

നടി നവ്യ നായർ പങ്കുവെച്ച ഒരു പത്രവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. തന്റെ സ്കൂൾ കാലഘട്ടത്തിലെ കലോത്സവത്തിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടുള്ള പഴയ പത്രവാർത്തയാണ് നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. പരിശീലകൻ ആലപ്പുഴ സുദർശനനൊപ്പം നിൽക്കുന്ന നവ്യയെ പത്രവാർത്തയിൽ കാണാം.
കായംകുളം സെന്റ് മേരീസ് ഹൈസ്കൂളിലെ പഠനകാലത്താണ് നവ്യയ്ക്ക് യുപി വിഭാഗം മോണോ ആക്ടിൽ ഒന്നാം സ്ഥാനം ലഭിച്ചത്. വി ധന്യ എന്ന യഥാർഥ പേരാണ് പത്രവാർത്തയിൽ നൽകിയിരിക്കുന്നത്. ‘നാലടി പൊക്കമുള്ള ശിഷ്യ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മൂന്നര അടിക്കാരൻ പരിശീലകന് ആഹ്ളാദം വാനോളം. കായംകുളം സെന്റ് മേരീസ് ഹൈസ്കൂളിലെ വി ധന്യയാണ് യുപി വിഭാഗം മോണോ ആക്ടിൽ ഒന്നാമതെത്തിയത്', എന്നാണ് പത്രക്കുറിപ്പിൽ ഉള്ളത്. 'പണ്ടേ ആളൊരു കില്ലാഡി ആണ്', 'വന്ന വഴി മറക്കാത്ത ആൾ', എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ നടിയെ അഭിനന്ദിച്ചുകൊണ്ടു വരുന്ന കമന്റുകൾ.
റത്തീന ഒരുക്കിയ പാതിരാത്രി ആണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന നവ്യ നായരുടെ ചിത്രം. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചത്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരുടെയും പിന്തുണ ലഭിക്കുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.
ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജേക്സ് ബിജോയ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ മികവിൽ നിർണ്ണായകമായ ഘടകമായി മാറി. ടി സീരീസ് ആണ് വമ്പൻ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ.
Content Highlights: Navya Nair shares an old newspaper cutting