ഇഷാന്‍ ഇല്ല; വൈഭവിന് വീണ്ടും അവസരം, മൂന്നാം ടി20യില്‍ തിളങ്ങുമോ കൗമാര താരം?

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ നിന്നും ഇഷാന്‍ കിഷന്‍ പുറത്ത്; വൈഭവ് സൂര്യവംശിക്ക് വീണ്ടും അവസരം ലഭിക്കുമോ എന്ന് ആകാംക്ഷ

ഇഷാന്‍ ഇല്ല; വൈഭവിന് വീണ്ടും അവസരം, മൂന്നാം ടി20യില്‍ തിളങ്ങുമോ കൗമാര താരം?
dot image

ന്യൂസീലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ നിന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പുറത്തായതായി ബിസിസിഐ സ്ഥിരീകരിച്ചു. വലത് തുടയിലെ പേശിക്കേറ്റ നിസ്സാര പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരത്തിലും ഇഷാന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇഷാന് പകരം ടീമിലേക്ക് കുമാര്‍ കുശാഗ്രയെ ബിസിസിഐ ഉള്‍പ്പെടുത്തിയെങ്കിലും, രണ്ടാം ടി20യുടെ പ്ലെയിംഗ് ഇലവനില്‍ മാനേജ്മെന്റ് മൂന്നാം നമ്പറിലിറക്കിയത് വൈഭവ് സൂര്യവംശിയെയായിരുന്നു. എന്നാല്‍, 8 പന്തില്‍ 4 റണ്‍സ് മാത്രം നേടി കൗമാര ഓപ്പണര്‍ നിരാശാജനകമായി മടങ്ങുകയായിരുന്നു.

'ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ വലത് തുടയിലെ പേശിക്കേറ്റ നിസ്സാര പരിക്കില്‍ നിന്ന് ഇഷാന്‍ കിഷന്‍ സുഖം പ്രാപിച്ചുവരികയാണ്. എങ്കിലും അദ്ദേഹം ഇതുവരെ മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. അതിനാല്‍ ഒക്ടോബര്‍ 27-ന് വെല്ലിംഗ്ടണില്‍ നടക്കുന്ന മൂന്നാം ടി20 മത്സരത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുന്നു. ബിസിസിഐ മെഡിക്കല്‍ ടീം ഇഷാന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. കുമാര്‍ കുശാഗ്ര മൂന്നാം ടി20യിലും ടീമിനൊപ്പം തുടരും' -ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

മൂന്നാം ടി20 മത്സരത്തില്‍ നിന്നും ഇഷാന്‍ വീണ്ടും പുറത്തായതോടെ ടീം കോമ്പിനേഷനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. തന്റെ കരിയറിലുടനീളം ഓപ്പണറായി മാത്രം കളിച്ചിട്ടുള്ള സൂര്യവംശി, രണ്ടാം മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങിയപ്പോള്‍ ഒട്ടും സൗകര്യപ്രദമല്ലെന്ന് തോന്നിച്ചിരുന്നു. ഈ കൗമാര താരത്തെ ഓപ്പണിംഗിലേക്ക് തിരികെ കൊണ്ടുവരണമെന്നും, ഇഷാന്റെ അഭാവത്തില്‍ മൂന്നാം നമ്പറിലെ ഒഴിവിലേക്ക് സഞ്ജു സാംസണെ മാറ്റണമെന്നും രവിചന്ദ്രന്‍ അശ്വിന്‍, മുരളി കാര്‍ത്തിക് തുടങ്ങിയ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ആവശ്യപ്പെട്ടു.

'അവന്‍ ഒട്ടും പരിചയമില്ലാത്ത ഒരു സ്ഥാനത്ത് പെട്ടുപോയതുപോലെയാണ് തോന്നിയത്. ആ എട്ട് പന്തുകളിലും അവന്‍ ആക്രമിച്ചു കളിക്കാന്‍ തന്നെയാണ് ശ്രമിച്ചത്. എന്നാല്‍ ഒരിക്കല്‍ പോലും പന്ത് കൃത്യമായി ടൈം ചെയ്യാന്‍ അവന് സാധിച്ചില്ല. ഇത്തരം ഘട്ടങ്ങളിലാണ് ഒരു മുതിര്‍ന്ന താരം അടുത്തുചെന്ന്, 'ശാന്തനാകൂ, കുറച്ചുസമയം ക്രീസില്‍ നിലയുറപ്പിക്കൂ, ബോളിനെ കൃത്യമായി നിരീക്ഷിക്കൂ' എന്ന് പറയേണ്ടത്. മൂന്നാം നമ്പറില്‍ ആറാം ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുക എന്നത് അവന്റെ രീതിയല്ല' -അശ്വിന്‍ പറഞ്ഞു.

സൂര്യവംശിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അവന്‍ ഓപ്പണറായി തന്നെ കളിക്കണമെന്ന് മുരളി കാര്‍ത്തികും അഭിപ്രായപ്പെട്ടു. 'അവന്‍ എവിടെ കളിക്കുമ്പോഴാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത്? ഓപ്പണര്‍ എന്ന നിലയിലാണ് അവന്‍ മികച്ചവന്‍. എന്നാല്‍ നിങ്ങള്‍ അവനെ മിഡില്‍ ഓര്‍ഡറിലേക്ക് മാറ്റി. അവന്‍ അവിടെ ഇതുവരെ കളിച്ചിട്ടില്ല, കളി പഠിച്ചുവരുന്ന ഒരു കുട്ടിയാണ് അവന്‍, ഒറ്റ ശൈലിയില്‍ മാത്രമേ ബാറ്റ് ചെയ്തിട്ടുള്ളൂ. വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന അനുഭവസമ്പന്നരായ കളിക്കാര്‍ ടീമിലുള്ളത് ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ്. എന്റെ അഭിപ്രായത്തില്‍, അവര്‍ മത്സരം ജയിച്ചുവെന്നത് വേറെ കാര്യം, എന്നാല്‍ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നുണ്ടെങ്കില്‍ അവന്‍ ഇന്ന് ഓപ്പണ്‍ ചെയ്യണമായിരുന്നു' -കാര്‍ത്തിക് വ്യക്തമാക്കി.

content highlights: No Ishan; Vaibhav Gets Another Chance: Will the Teenager Shine in the 3rd T20I?

dot image
To advertise here,contact us
dot image