
2015 ആലപ്പുഴ സിപിഐഎം സംസ്ഥാന സമ്മേളനം. ഒരു വ്യക്തിയും നേതാവും പാര്‍ട്ടിക്ക് അതീതനല്ലെന്ന് ഒരു വ്യക്തിയെ പരോക്ഷമായി ചൂണ്ടിക്കാട്ടി പ്രഖ്യാപിക്കപ്പെട്ട സമ്മേളനമായിരുന്നു അത്. ജനപിന്തുണയില്‍ ഏറെ മുന്നിലാണെങ്കിലും പാര്‍ട്ടിയില്‍ ഒറ്റയാനായിരുന്ന വിഎസ് അച്യുതാനന്ദനെന്ന നേതാവ് ആ സമ്മേളനത്തോടെ പൂര്‍ണമായും ദുര്‍ബലനായിത്തീര്‍ന്നു. സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന് മുന്‍പായി പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ അടക്കിയ വലിയ ചുടുകാട്ടില്‍ പുഷ്പചക്രം അര്‍പ്പിക്കാന്‍ എത്തിയ വിഎസിന്റെ മുഖം മ്ലാനായിരുന്നു.
സമ്മേളനത്തിന് തലേന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് തനിക്കെതിരെ പാസ്സാക്കിയ പ്രമേയം പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചതില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു വിഎസ്. നേതാക്കള്‍ക്ക് മുഖം കൊടുക്കാതെ, മിണ്ടാതെ സമ്മേളന വേദിയില്‍ അദ്ദേഹം മാറിയിരുന്നു. ഒടുവില്‍ തിരിച്ചറിവുകളില്‍ അടക്കിപ്പിടിച്ച അമര്‍ഷത്തോടെ സമ്മേളനവേദിയില്‍ നിന്നുള്ള വിഎസിന്റെ ഇറങ്ങിപ്പോക്ക്..മനസ്സിലെ കനത്തിന്റെ ആധിക്യം മുഖത്ത് പ്രതിഫലിച്ചിരുന്നെങ്കിലും കനപ്പെട്ട നിശബ്ദതയില്‍ അതുരുക്കി വിഎസ് ഇറങ്ങി നടന്നു. ആ സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിയില്‍ വിഎസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നില്ല, അച്യുതാനന്ദനില്ലാത്ത ആദ്യ സമിതിയായിരുന്നു അത്.
ഇറങ്ങിപ്പോക്കിലൂടെയാണ് വിഎസ് എന്നും ചരിത്രത്തിന്റെ ഭാഗമായിട്ടുള്ളത്. 1964ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ത്തി ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന കേരളത്തില്‍ നിന്നുള്ള ഏഴ് നേതാക്കളില്‍ ഒരാളായിരുന്നു വിഎസ് അച്യുതാനന്ദന്‍. 1980കളില്‍ എംവി രാഘവന്‍ അവതരിപ്പിച്ച ബദല്‍രേഖയില്‍ പാര്‍ട്ടി വീണ്ടും പിളര്‍പ്പിലേക്ക് പോവുകയാണെന്ന് സംശയിച്ച സമയത്ത് നങ്കൂരം പോലെ നിന്നത് അച്യുതാനന്ദനായിരുന്നു. 1985ല്‍ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വിഭാഗീതയത വ്യക്തമായിരുന്നെങ്കിലും ഇഎംഎസ് അതില്‍ ഇടപെട്ടു. അതിന് പിന്തുണ നല്‍കിയത് വിഎസ് ആണ്. ബദല്‍രേഖ തള്ളിയെന്ന് മാത്രമല്ല, നായനാരെ തിരുത്തിയും എംവിആറിനെയും ആറ് സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തള്ളിയും വിഎസ് കരുത്ത് കാണിച്ചു. പാര്‍ട്ടിയെ തകരാതെ കാത്ത വീരസഖാവ് പരിവേഷം ചാര്‍ത്തിക്കിട്ടുകയും ചെയ്തു. വിഎസിന്റെ കൈകളില്‍ പാര്‍ട്ടി ഭദ്രമാണെന്ന് ഇഎംഎസ് അടിവരയിട്ടു.
ഇകെ നായനാരും വിഎസും തമ്മിലുള്ള ചേരിപ്പോര് മറനീക്കി പുറത്തുവന്ന സമ്മേളമായിരുന്നു 1991ലെ സമ്മേളനം. അടിയൊഴുക്കുകളില്‍ വിഎസിന് നഷ്ടപ്പെട്ടത് പാര്‍ട്ടി സെക്രട്ടറി പദവിയാണ്. ഇ.കെ.നായനാര്‍ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 95ലും വിഎസ് പക്ഷത്തെ വെട്ടിനിരത്തിയെങ്കിലും 98ലെ പാലക്കാട് സമ്മേളനത്തില്‍ വിഎസ് പക്ഷം സംസ്ഥാനകമ്മിറ്റി പിടിച്ചെടുത്തു. എല്ലായ്‌പ്പോഴും ധാര്‍മികതയുടെ വക്താക്കളായിരുന്നു വിഎസ് പക്ഷം. പക്ഷെ വിമര്‍ശകരില്‍ പലരും അതിനെ അധികാരവാഞ്ഛയുടെ ഭാഗമായാണ് കണക്കുകൂട്ടിയത്.
വിഎസ് v/s പിണറായി
ചടയന്‍ ഗോവിന്ദന്റെ മരണത്തോടെ സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി വിജയന്‍ വരുന്നതോടെയാണ് പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുക്കുന്നത്. വിഎസ് പക്ഷവും പിണറായി പക്ഷവും ഉടലെടുക്കുന്നത് അവിടം മുതലാണ്. 2005ല മലപ്പുറം സമ്മേളനത്തോടെ പിണറായി പക്ഷം ശക്തിയാര്‍ജിച്ചു. പിന്നീട് കണ്ടത് ഇരുവരുടേയും നേര്‍ക്കുനേര്‍ പോരാട്ടങ്ങളാണ്. പതിയെ പാര്‍ട്ടിയില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗ്രൂപ്പ് കരുത്തരായി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നുതന്നെ ഒഴിവാക്കാനുള്ള ഒരു നീക്കം നടന്നെങ്കിലും കേരളവും പാര്‍ട്ടി പ്രവര്‍ത്തകരും വിഎസിനുവേണ്ടി നിലകൊണ്ടു. ഒടുവില്‍ വിഎസ് മത്സരരംഗത്തിറങ്ങി. എല്‍ഡിഎഫ് വന്‍വിജയം നേടിയെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയത വിഎസിന്റെ മുഖ്യമന്ത്രി പദത്തിന് വിഘാതമാകുമോ എന്ന ഭയം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉടലെടുത്തു. എന്നാല്‍ ജനവികാരം മാനിക്കാനായിരുന്നു അന്ന് പിബി തീരുമാനം. ആഭ്യന്തരവകുപ്പിന്റെ ചുമതലയില്ലാത്ത മുഖ്യമന്ത്രിയായിരുന്നു വിഎസ്.
വിഎസ് ഇടഞ്ഞെങ്കിലും ആ പദവി കോടിയേരി ബാലകൃഷ്ണനാണ് നല്‍കാനാണ് പാര്‍ട്ടി തീരുമാനമെന്ന് അറിഞ്ഞതോടെ അദ്ദേഹം അടങ്ങി. പക്ഷെ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്തും പ്രസ്താവിച്ചും മുഖ്യമന്ത്രി ഒരുവഴിക്കും പാര്‍ട്ടി മറ്റൊരു വഴിക്കും എന്ന രീതിയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ആ അഞ്ചുവര്‍ഷക്കാലം കൊണ്ട് രൂക്ഷമായി. പലപ്പോഴും വിഎസ്-പിണറായി പോര് മറനീക്കി പുറത്തുവരികയും ചെയ്തു. ലാവ്‌ലിന്‍ കേസില്‍ ഇരുവരും ഏറ്റുമുട്ടിയതോടെ വിഭാഗീയതയുടെ പേരില്‍ വിഎസിനെ 2007ല്‍ പോളിറ്റ്ബ്യൂറോയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പിണറായിയും നടപടി നേരിട്ടു. കോട്ടയത്തെ സംസ്ഥാന സമ്മേളനത്തില്‍ പിണറായി പക്ഷം പിടിമുറുക്കിയപ്പോഴും പ്രവര്‍ത്തകര്‍ വിഎസിനെ കണ്ട് ആവേശഭരിതരായിരുന്നു. ആ ജയ് വിളികളെ ഇത് ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ലെന്ന് പറഞ്ഞ് ശാസിച്ചൊതുക്കി പിണറായി.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി വിഎസിന് സീറ്റ് നിഷേധിച്ചു. കേരളമൊന്നാകെ വിഎസ് അനുകൂല വികാരം അലയടിച്ചു. പ്രവര്‍ത്തകര്‍ ഇതിനെതിരെ തെരുവിലിറങ്ങി. ഒടുവില്‍ ജനവികാരം പാര്‍ട്ടിക്ക് മാനിക്കേണ്ടി വന്നു. വന്‍ഭൂരിപക്ഷത്തോടെ വിഎസ് മലമ്പുഴയില്‍ നിന്ന് ജയിച്ചെങ്കിലും അഞ്ചുവര്‍ഷത്തില്‍ ഭരണം മാറുക എന്ന കേരളത്തിന്റെ ശീലത്തെ മറികടക്കാന്‍ പക്ഷെ വിഎസ് ഫാക്ടറില്‍ നേടിയ ഉയര്‍ന്ന പ്രാതിനിധ്യത്തിനും സാധിച്ചില്ല.
തനിക്കനുകൂലമായ ജനവികാരത്തെ മാത്രം മാനിച്ച് പാര്‍ട്ടി തീരുമാനങ്ങളില്‍ നിന്ന് വഴിമാറി നടക്കുന്ന വിഎസിനെയാണ് പിന്നീട് കണ്ടത്. ലാവ്‌ലിന്‍ കേസില്‍ വിഎസ് എടുത്ത നിലപാടുകള്‍ വിമര്‍ശിക്കപ്പെട്ടു. പിണറായി വിജയന്‍ തെറ്റുചെയ്തിട്ടുണ്ടെന്ന്, അഴിമതിക്കാരനാണെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പലപ്പോഴും വിഎസിന്റെ ഭാഗത്തുനിന്ന് വന്നത്. ടിപി ചന്ദ്രശേഖരന്‍ വധത്തിലും പാര്‍ട്ടി വിരുദ്ധ നിലപാടായിരുന്നു വിഎസ് അച്യുതാനന്ദന്റേത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് മേല്‍ ചാര്‍ത്തുന്നത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ യുഡിഎഫ് വിഷയം ആളിക്കത്തിക്കുക തന്നെ ചെയ്തു. ആ സമയത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് അച്യുതാനന്ദന്‍ സ്വീകരിച്ചത്. കോഴിക്കോട് ടൗണ്‍ഹാളില്‍ ടിപിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ അവിടെയെത്തിയ വിഎസ് ടിപിയെ ധീരനായ കമ്യൂണിസ്റ്റ് എന്നാണ് ഓര്‍മിച്ചത്.
പാര്‍ട്ടി നേതാക്കള്‍ ടിപിയുടെ കുടുംബത്തെ ബഹിഷ്‌ക്കരിച്ചപ്പോഴും ഒരു ഭയവും കൂടാതെ കെ.കെ.രമയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാന്‍ വിഎസ് ഒഞ്ചിയത്തെ അവരുടെ വസതിയിലെത്തി. നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസമായിരുന്നു അത്. വിഎസിന്റഎ സന്ദര്‍ശനം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്ന് വിലയിരുത്തപ്പെട്ടു. ഇതോടെ പാര്‍ട്ടിയിലെ കണ്ണൂര്‍ ഗ്രൂപ്പും വിഎസും രണ്ടുചേരിയിലാണെന്ന് പരസ്യമായി. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു 2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെ തള്ളുന്നത്. വിഭാഗീയതക്ക് വിരാമമിട്ടെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച സമ്മേളനം കൊടിയിറങ്ങിയത് വിഭാഗീയത അതിന്റെ അതിന്റെ പാരമ്യത്തിലെത്തുന്ന കാഴ്ചയോടെയാണ്. വിഎസിനെ ഇനി സംസ്ഥാന നേതൃത്വം കാര്യമായി പരിഗണിക്കില്ലെന്ന് അതോടെ വ്യക്തമായെന്നും പറയാം. വിഎസ് പക്ഷത്തുള്ളവരും അതിനുമുന്‍പേ കൂറുമാറി വിഎസ് അക്ഷരാര്‍ഥത്തില്‍ അപ്പോഴേക്കും ഒറ്റയാന്‍ ആയിരുന്നു.
പക്ഷെ 2016ല്‍ പാര്‍ട്ടിക്കുവേണ്ടി വിഎസ് താരപ്രചാരകനായി ഇറങ്ങി. അന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ജന മനസ്സില്‍ വിഎസ് തന്നെയായിരുന്നു അന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ഭൂരിപക്ഷം നേടി അധികാരത്തിലേറിയ എല്‍ഡിഎഫിന്റെ അധികാരക്രമത്തിലെവിടെയും വിഎസിന്റെ പേരുണ്ടായിരുന്നില്ല. വീണ്ടും ജനരോഷം ഉയര്‍ന്നു. വിഎസിനെ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനാക്കിയാണ് അതിനോട് പാര്‍ട്ടി പ്രതികരിച്ചത്. പദവിയോടു മാന്യത പുലര്‍ത്തിയ വിഎസ് പ്രായത്തെ കണക്കിലെടുക്കാതെ കടമകള്‍ പൂര്‍ത്തിയാക്കി. 13 ഭരണപരിഷ്‌ക്കാര റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒന്നുപോലും സര്‍ക്കാര്‍ ഗൗനിച്ചില്ലെന്നത് മറുവശം.
ചിട്ടയായ ജീവിതശൈലിയിലൂടെ പ്രായത്തിന് പിടികൊടുക്കാതെ കേരളമാകെ സഞ്ചരിച്ചിരുന്ന, ജനഹൃദയങ്ങളെ നീട്ടിയും കുറുക്കിയുമുള്ള പ്രസംഗത്തിലൂടെ ആവാഹിച്ചിരുന്ന വിഎസ് 2019ലുണ്ടായ പക്ഷാഘാതത്തോടെ പൊതു ഇടങ്ങളില്‍ നിന്ന് പിന്‍വാങ്ങി. അവശാനായെങ്കിലും വിഎസിനെ മറന്നുകൊണ്ടുള്ള ഒരു നീക്കുപോക്കിനും അദ്ദേഹത്തെ എന്നും നെഞ്ചില്‍കൊണ്ടുനടക്കുന്നവര്‍ അനുവദിച്ചിരുന്നില്ല. 2025ല്‍ നടന്ന കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെ സംസ്ഥാനകമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയിരുന്നു.
1964ലെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് പാര്‍ട്ടി പിളര്‍ത്തി ഇറങ്ങിപ്പോന്ന് സിപിഐഎം രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയവരില്‍ ജീവിച്ചിരുന്ന ഏകനേതാവും ഒടുവില്‍ വിടപറഞ്ഞിരിക്കുന്നു.
Content Highlights: VS Achuthanandan