
ചൈനയില്‍ വെള്ളപ്പൊക്കത്തിനിടയിൽ നീന്താൻ അറിയാത്ത തന്റെ ഭാര്യയെ രക്ഷിക്കണേയെന്ന് വിളിച്ചു പറയുന്ന യുവാവിന്റെ വീഡിയോ വൈറലാവുന്നു. സമൂഹമാധ്യമങ്ങളിൽ യുവാവിന്റെ ഭാര്യയോടുള്ള സ്‌നേഹത്തെ പ്രകീർത്തിച്ച് നിരവധി കമന്റുകളാണ് വരുന്നത്. വെള്ളത്തിൽ മുങ്ങുന്ന ദമ്പതികളെ രക്ഷിക്കാനെത്തിയ രക്ഷാപ്രവർത്തകരോട് 'ആദ്യം എന്റെ ഭാര്യയെ രക്ഷിക്കൂ, അവൾക്ക് നീന്താൻ അറിയില്ല' എന്നാണ് യുവാവ് വിളിച്ചു പറയുന്നത്.
കനത്ത മഴയെ തുടർന്നാണ് ചൈനയിൽ വെള്ളപ്പൊക്കമുണ്ടായത്. ഇതിനിടെയാണ് ഈ ദമ്പതികളുടെ വീഡിയോ വൈറലായത്. താൻ സുരക്ഷിതനാണെന്നും നീന്തലറിയാമെന്നും ആദ്യം ഭാര്യയെ ഒന്നു സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റുവെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നത് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. യുവാവ് ആവശ്യപ്പെട്ടത് പോലെ രക്ഷാപ്രവർത്തകർ അദ്ദേഹത്തിന്റെ ഭാര്യയെ ആദ്യം രക്ഷപ്പെടുത്തിയ ശേഷം യുവാവിനെയും സുരക്ഷിതമായ ഇടത്തിലെത്തിച്ചു.
വിവാഹം കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഇത്രയും ഭീകരമായ അവസ്ഥ നേരിടേണ്ടി വന്നിട്ടില്ലെന്നും ആകെ ഭയപ്പെട്ട് പോയെന്നും ഈ യുവാവ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നീന്തലറിയാതെ എന്റെ ഭാര്യ കരയുന്നത് കണ്ട്, ഒരു മനുഷ്യനെന്ന നിലയിൽ അവളെ ആദ്യം സുരക്ഷിതയാക്കണമെന്നാണ് മനസിൽ തോന്നിയതെന്ന് അദ്ദേഹം പറയുന്നു. രക്ഷാപ്രവർത്തകരോട് അദ്ദേഹം നന്ദിയും അറിയിച്ചു.
റെഡ്‌നോട്ടിലടക്കം നിരവധി സമൂഹമാധ്യമങ്ങളിൽ ദമ്പതികളുടെ വീഡിയോ വൈറലായിട്ടുണ്ട്. ഇത്തരമൊരു ഭർത്താവിനെ ലഭിക്കുന്നത് മൂന്ന് ജന്മങ്ങളിലേക്കുള്ള വരദാനമാണെന്നും ഈ വീഡിയോ കണ്ട് കണ്ണുനിറഞ്ഞെന്നുമടക്കം ആളുകൾ അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്.
Content Highlight: Save my wife first, Husband urges rescuers amidst heavy rain and floods in China