
2012 മെയ് 4, രാത്രി…
ആശയഭിന്നതകളെത്തുടര്‍ന്ന് സിപിഐഎമ്മില്‍ നിന്നും രാജിവെച്ച് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയ ടിപി ചന്ദ്രശേഖരന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ തെരുവില്‍ 51 വെട്ടേറ്റു മരിച്ചു.
രാഷ്ട്രീയ കേരളത്തിന് ഒരിക്കലും പൊറുക്കാനാവാത്ത ക്രൂരകൊലപാതകം.പിന്നില്‍, സിപിഎമ്മാണെന്ന് നിമിഷങ്ങള്‍ക്കകം ആര്‍എംപി ആരോപിച്ചു.
കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ ആവേശഭൂമിയായ ഒഞ്ചിയത്തെ രക്തസാക്ഷി മണ്ണില്‍ നിന്നുള്ള, മണ്ടോടി കണ്ണന്റെ നാട്ടില്‍ നിന്നുള്ള സഖാവ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിരിക്കുന്നു. പ്രതിസ്ഥാനത്തുള്ളത് കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടി. സിപിഎമ്മിനകത്തും പുറത്തുമുള്ള ചന്ദ്രശേഖരന്റെ സഖാക്കള്‍ വിറങ്ങലിച്ചു നിന്ന നാളുകള്‍.രാഷ്ട്രീയ കേരളം കലങ്ങിമറിഞ്ഞു.ഇടതു മനസ്സുകളില്‍ ആ രക്തസാക്ഷിത്വം ഒരു നീറ്റലായി എരിഞ്ഞു.
സിപിഐഎമ്മിലെ വിഭാഗീയതയുടെ കാലത്ത് വിഎസ് ഉയര്‍ത്തിയ ആശയപ്പോരാട്ടങ്ങളെ പിന്‍പറ്റിയിരുന്ന സഖാവായിരുന്നു ചന്ദ്രശേഖരന്‍. ചന്ദ്രശേഖരന്റെ ശവകുടീരത്തില്‍, ഒരുപിടി രക്തപുഷ്പങ്ങളര്‍പ്പിക്കാനുള്ള വിഎസ്സിന്റെ ദൃഢ തീരുമാനത്തെ തോല്‍പിക്കാന്‍ പാര്‍ട്ടിയുടെ സംഘടനാ കെട്ടുറപ്പുകള്‍ക്ക് സാധിച്ചില്ല. എല്ലാ പ്രതിബന്ധങ്ങളെയും വിഎസ് അതിജീവിച്ചു.
കോഴിക്കോട് ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തില്‍ ചന്ദ്രശേഖരന് അന്ത്യാഭിവാദ്യമര്‍പ്പിച്ച വിഎസ്, ആഴ്ചകള്‍ക്ക് ശേഷം, ജൂണ്‍ മൂന്നിന് രാവിലെ, ഒഞ്ചിയത്തെ ചോര വീണ മണ്ണിലേക്ക് വിഎസ് പുറപ്പെട്ടു.വാര്‍ത്തയറിഞ്ഞ് ചന്ദ്രശേഖരന്റെ വീട്ടിലേക്ക് ജനപ്രവാഹം.
പ്രധാന വഴിയും ഇടറോഡും നിറഞ്ഞ് മതിലുകളിലും കയ്യാലപ്പുറത്തും വീടിന്റെ മേല്‍ക്കൂരകളിലും വരെ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞു… ഒഞ്ചിയത്തിന്റെ നാട്ടിടവഴികള്‍മുദ്രാവാക്യമുഖരിതമായി.ആള്‍ക്കൂട്ടത്തിനിടയിലൂടെ വിഎസ് രക്തസാക്ഷിയുടെ വീട്ടിലേക്ക് നടന്നുകയറി.
വിഎസിന്റെ കൈപിടിച്ച് മുഖം ചേര്‍ത്ത് കരഞ്ഞ ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ. അവര്‍ക്ക് മുന്നില്‍ കൈകൂപ്പി കലകുനിച്ച് നിന്ന വിഎസ്.ആ ചിത്രം രാഷ്ട്രീയ കേരളത്തോട് പലതും പറയാതെ പറഞ്ഞു.
ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന്റെ വീര്യത്തെ നെഞ്ചോടു ചേര്‍ത്തുപിടിച്ച വിഎസ്, ഉള്ളില്‍ പോറലേറ്റ് എരിയുന്ന മനസ്സുമായി നിന്ന കമ്യൂണിസ്റ്റ് ഹൃദയങ്ങള്‍ക്ക് ആശ്വാസമായി.
ടിപി ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചാണ് വിഎസ് മടങ്ങിയത്.സമരവഴികളില്‍ ജീവനറ്റുപോകുന്ന രക്തസാക്ഷികളുടെ മഹത്വവും, ആശയങ്ങളുടെ പേരില്‍ മനുഷ്യജീവന്‍ കവരുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരതയും വിഎസ് ആ രാഷ്ട്രീയകാലത്തിന്‍മേല്‍ ജാഗ്രതയോടെ അടയാളപ്പെടുത്തി… അതായിരുന്നു വിഎസ്… നമ്മെ കടന്നുപോയ ഈ കാലത്തിന്റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ…
Content Highlights: VS: The Manifesto of a Bygone Era