
'ദൈവം അനുവദിച്ചാല്‍ 2027 ആഗസ്റ്റില്‍ കാലാവധി പൂര്‍ത്തിയാക്കി ഞാന്‍ ഈ സ്ഥാനത്ത് നിന്ന് വിരമിക്കും'. 12 ദിവസം മുന്‍പ് ജെഎന്‍യുവില്‍ നടന്ന ഒരു പരിപാടിയിലെ ജഗ്ദീപ് ധന്‍കറിന്റെ വാക്കുകളായിരുന്നു ഇത്. എന്നാല്‍ അപ്രതീക്ഷമായി ഏവരെയും ഞെട്ടിച്ചുകൊണ്ടായിരിന്നു കഴിഞ്ഞദിവസം ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജി വെച്ചത്. രാജ്യസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ ധന്‍കറിന്റെ അവസാന സെഷന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അപ്രതീക്ഷിതമായ രാജി പ്രഖ്യാപനം.'ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67(എ) പ്രകാരം ഞാന്‍ രാജിവയ്ക്കുന്നു. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവന്‍ പാര്‍ലമെന്റംഗങ്ങള്‍ക്കും നന്ദി പറയുന്നു. ആരോഗ്യം അനുവദിക്കാത്തതിനാല്‍ മാറിനില്‍ക്കുന്നു', രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനയച്ച രാജി കത്തില്‍ ധന്‍കര്‍ പറഞ്ഞു.
2022 ഓഗസ്റ്റ് 11നാണ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി സ്ഥാനമേല്‍ക്കുന്നത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം തികയും മുന്‍പാണ് രാജിപ്രഖ്യാപനം. ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു ധന്‍കര്‍. രാജ്യസഭാ ചെയര്‍മാനായിരുന്ന കാലത്ത് പ്രതിപക്ഷ അംഗങ്ങളുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന ധന്‍കര്‍ ശക്തമായ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. പക്ഷപാതപരമായ പെരുമാറ്റത്തിന് പ്രതിപക്ഷത്ത് നിന്ന് പുറത്താക്കല്‍ നോട്ടീസ് ലഭിച്ച ഏക ഉപരാഷ്ട്രപതി കൂടിയാണ് ധന്‍കര്‍.
നിരവധി അഭ്യൂഹങ്ങളാണ് അദ്ദേഹത്തിന്റെ രാജിക്ക് പിന്നാലെ പുറത്തു വരുന്നത്, ഈ വര്‍ഷം ആദ്യം ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ധന്‍കര്‍ ചികിത്സ തേടിയിരുന്നുവെന്നത് ശരിയാണെങ്കിലും അതുമാത്രമല്ല രാജിക്ക് കാരണമെന്നാണ് പുറത്തു വരുന്ന പല വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്. ബിഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് കുമാറിനെ അടുത്ത ഉപരാഷ്ട്രപതിയാകാന്‍ ധന്‍ഖര്‍ വഴിയൊരുക്കുന്നതെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
കൂടാതെ, ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം രാജ്യസഭാ കക്ഷി നേതാവും കേന്ദമന്ത്രിയുമായ ജെ പി നദ്ദയും കിരണ്‍ റിജിജുവും എന്ന് റിപ്പോര്‍ട്ട് പുറത്തു വരുന്നുണ്ട്. ഉപരാഷ്ട്രപതി അധ്യക്ഷത വഹിച്ച ബിസിനസ് അഫയേഴ്സ് കമ്മിറ്റി യോഗത്തില്‍ ഇരുവരും പങ്കെടുക്കില്ല എന്നത് മുന്‍കൂട്ടി അറിയിക്കാത്തതാണ് ധന്‍കറിന്റെ രാജിക്ക് കാരണമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം രണ്ട് യോഗങ്ങളാണ് ബിസിനസ് അഫയേഴ്സ് കമ്മിറ്റിയുടേതായി ഉണ്ടായിരുന്നത്. ഇതില്‍ ആദ്യത്തെ യോഗത്തില്‍ നദ്ദയും റിജിജുവും പങ്കെടുത്തിരുന്നു. ഉച്ചയ്ക്ക് ശേഷമുണ്ടായിരുന്ന രണ്ടാമത്തെ യോഗത്തില്‍ എന്നാല്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. രാജ്യസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ ജഗ്ദീപ് ധന്‍കര്‍ വിളിച്ച യോഗമായതിനാല്‍, ഇരുവരും ഉപരാഷ്ട്രപതിയെ വരില്ല എന്ന് അറിയിച്ചിരുന്നുമില്ല. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തിനെത്തിയ കേന്ദ്രമന്ത്രി എല്‍ മുരുകന്‍ യോഗം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധന്‍കറിന്റെ രാജി പ്രഖ്യാപനമെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമായിരുന്നു രാജി എന്നാണ് വിശദീകരണം. രാജിക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് വരേയ്ക്കും ധന്‍കര്‍ രാജ്യസഭാ നടപടികള്‍ നിയന്ത്രിച്ചിരുന്നു.
Content Highlights: Indian vice president's resignation sparks speculation