എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പോരിനിറങ്ങിയ ആദ്യ നേതാവ്

ജനങ്ങള്‍ക്കായി നിലകൊള്ളുന്ന ഒരു രാഷ്ട്രീയക്കാരന്‍ എങ്ങനെയാവണം എന്നതിന്റെ പാഠപുസ്തകമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വിഎസ് നടത്തിയ പോരാട്ടം

dot image

കേരളത്തിന്റെ അങ്ങേ കോണില്‍ വര്‍ഷങ്ങളോളം ഒരു ദുരിതപെയ്ത്ത് നടന്നു. ആ നാളുകളില്‍ കാസര്‍ഗോട്ടെ തോട്ടങ്ങളില്‍ കശുമാങ്ങകള്‍ മൂത്തുപഴുത്തു വന്നപ്പോള്‍ തൊട്ടപ്പുറത്ത് മനസും ബുദ്ധിയും ശരീരവും മരവിച്ച ഒരു തലമുറ ജനിക്കുകയായിരുന്നു. ലാഭക്കൊതിയില്‍ കണ്ണു മഞ്ഞളിച്ച സര്‍ക്കാരും കോര്‍പറേറ്റുകളും ഉദ്യോഗസ്ഥരും ആരും ഒന്നും കണ്ടില്ല, കാണാന്‍ ശ്രമിച്ചില്ല.

എന്‍ഡോസള്‍ഫാന്‍ അന്നാട്ടിലെ മനുഷ്യരുടെ ഓരോ ജീവാണുവിലും രോഗത്തിന്റെയും വൈകല്യങ്ങളുടെയും വേദനയുടെയും വിത്തുകള്‍ പാകി, ജീവിതം നരകതുല്യമാക്കി, മരണത്തിന് വരെ വിട്ടുകൊടുത്തപ്പോഴും അത് കേരളത്തിലെ 'പൊതുജനത്തിന്റെ' ശ്രദ്ധയിലെവിടെയും വന്നില്ല.

എന്നാല്‍ സാധാരണക്കാരില്‍ സാധാരണക്കാരായ അവരുടെ നിലവിളികള്‍ കേരളത്തിന്റെ സമരനായകന്റെ ചെവികളിലെത്തി. വി എസ് അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയനേതാവ് കാസര്‍ഗോഡേക്ക് വന്നു. എന്‍ഡോസള്‍ഫാന്‍ കാര്‍ന്നുതിന്ന എന്‍മകജെയിലും മറ്റ് ഗ്രാമങ്ങളിലും അദ്ദേഹം എത്തി. അവിടുത്തെ മനുഷ്യരെ കണ്ടു, കേട്ടു, അറിഞ്ഞു, മനസിലാക്കി, പഠിച്ചു, സമരപ്പന്തലില്‍ അവര്‍ക്കൊപ്പം ഇരുന്നു.

2002ല്‍, കേരളം കണ്ട ഏറ്റവും ജനകീയനായ ആ പ്രതിപക്ഷനേതാവ് അവിടെ നിന്നും നേരെ പോയത് നിയമസഭയിലേക്കാണ്. സര്‍ക്കാരിനെ വിറപ്പിക്കുന്ന ചോദ്യങ്ങള്‍ക്കൊപ്പം എന്‍ഡോസള്‍ഫാന്‍ദുരിതബാധിതരുടെ ചിത്രങ്ങള്‍ വിഎസ് അച്യുതാനന്ദന്‍ അന്ന് അവിടെ ഉയര്‍ത്തികാണിച്ചപ്പോള്‍, ആരും ശ്രദ്ധിക്കാതെ കിടന്ന ഒരു മഹാദുരന്തം ലോകത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

പിന്നീട് എന്‍ഡോസള്‍ഫാന്റെ പേരില്‍ അന്നത്തെ കാര്‍ഷിക വകുപ്പ് മന്ത്രിയായിരുന്ന കെ ആര്‍ ഗൗരിയമ്മയുമായി ഉണ്ടായ വെല്ലുവിളികളും തര്‍ക്കങ്ങളും പോലും, ഒരു വിഷയത്തിലേക്ക് പൊതുജനശ്രദ്ധയും മാധ്യമതലക്കെട്ടുകളും എങ്ങനെ കൊണ്ടുവരണമെന്ന് അറിയാവുന്ന അനുഭവസമ്പന്നനായ ഒരു പൊതുപ്രവര്‍ത്തകന്റെ തന്ത്രങ്ങളായിരുന്നു എന്ന് കാലം പിന്നീട് വായിച്ചെടുത്തിട്ടുണ്ട്.

2006ല്‍ മുഖ്യമന്ത്രി കസേരയിലേക്ക് വിഎസ് എത്തി. പ്രതിപക്ഷ നേതാവായിരിക്കെ സര്‍ക്കാരിനെ അടിക്കാനുള്ള ഒരു വടി മാത്രമായിരുന്നില്ല തനിക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വേദനകളെന്ന് അന്ന് അദ്ദേഹം തെളിയിച്ചു. എന്‍ഡോസള്‍ഫാനെ കുറിച്ചുള്ള സ്വന്തം കൃഷിമന്ത്രിയുടെ നിയമസഭയിലെ മറുപടിയെ തിരുത്തിപറയിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി നയങ്ങളും കര്‍മപരിപാടികളും അതിവേഗമാണ് അദ്ദേഹം
രൂപികരിച്ചത്.

മരിച്ചവരുടെ പട്ടിക തയ്യാറാക്കി, ബന്ധുക്കള്‍ക്ക് നേരിട്ടെത്തി നഷ്ടപരിഹാരം നല്‍കി, രോഗബാധിതരുടെ കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചു, മെഡിക്കല്‍ ക്യാമ്പുകളും മറ്റ് പദ്ധതികളും ആരംഭിച്ചു. ദേശീയശ്രദ്ധയിലേക്ക് വിഷയമെത്തിച്ചു. പിന്നീട് എന്‍ഡോസള്‍ഫാന്‍ നിരോധനത്തില്‍ പോലും നിര്‍ണായകമായ സ്വാധീനമാകാന്‍ വിഎസിന്റെ ഈ നടപടികള്‍ക്കായി.

മുഖ്യമന്ത്രി കസേരയൊഴിഞ്ഞ ശേഷവും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ശബ്ദമുയര്‍ത്താന്‍ വിഎസ് ഉണ്ടായിരുന്നു. 2016ല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ നഷ്ടപരിഹാര ശുപാര്‍ശകള്‍ നടക്കാനാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ നടത്തിയ നിരഹാരസമരം ഉദ്ഘാടനം ചെയ്തുകൊണ്ട്, താനും നിരാഹാരസമരമിരിക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഭരണകൂടം ആകെ വിറച്ചു. ചര്‍ച്ചകള്‍ക്കായി ഉടനടി തയ്യാറായി.

എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ ആരും ശ്രദ്ധിക്കാതിരുന്നപ്പോഴും ഏവരും ശ്രദ്ധിക്കാന്‍ തുടങ്ങിയശേഷവും, തനിക്ക് അധികാരമുണ്ടായിരുന്നപ്പോഴും ഇല്ലാത്തപ്പോഴുമെല്ലാം മനുഷ്യപക്ഷം ചേര്‍ന്നുനടക്കുക എന്ന നിലപാട് വിഎസ് മാറ്റമില്ലാതെ തുടര്‍ന്നു. സഖാവ് വിഎസ് ലോകത്തോട് വിടപറഞ്ഞപ്പോള്‍ നെഞ്ചുലഞ്ഞ് പോയ ആയിരങ്ങളില്‍ കാസര്‍ഗോട്ടെ ഒരുപിടി ഗ്രാമങ്ങളുണ്ടാകും. ആരോരും സഹായിക്കാനില്ലാതെ ദുരിതക്കയത്തിലേക്ക് മുങ്ങിപ്പോവുകയായിരുന്ന സമയത്ത് അവര്‍ക്ക് പ്രത്യാശയുടെ പിടിവള്ളിയായ മനുഷ്യനാണ് അവസാന യാത്രമൊഴി ചൊല്ലിയകന്നിരിക്കുന്നത്.

ജനങ്ങള്‍ക്കായി നിലകൊള്ളുന്ന ഒരു രാഷ്ട്രീയക്കാരന്‍ എങ്ങനെയാവണം എന്നതിന്റെ പാഠപുസ്തകമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വിഎസ് നടത്തിയ പോരാട്ടം. ആദ്യം നേരിട്ടെത്തി, മണ്ണിലിറങ്ങി അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടു, വിശദമായി പഠിച്ചു. അവ ഭരണവര്‍ഗത്തിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. അധികാരകസേര കിട്ടിയപ്പോള്‍ പറഞ്ഞ വാക്കുകള്‍ മറക്കാതെ നടപടികളെടുത്തു. ആ പ്രശ്‌നപരിഹാരത്തിനായി എന്തെല്ലാം തലങ്ങളില്‍ പ്രവര്‍ത്തിക്കാമോ അവയെല്ലാം ചെയ്തു. വിഎസിന്റെ ജീവിതം വരാനിരിക്കുന്ന ഓരോ നാളേയ്ക്കും വഴിവെളിച്ചമാകുന്നത് ഇങ്ങനെയൊക്കെയാണ്.

Content Highlights: How V S Achuthanandan's interventions helped Endosulfan victims

dot image
To advertise here,contact us
dot image