
അയ്യേ എന്നു പറഞ്ഞിടത്തു നിന്നു തന്റെ ആരാധകരെ മാറ്റി ചിന്തിപ്പിക്കാനാവുമോ സക്കീര്‍ ഭായ്ക്ക്..! പൗരുഷത്തിന്റെ പ്രതീകം എന്ന സമൂഹം തലയില്‍ ചാര്‍ത്തിയ കിരീടം നിഷ്‌കരുണം എടുത്തെറിഞ്ഞുടയ്ക്കുവാനാകുമോ..? എല്ലാം മാറ്റി നിര്‍ത്താം. കല്ലേറുകള്‍ ഉണ്ടാകും എന്നറിഞ്ഞുകൊണ്ടും സമൂഹത്തിലെ സ്റ്റീരിയോടൈപ്പുകള്‍ക്കെതിരെ കൊടിപിടിക്കാനാവുമോ? യെസ് വീ കാന്‍. ഈ ഉത്തരം കേവലം ശബ്ദം കൊണ്ടല്ല, പ്രവൃത്തികൊണ്ട്, അഭിനയംകൊണ്ടു അടയാളപ്പെടുത്തുകയാണ് മലയാളത്തിന്റെ ബിഗ് എംസ്.
ഹൈപ്പര്‍ മാസ്‌കുലിനിറ്റി..! കടക്കു പുറത്ത്..!
എന്റെ പിള്ളേരേ തൊടുന്നോടാ എന്നു ചോദിച്ചു ഇന്‍സ്‌പെക്ടര്‍ മയില്‍വാഹനത്തിന്റെ കഴുത്തില്‍ കാലമര്‍ത്തി ചോദിക്കുന്ന സ്റ്റീഫന്‍ നെടുമ്പിള്ളിക്കു കൈയടിച്ചവരും, നരസിംഹത്തില്‍ തന്റെ കാമുകിയോടു, വെള്ളമടിച്ചു കോണ്തിരിഞ്ഞു വരുമ്പോള്‍ ചെരുപ്പൂരി കാലുമടക്കി തൊഴിക്കാന്‍ ഒരു പെണ്ണു വേണം എന്നു പറഞ്ഞതു കേട്ടപ്പോള്‍ ഊറ്റംകൊണ്ട കാന്താരികളും, ലാലേട്ടന്റെ കണ്ണിലും നടപ്പിലും ഇരുപ്പിലും ഉണ്ടെന്നു കണ്ട പൗരുഷത്തിന്റെ പ്രഭാവലയമാണ്, സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന പരസ്യത്തിലൂടെ മോഹന്‍ ലാല്‍ വേണ്ടെന്നുവച്ചത്.
ജ്വല്ലറി പരസ്യങ്ങളില്‍ സുന്ദരിമാര്‍ മാത്രം പ്രത്യക്ഷപ്പെടുന്നിടത്ത് ലാലേട്ടനെന്ത് കാര്യം, ചിലപ്പോള്‍ ഭാര്യക്കോ അമ്മയ്‌ക്കോ സ്വര്‍ണം സമ്മാനിക്കലാവും എന്നു കരുതിയ ഇടത്താണ്, സ്റ്റീരിയോടൈപ്പുകളെ ഉടച്ചുവാര്‍ത്തു ലാലേട്ടന്‍ ആഭരണങ്ങള്‍ അണിഞ്ഞു, അടിമുടി നിന്ന നില്‍പ്പില്‍, നില്‍പ്പിലും നടിപ്പിലും കണ്ണിലും കൈകളിലും അടക്കം ഉള്ളിലെ സ്‌ത്രൈണതയെ പുറത്തെടുത്തിട്ടത്. അതും ഒരു ഡയലോഗിന്റെ പോലും പിന്‍ബലമില്ലാതെ. പുരുഷനെന്നാല്‍ പൗരുഷം കൈയാളുന്നവന്‍ എന്നു മാത്രമല്ല ഉള്ളില്‍ ഒരു സ്‌ത്രൈണത കൂടി ചേര്‍ത്തുവെക്കുന്നവനാണ് എന്ന തത്വത്തെ കൂടിയാണ് ആ നടനവൈഭവം കൊണ്ടു അദ്ദേഹം പറഞ്ഞുവച്ചത്.
ലാലേട്ടന്‍ ഈ സീനിലേക്ക് കാലെടുത്തുവെക്കുന്നത് ഇപ്പോഴാണെങ്കില്‍, മമ്മൂക്ക ഈ സീനെല്ലാം പുള്ളിയുടെ പണ്ടേക്കു പണ്ടേ തന്നെ വിട്ടതാണ്. ജിയോ ബേബിയുടെ കാതല്‍ എന്ന സിനിമ ചെയ്യാന്‍ അദ്ദേഹം കാണിച്ച ധൈര്യം, ലൈംഗിക ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കാന്‍ അദ്ദേഹമെടുത്ത തീരുമാനം, അതു മലയാള സിനിമ സ്വര്‍ണലിപികളില്‍ തന്നെ കുറിച്ചിട്ടതാണ്.
സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയേക്കുമോയെന്നു ഭയന്ന്, ശരീരത്തിനുള്ളില്‍ തളച്ചിട്ട സ്വത്വത്തെ, സ്വവര്‍ഗാനുരാഗിയെന്ന സത്യത്തെ കൂടുതുറന്നു വിടുന്ന മാത്യു ദേവസ്സിയെ മമ്മൂക്ക അഭ്രപാളികളില്‍ പകര്‍ത്തിവച്ചപ്പോള്‍ അത് വാര്‍പ്പു മാതൃകകളെ ഉടച്ചെടുത്ത മറ്റൊരു ചരിത്രമായി. യുവത്വം പോലും അംഗീകരിച്ചു തുടങ്ങണോ വേണ്ടയോ എന്ന സംശയത്തിന്റെ മുനമ്പില്‍ നില്‍ക്കുന്ന വിഷയങ്ങളിലാണ്, ഈ അറുപത്തിയഞ്ചുകാരനും എഴുപത്തിമൂന്നുകാരനും കൃത്യമായ നിലപാടുകള്‍ പറഞ്ഞഭിനയിച്ചുവച്ചത്.
ഇളംതലമുറക്കാര്‍ വെട്ടിയ വഴി
പരമ്പരാഗതം എന്നു ഓമന പേരിട്ടു വിളിച്ച പലതിനെയും, അംഗീകരിക്കാനുള്ള സമൂഹത്തിന്റെ ഭയമെന്ന ഇരട്ടത്താപ്പാണെന്നു കാണിച്ചു തന്നു ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും വലിച്ചുകീറിയൊട്ടിക്കുന്ന, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന ട്രെന്‍ഡ്, എന്നാല്‍ ഇവരില്‍ നിന്നു തുടങ്ങിയ ഒന്നല്ല. അതിനു വഴിമരുന്നിട്ടത് മോളിവുഡിലെ ഇളംതലമുറക്കാര്‍ തന്നെയാണ്.
മൂക്കുത്തിയിട്ട ഫഹദ്
വൈ ഷുഡ് ഗേള്‍സ് ഹാവ് ആള്‍ ദി ഫണ്‍ എന്നു ചോദിച്ചു വെള്ളക്കല്ലിന്റെ മൂക്കുത്തിയണിഞ്ഞു വരുന്ന ഫഹദിനെ നമ്മള്‍ കണ്ടതു ഒരു ജ്വല്ലറിയുടെ തന്നെ പരസ്യത്തിലാണ്. ആഭരണങ്ങള്‍ മാറ്റു കൂട്ടുന്നത് സ്ത്രീകള്‍ക്കു മാത്രമല്ലെന്നും, ഫാഷന്‍ ഈസ് ജെന്‍ഡര്‍ലെസ്സ് എന്നും ഫഫാ വളരേ സിമ്പിളായി ആ പരസ്യത്തിലൂടെ പറഞ്ഞുവച്ചു.
മൂത്തോനായ നിവിന്‍
എല്ലാ മനുഷ്യരും അതിര്‍വരമ്പുകള്‍ ഇല്ലാതെ, ലൈംഗികമായ വേര്‍തിരിവുകള്‍ക്കുള്ളില്‍ നില്‍ക്കുമ്പോളും, ഒരുപോലെ സ്‌നേഹിക്കപ്പെടണമെന്നു പറഞ്ഞുവച്ച ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ സിനിമയിലെ നിവിന്‍ പോളിയുടെ അഭിനയം എടുത്തു പറയേണ്ടതാണ്. സ്വവര്‍ഗാനുരാഗിയായി മാറിയപ്പോള്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കാന്‍ ആര്‍ജ്ജവം കാണിച്ച, മാറ്റത്തിനു വഴിതെളിക്കാന്‍ കൂട്ടുവന്ന യുവതലമുറ നായകന്മാരില്‍ ഒരാളായി നിവിനും ഈ സിനിമയിലൂടെ മാറി.
മേരിക്കുട്ടിയില്‍ അലിഞ്ഞുചേര്‍ന്ന ജയസൂര്യ
രഞ്ജിത്ത് ശങ്കറിന്റെ ഞാന്‍ മേരിക്കുട്ടിയില്‍ എവിടെയും നമുക്കു ജയസൂര്യ എന്ന നടനെ കാണാനാവില്ല. അവഗണനകളും അവമതികളും താണ്ടി, സമൂഹത്തിന്റെ സകല ചവിട്ടും കുത്തും ഏറ്റുവാങ്ങി, മുന്നേറാന്‍ വീണും എഴുന്നേറ്റും ഇന്നും നമുക്കു മുന്നില്‍ പൊരുതുന്ന ഏതൊരു ട്രാന്‍സ്‌നെയും ആ കഥാപാത്രത്തില്‍ തെളിഞ്ഞു കാണുന്നത്ര ക്ലാരിറ്റിയോടെയാണ് മേരിക്കുട്ടിയായി ജയസൂര്യ രണ്ടര മണിക്കൂറില്‍ ജീവിച്ചു കാണിച്ചത്.
കാക്കിയും സ്വവര്‍ഗാനുരാഗവും പൃഥ്വിരാജും
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വവര്‍ഗാനുരാഗത്തെക്കുറിച്ചു മിണ്ടാനോ ഉരിയാടാനോ ഭയക്കുന്ന അന്തരീക്ഷത്തിലാണ്, ബോബി-സഞ്ജയ് - റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ മുംബൈ പോലീസ് പുറത്തു വരുന്നത്.
ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ പുറത്താവുന്ന നായകന്റെ ഉള്ളിലെ സ്വവര്‍ഗാനുരാഗിയെ മറയ്ക്കാന്‍ ഒരു കൊലയാളിയായി മാറുന്ന നായകനെയാണ് ചിത്രം വരച്ചിടുന്നതെങ്കിലും, ആ ലൈംഗീക ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കാന്‍ അന്നത്തെ ചോക്ലേറ്റ് നായകനായ പൃഥ്വിരാജ് തയ്യാറായി എന്നതു തന്നെയാണ് അന്നും ഇന്നും ചര്‍ച്ചയാകുന്ന വസ്തുത.
വാര്‍പ്പുമാതൃകകള്‍ ഉടച്ചുവാര്‍ത്തു മോളിവുഡ്
ഇന്ത്യന്‍ സിനിമ ലോകം മോളിവുഡിനെ ഉറ്റുനോക്കാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായെങ്കിലും, പലതിനെയും റീമേക്ക് എന്ന പേരിലെല്ലാം കൊത്തിക്കൊണ്ടു പോകാറുണ്ടെങ്കിലും, ഇത്തരം വാര്‍പ്പുമാതൃകകള്‍ ഉടച്ചുവാര്‍ത്തുകൊണ്ടുള്ള മോഡലുകള്‍, മറ്റു ഇന്‍ഡസ്ട്രികളില്‍ ഏതെല്ലാം നടന്മാര്‍ ചെയ്യാന്‍ തയ്യാറാകും എന്ന കാര്യം സംശയമാണ്. കാരണം കയ്യടികള്‍ മാത്രം ഏറ്റുവാങ്ങി ശീലിച്ചവര്‍ക്കു സമൂഹത്തിന്റെ ചട്ടക്കൂടുകളെ പൊട്ടിച്ചെറിഞ്ഞാലുള്ള ഭവിഷ്യത്തുകളെ നേരിടാനുള്ള കെല്‍പ്പുണ്ടാകുമോ എന്ന സംശയത്തോടൊപ്പം തന്നെ, ഹൈപ്പര്‍ മാസ്‌കുലിനിറ്റിയില്‍ കെട്ടിപ്പടുത്ത സ്റ്റാര്‍ഡത്തിനു വിള്ളല്‍ വീണു തകര്‍ന്നുപോകുമോ എന്ന പേടിയും അവരെ വേട്ടയാടിയേക്കാം..!
Content Highlights :Through his acting prowess, he also conveyed the principle that a man is not only someone who possesses masculinity, but also someone who possesses a feminine side within