
ന്യൂ ഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം രാജ്യസഭാ കക്ഷി നേതാവും കേന്ദമന്ത്രിയുമായ ജെ പി നദ്ദയും കിരൺ റിജിജുവും എന്ന് റിപ്പോർട്ട്. ഉപരാഷ്ട്രപതി അധ്യക്ഷത വഹിച്ച ബിസിനസ് അഫയേഴ്‌സ് കമ്മിറ്റി യോഗത്തിൽ ഇരുവരും പങ്കെടുക്കില്ല എന്നത് മുൻകൂട്ടി അറിയിക്കാത്തതാണ് ധൻകറിന്റെ രാജിക്ക് കാരണമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം രണ്ട് യോഗങ്ങളാണ് ബിസിനസ് അഫയേഴ്‌സ് കമ്മിറ്റിയുടേതായി ഉണ്ടായിരുന്നത്. ഇതിൽ ആദ്യത്തെ യോഗത്തിൽ നദ്ദയും റിജിജുവും പങ്കെടുത്തിരുന്നു. ഉച്ചയ്ക്ക് ശേഷമുണ്ടായിരുന്ന രണ്ടാമത്തെ യോഗത്തിൽ എന്നാൽ ഇരുവരും പങ്കെടുത്തിരുന്നില്ല. രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ ജഗ്ദീപ് ധൻകർ വിളിച്ച യോഗമായതിനാൽ, ഇരുവരും ഉപരാഷ്ട്രപതിയെ വരില്ല എന്ന് അറിയിച്ചിരുന്നുമില്ല. തുടർന്ന് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തിനെത്തിയ കേന്ദ്രമന്ത്രി എൽ മുരുകൻ യോഗം മാറ്റിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധൻകറിന്റെ രാജി പ്രഖ്യാപനമെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ മൂലമായിരുന്നു രാജി എന്നാണ് വിശദീകരണം. രാജിക്ക് മണിക്കൂറുകൾക്ക് മുൻപ് വരേയ്ക്കും ധൻകർ രാജ്യസഭാ നടപടികൾ നിയന്ത്രിച്ചിരുന്നു.
2022 ഓഗസ്റ്റ് 11 നാണ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്നത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം തികയും മുന്‍പാണ് രാജിപ്രഖ്യാപനം. ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു ധൻകർ.
Content Highlights: JP Nadda and Kiran Rijiju reason for Jagdeep Dhankars resignation?