് ഗോപി കൂട്ടിച്ചേർത്തു. കലുങ്ക് സംവാദം സൗഹൃദ വേദിയാണെന്നും എതിർക്കുന്നവർക്കെല്ലാം ഇനി ഇത് ഒരു തീവ്ര ശക്തിയായി മാറുമെന്നും പറഞ്ഞ അദ്ദേഹം ഇതൊരു താക്കീത് അല്ലെന്നും അറിയിപ്പാണെന്നും പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കാനാവില്ലെന്നും പറഞ്ഞു.
Content Highlights: Suresh Gopi mocked an elderly woman who sought help to withdraw her deposit from Karuvannur Bank