


 
            ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാപാപ്പയ്ക്ക് കണ്ണീരോടെ ലോകം വിട നല്‍കിയിരിക്കുകയാണ്. റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം. ശനിയാഴ്ചയാണ് ആചാരപരമായ ചടങ്ങുകളോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം നടന്നത്. ലോകനേതാക്കള്‍ അടക്കം ലക്ഷക്കണക്കിന് പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി ആചാരങ്ങളിലൂടെയാണ് പോപ്പിന്റെ മരണം സ്ഥിരീകരിക്കുന്നത് മുതല്‍ പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് വരെയുള്ള നടപടികള്‍ നടക്കുന്നത്. ഇതിലൊന്നാണ് മാര്‍പാപ്പയുടെ മുദ്രമോതിരം നശിപ്പിക്കുക എന്നത്. വത്തിക്കാനിടെ ഒരു മുറിക്കുള്ളില്‍ വെച്ചാണ് ഈ പാപ്പല്‍ മോതിരം നശിപ്പിക്കപ്പെടുന്നത്. കാമര്‍ലെംഗോ ആയ കര്‍ദിനാള്‍ ആണ് ഇത് ചെയ്യുക. എന്തിനാണ് പോപ്പിന്റെ മുദ്രമോതിരം നശിപ്പിക്കുന്നത്? പരിശോധിക്കാം
മാര്‍പാപ്പയുടെ മുദ്രമോതിരം പാപ്പല്‍ റിങ് എന്നും ഫിഷര്‍മെന്‍ റിങ് എന്നും അറിയപ്പെടുന്നു. വലതുകയ്യിലെ മോതിര വിരലിലാണ് സാധാരണയായി മാര്‍പാപ്പ മുദ്രമോതിരം ധരിക്കുന്നത്. സഭയ്ക്കുള്ളിലെ റോളിനെയും അധികാരത്തെയും ഇത് സൂചിപ്പിക്കുന്നു.
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. ഈ ചടങ്ങിലാണ് അദ്ദേഹം തന്‌റെ മുദ്രമോതിരം സ്വീകരിച്ചത്. ഇറ്റാലിയന്‍ കര്‍ദിനാള്‍ എഞ്ചലോ സര്‍ദാനോയാണ് അദ്ദേഹത്തിന് മോതിരം അണിയിച്ച് നല്‍കിയത്. പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെ സെക്രട്ടറിയായിരുന്ന ആര്‍ച്ച് ബിഷപ്പ് പാസ്‌ക്വേല്‍ മാക്കിയുടെ കൈവശമുണ്ടായിരുന്ന ഒരു ആഭരണത്തില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചത്.
പാപ്പല്‍ മോതിരം നശിപ്പിക്കുന്നത് എന്തിന്?
പതിമൂന്നാം നൂറ്റാണ്ടിലാണ് പാപ്പല്‍ മോതിരം നശിപ്പിക്കുന്ന പാരമ്പര്യം ആരംഭിച്ചത്. മാര്‍പ്പാപ്പയുടെ മരണശേഷം വ്യാജരേഖകള്‍ നിര്‍മ്മിക്കുന്നതിനോ അധികാരം പിടിച്ചെടുക്കുന്നതിനോ ഉള്ള ശ്രമങ്ങള്‍ തടയുന്നതിനാണ് ഈ രീതി കൊണ്ടുവന്നത്. വത്തിക്കാന്‍ ഭരണത്തിന്റെ ഔദ്യോഗിക രേഖകളും പ്രവൃത്തികളും മുദ്രവെക്കാന്‍ ഈ മോതിരങ്ങള്‍ ഉപയോഗിച്ചിരുന്നതിനാല്‍, അവ അനധികൃത വ്യക്തിയുടെ കൈകളില്‍ എത്തിയാല്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഒരു പോപ്പിന്റെ മരണശേഷം, മോതിരം നശിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പോണ്ടിഫിക്കേറ്റിന്റെ അവസാനത്തെ സൂചിപ്പിക്കുന്നു. മാത്രമല്ല, അടുത്ത പോപ്പിന്റെ തിരഞ്ഞെടുപ്പിനായി കാത്തിരിക്കുന്ന 'സെഡെ വെക്കന്റെ' കാലഘട്ടത്തിന്റെ തുടക്കവും ഇത് അടയാളപ്പെടുത്തുന്നു.
Content Highlights: Surprising reason Pope Francis's signet ring will be destroyed
 
                        
                        